BREAKING NEWSNATIONAL

മാവോയിസ്റ്റ് സാന്നിധ്യം; കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി അമിത് ഷാ

ന്യൂഡല്‍ഹി: മാവോയിസ്റ്റ് സാന്നിധ്യമുള്ള കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങളുമായുള്ള അമിത് ഷായുടെ ചര്‍ച്ച ന്യൂഡല്‍ഹി നടന്നു. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന സുരക്ഷ വെല്ലുവിളികളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.
മധ്യപ്രദേശ്, തെലങ്കാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബീഹാര്‍, ഒഡീഷ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളം, പശ്ചിമബംഗാള്‍, ഛത്തീസ് ഗഡ്, ആന്ധ്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ച യോഗത്തില്‍ രണ്ട് ഘട്ടമായിട്ടാണ് ചര്‍ച്ചകള്‍ നടന്നത്. മവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന സുരക്ഷാവെല്ലുവിളി സായുധ സേനയുടെ പ്രവര്‍ത്തനങ്ങളുമാണ് ആദ്യഘട്ടത്തില്‍ അവലോകനം ചെയ്തത്.
സുരക്ഷ സംവിധാനങ്ങള്‍ കൂട്ടാന്‍ കേന്ദ്ര സഹായം വര്‍ധിപ്പിക്കുമെന്ന് യോഗത്തില്‍ അമിത് ഷാ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലുണ്ടായ മാവോയിസ്റ്റ് ആക്രമങ്ങളും അവയെ പ്രതിരോധിക്കാന്‍ സ്വീകരിച്ച് മാര്‍ഗങ്ങളും വിലയിരുത്തി. മാവോയിസ്റ്റ് വേട്ടയ്ക്കായി നിയോഗിക്കുന്ന പ്രത്യേക സംഘങ്ങളുടെ ആധുനികവല്‍ക്കരണം അടക്കമുള്ള നടപടികളും ചര്‍ച്ചയായി. നക്‌സല്‍ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനമായിരുന്നു രണ്ടാംഘട്ട അജണ്ട. പ്രദേശങ്ങളിലെ റോഡുകള്‍, പാലങ്ങള്‍, എന്നിവയുടെ നിര്‍മ്മാണവും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതും ഇവിടേക്ക് കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നത് സംബന്ധിച്ചും രണ്ടാംഘട്ടത്തില്‍ തീരുമാനമുണ്ടാകും.
നിലവില്‍ 45 ജില്ലകളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം വ്യാപകമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണ്ടെത്തല്‍. 2019ല്‍ 61 ജില്ലകളില്‍ മാവോയിസ്റ്റ് ഭീഷണിയുള്ളതായി കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയിരുന്നു.

Related Articles

Back to top button