BREAKING NEWSLATESTWORLD

മുന്നറിയിപ്പ് അവഗണിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: ജൂലായ് 19 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ജനിതകമാറ്റം വന്ന കോവിഡ് വൈറസുകളുടെ ഫാക്ടറിയാക്കി രാജ്യത്തെ മാറ്റരുതെന്ന ഗവേഷകരായ സര്‍ക്കാര്‍ ഉപദേഷ്ടാക്കളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാനമന്ത്രിയുടെ പുതിയ തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ ഉടന്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
മഹാമാരിയില്‍നിന്ന് സ്വാതന്ത്ര്യം എന്ന സര്‍ക്കാര്‍ ലക്ഷ്യം മുന്‍നിര്‍ത്തി കോവിഡ് ചട്ടങ്ങളില്‍ നേരത്തേതന്നെ ഇളവുകള്‍ നല്‍കിത്തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് മാര്‍ച്ചില്‍ സ്‌കൂളുകള്‍ തുറന്നത്. യു.കെ.യിലെ 86 ശതമാനം മുതിര്‍ന്നവര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഇളവുനല്‍കല്‍ തീരുമാനം. വരും ആഴ്ചകളില്‍ നൈറ്റ്ക്ലബ്ബുകള്‍, തിയേറ്ററുകള്‍, പബ്ബുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കുമെന്നും മാസ്‌ക്, കോവിഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കില്ലെന്നും അഭ്യൂഹങ്ങളുണ്ട്.
കോവിഡിനെതിരേ ഏറ്റവും ദൈര്‍ഘ്യമേറിയ ലോക്ഡൗണ്‍ നടപ്പാക്കിയ രാജ്യമാണ് ബ്രിട്ടന്‍. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിന്റെ ആഘാതത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് വൈകിയിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ യു.കെ.യിലെ കോവിഡ് ബാധിതരുടെ എണ്ണം മുന്‍ ആഴ്ചയെ അപേക്ഷിച്ച് 67 ശതമാനം കൂടുതലാണ്. എന്നാല്‍, മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞയാഴ്ച 122 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Related Articles

Back to top button