BREAKING NEWSKERALA

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മേല്‍നോട്ട സമിതിക്ക് പുതിയ സുരക്ഷാ പരിശോധന നടത്താം: സുപ്രീം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍ മേല്‍നോട്ട സമിതിക്ക് സമ്പൂര്‍ണ്ണ അധികാരം നല്‍കി സുപ്രീം കോടതി ഉത്തരവിറക്കി. അണക്കെട്ടില്‍ പുതിയ സുരക്ഷാ പരിശോധന മേല്‍നോട്ട സമിതിക്ക് നടത്താം. അണകെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കുള്ള പരാതികള്‍ മേല്‍നോട്ട സമിതിക്ക് പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പാര്‍ലമെന്റ് പാസ്സാക്കിയ ഡാം സുരക്ഷ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ദേശീയ ഡാം സുരക്ഷ അതോറിറ്റിയില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ആണ് മേല്‍നോട്ട സമിതിക്ക് സുപ്രീം കോടതി കൈമാറിയത്. അണക്കെട്ടിന്റെ പരിപാലനം ഉള്‍പ്പടെയുള്ള ഉത്തരവാദിത്വം ആണ് മേല്‍നോട്ട സമിതിക്ക് ലഭിക്കുക. അണക്കെട്ടിന്റെ സുരക്ഷ പരിശോധനയ്ക്ക് 2021 ലെ ദേശിയ ഡാം സുരക്ഷ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിഗണന വിഷയങ്ങള്‍ തയ്യാറാക്കാനും കോടതി സമിതിയോട് നിര്‍ദേശിച്ചു.
മുല്ലപ്പെരിയാറും ആയി ബന്ധപ്പെട്ട പരാതികള്‍ ഇനി മുതല്‍ മേല്‍നോട്ട സമിതി പരിഗണിക്കും. നാട്ടുകാര്‍ ഉള്‍പ്പടെ നല്‍കുന്ന പരാതികളില്‍ സമയ ബന്ധിതമായി സമിതി തീരുമാനം എടുക്കണം. സമിതിക്ക് ഏല്ലാ സഹായങ്ങളും സംസ്ഥാനങ്ങള്‍ നല്‍കണം. തീരുമാനങ്ങള്‍ നടപ്പിലാക്കുന്നു എന്ന് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ അവര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും കോടതി വ്യക്തമാക്കി.
ഡാം സേഫ്റ്റി ഓര്‍ഗനൈസേഷനിലെ ചീഫ് എന്‍ജിനീയര്‍ ഗുല്‍ഷന്‍ രാജ് ആണ് മുല്ലപെരിയാര്‍ മേല്‍നോട്ട സമിതിയുടെ അധ്യക്ഷന്‍. കേരളത്തിന്റെയും, തമിഴ്‌നാടിന്റെയും പ്രതിനിധികളായി അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കില്‍ പെട്ട ഉദ്യോഗസ്ഥരാണ് ഉള്ളത്. ഇവര്‍ക്ക് പുറമെ ഓരോ സാങ്കേതിക വിദഗ്ദ്ധരെ കൂടി മേല്‍നോട്ട സമിതിയിലെ അംഗങ്ങളായി സംസ്ഥാങ്ങങ്ങള്‍ക്ക് നിര്‍ദേശിക്കാം. രണ്ട് ആഴ്ചയ്ക്ക് ഉള്ളില്‍ സാങ്കേതിക വിദഗ്ദ്ധരുടെ പേര് കൈമാറണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
അണക്കെട്ടില്‍ അറ്റകുറ്റ പണി നടത്തുന്നത് സംബന്ധിച്ച തമിഴ്‌നാടിന്റെ ആവശ്യത്തില്‍ മേല്‍നോട്ട സമിതി തീരുമാനം എടുക്കും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ റൂള്‍ കെര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രമെന്റേഷന്‍ എന്നിവയും ആയി ബന്ധപ്പെട്ട് ജോ ജോസഫ് ഉള്‍പ്പടെ നല്‍കിയ വിവിധ ഹര്‍ജികളിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പടിവിച്ചത്. പെരിയാര്‍ പ്രൊട്ടക്ഷന്‍ മൂവേമെന്റ്, സേവ് കേരള ബ്രിഗേഡ് എന്നീ സംഘടനകളൂം, അജയ് ബോസ് എന്ന വ്യക്തിയും കോടതിയുടെ ഇടപെടല്‍ തേടി ഹര്‍ജികള്‍ ഫയല്‍ ചെയ്തിരുന്നു. കേസില്‍ കക്ഷി ചേരാന്‍ ഇടുക്കി എം പി ഡീന്‍ കുര്യാക്കോസും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Related Articles

Back to top button