BREAKING NEWSKERALA

‘സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം, പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല’ : ഹൈക്കോടതി

കൊച്ചി:സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്നാവര്‍ത്തിച്ച് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടും നടപടിയുമെടുക്കണം. പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.കഴിഞ്ഞ വര്‍ഷം സംയുക്ത ട്രേഡ് യൂണയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ഉണ്ടായിരുന്നത്. പണിമുടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല. പണിമുടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്നതും ശരിയില്ല. ഭരണകൂടം അങ്ങനെ ചെയ്യുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ചീഫ് ജസ്റ്റീസ് എസ് മണികുമാര്‍, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിലുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണം. സര്‍വ്വീസ് ചട്ടത്തിലെ റൂള്‍ 86 പ്രകാരം പണിമുടക്ക് നിയമവിരുദ്ധമാണ്. പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അന്നേദിവസത്തെ ശമ്പളം അനുവദിച്ചതും കോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരണിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. തിരുവനന്തപുരം സ്വദേശിയായ ചന്ദ്രചൂഡന്‍ ആണ് 48 പണിക്കൂര്‍ പണിമുടക്കിനെതിരെ കോടതിയെ സമീപിച്ചത്

Related Articles

Back to top button