KERALALATESTPOLITICS

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ഇ ശ്രീധരന്റെ സേവനം തുടര്‍ന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു: കെ സുരേന്ദ്രന്‍

സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയാണെന്ന ബിജെപി നേതാവ് ഇ ശ്രീധരന്റെ പ്രഖ്യാപനത്തെ കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ഇ ശ്രീധരന്റെ സേവനം തുടര്‍ന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇ ശ്രീധരന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാര്‍ട്ടിക്ക് കൃത്യസമയത്ത് ലഭിക്കുന്നുണ്ട്. അദ്ദേഹം ബിജെപിയില്‍ സജീവമാണെന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കെ റെയില്‍ വിഷയത്തില്‍ ഉള്‍പ്പടെ ശ്രീധരന്റെ അഭിപ്രായം കേട്ട ശേഷമാണ് ബിജെപി നിലപാട് സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. തുടർന്നും ബിജെപിക്കും രാഷ്ട്രത്തിനും അദ്ദേഹത്തിന്റെ സേവനം ലഭിക്കും അതിനാലാണ് അദ്ദേഹത്തെ പാർട്ടി ദേശിയ നിവാഹക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കി മോട്രോമാന്‍ ഇ.ശ്രീധരന്‍ രംഗത്തെത്തി. താന്‍ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നും ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്നും ഇ.ശ്രീധരന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പലതും പഠിക്കാനായി. താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്നല്ല ഇതിനര്‍ത്ഥം. നയങ്ങളില്‍ മാറ്റം വരുത്തിയാല്‍ ബിജെപിക്ക് കേരളത്തില്‍ അധികാരത്തിലെത്താന്‍ സാധിക്കുമെന്നും നയങ്ങള്‍ തിരുത്താതെ രക്ഷയില്ലെന്നും ഇ ശ്രീധരന്‍ തുറന്നുപറഞ്ഞു.

ബിജെപി നേതൃത്വവുമായി ശ്രീധരന്‍ അകലുന്നുവെന്ന സൂചനയാണ് മെട്രോമാന്റെ വാക്കുകളിലുള്ളത്. പാലക്കാട്ടെ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം പാര്‍ട്ടി വേദികളില്‍ സജീവമല്ലല്ലോ എന്ന ചോദ്യത്തിനായിരുന്നു ഇ.ശ്രീധരന്റെ മറുപടി.

Related Articles

Back to top button