1.25 ലക്ഷം ഡിസ്കവര്‍ 125 എം വാങ്ങാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇരുചക്രവാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡില്‍ നിന്ന് 1.25 ലക്ഷം ഡിസ്കവര്‍ 125 എം മോട്ടോര്‍ സൈക്കിളുകള്‍ വാങ്ങാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
നേരത്തെ ശ്രീലങ്കയിലെ വിതരണക്കാരായ ഡേവിഡ് പിയറിസ് മോട്ടോര്‍ കമ്പനി ലിമിറ്റഡ് വഴി ബജാജ് ഓട്ടോ ലിമിറ്റഡ് അര ലക്ഷം ഡിസ്കവര്‍ 125 എം സര്‍ക്കാരിനു നല്‍കാന്‍ കരാര്‍ ഒപ്പുവച്ചിരുന്നു. ഇതില്‍ 48,000 ബൈക്കുകള്‍ കൈമാറിയതായി ബജാജ് ഓട്ടോ ലിമിറ്റഡ്, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു.മുന്‍ ഓര്‍ഡറിന്റെ തുടര്‍ച്ചയായാണ് 1.25 ലക്ഷം ഡിസ്കവര്‍ 125 എം ബൈക്കുകള്‍ കൂടി വാങ്ങാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും ബജാജ് ഓട്ടോ വിശദീകരിച്ചു. വിശദ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണു ശ്രീലങ്കന്‍ സര്‍ക്കാര്‍ ഡിസ്കവര്‍ 125 എം തിരഞ്ഞെടുത്തതെന്നും മൂന്നു നാലു മാസത്തിനകം ഈ ബൈക്കുകള്‍ കൈമാറാനാവുമെന്നു കരുതുന്നതായും കമ്പനി വെളിപ്പെടുത്തി.
കമ്യൂട്ടര്‍ ബൈക്കുകള്‍ക്കായി വികസിപ്പിച്ച മൂന്നാം തലമുറ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കുന്ന ഡിസ്കവര്‍ 125 എസ് ടി, 125 ടി, 100 ടി, 100 എം എന്നിവയുടെ പിന്‍ഗാമിയായാണു ബജാജ് ഓട്ടോ ഡിസ്കവര്‍ 125 എം പുറത്തിറക്കിയത്. കാഴ്ചയില്‍ ഡിസ്കവര്‍ ശ്രേണിയുടെ സവിശേഷതകള്‍ പിന്തുടരുന്ന 125 എമ്മിലൂടെ കൂടുതല്‍ ഇന്ധനക്ഷമത ആഗ്രഹിക്കുന്നവരെയാണു ബജാജ് ഓട്ടോ ലക്ഷ്യമിട്ടത്. താരതമ്യേന കരുത്തേറിയ 125 സി സി എന്‍ജിനുള്ള ബൈക്കിനു ലീറ്ററിന് 76 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണു നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.
എക്‌സിക്യൂട്ടീവ് കമ്യൂട്ടര്‍ വിാഗത്തില്‍പെട്ട ഡിസ്കവര്‍ 125 എമ്മിന് 50,530 രൂപ(1.05 ലക്ഷം ശ്രീലങ്കന്‍ രൂപ)യാണു ഡല്‍ഹിയിലെ ഷോറൂമില്‍ വില.ബജാജ് ഓട്ടോയുടെ ഇരുചക്ര, ത്രിചക്ര വാഹനങ്ങളുടെ പ്രധാന കയറ്റുമതി വിപണിയാണു ശ്രീലങ്ക. കഴിഞ്ഞ 12 മാസത്തിനിടെ അര്‍ജന്റീനയും മെക്‌സിക്കോയുമടക്കം വിവിധ വിദേശ വിപണികളിലേക്കു ബജാജ് ഓട്ടോ കയറ്റുമി വ്യാപിപ്പിച്ചിരുന്നു. വൈകാതെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പ്രമുഖമായ ബ്രസീലില്‍ വില്‍പ്പന തുടങ്ങാനും ബജാജിനു പദ്ധതിയുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ 30ന് അവസാനിച്ച ത്രൈമാസത്തില്‍ ബജാജ് ഓട്ടോയുടെ മൊത്തം വില്‍പ്പനയുടെ 47% ആയിരുന്നു കയറ്റുമതിയുടെ വിഹിതം

You must be logged in to post a comment Login