10 രൂപയ്ക്ക് ഊണു നല്‍കുന്ന ‘ഹോട്ടല്‍ സരലയ’

12MN_HOTEL_2975735f
10 രൂപയ്ക്ക് ഊണു കിട്ടുന്ന ഒരിടമുണ്ട് ഇപ്പോഴും, നടത്തിപ്പുകാരന്‍ ഒരു മലയാളിയുമാണ്. കാസര്‍കോടുകാരനായ സുന്ദര സരലയയുടെ ‘ഹോട്ടല്‍ രാംപ്രസാദ്’. ഇവിടെയാണ് ഇന്നും 10 രൂപയ്ക്ക് ഊണു ലഭിക്കുന്നത്. എന്നാല്‍ ‘സരലയ ഹോട്ടല്‍’ എന്നു പറഞ്ഞാലാവും ഈ കട കണ്ടെത്താന്‍ എളുപ്പം. പക്ഷേ എന്തു ചെയ്യാം ഹോട്ടല്‍ സരലയ സ്ഥിതി ചെയ്യുന്നത് കേരളത്തിലല്ലെന്നു മാത്രം.

ദക്ഷിണ കര്‍ണാടകയിലെ പ്രശസ്തമായ സല്ലിയ താലൂക്കിലെ ശ്രീരാമപേട്ട എന്ന സ്ഥലത്താണ് ഈ കടയുള്ളത്. പ്രധാനമായും വിദ്യാര്‍ത്ഥികളാണ് സരലയയിലെ സ്ഥിരക്കാര്‍. കുറഞ്ഞ തുകയ്ക്ക് രുചികരമായ ഭക്ഷണം ലഭിക്കുന്ന ഇവിടം ഉച്ച ആയാല്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് നിറയും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി നയം നടപ്പാക്കുന്നതിനും വളരെ മുമ്പ് തന്നെ സുന്ദരത്തിന്റെ കടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണത്തിന്റെ വിലയില്‍ ഇളവുണ്ടായിരുന്നു. സുന്ദരത്തിന്റെ അച്ഛന്റെ മഹാമനസ്‌കതയും ദീര്‍ഘവീക്ഷണവുമായിരുന്നു ഇതിനു പിന്നില്‍. 1938 ല്‍ 1 രൂപയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നാലു ഊണു വരെ നല്‍കിയിരുന്നു.
കാസര്‍കോട് കാഞ്ഞങ്ങാട് താലൂക്കിലെ പനത്തടി ഗ്രാമത്തില്‍ നിന്നും 1938 ലാണ് സുന്ദരയുടെ അച്ഛന്‍ വെങ്കടരമണ സരലയ കര്‍ണാടകയിലെ സല്ലിയയിലേക്ക് ചേക്കേറിയത്. അവിടെ ഒരു ചെറിയ ഷെഡ്ഡില്‍ കടയാരംഭിച്ചു. 46 വര്‍ഷമാവുന്നു അച്ഛന്റെ കൈയില്‍ നിന്നും സുന്ദരം കടയുടെ ചുമതല ഏറ്റുവാങ്ങി നടത്താന്‍ തുടങ്ങിയിട്ട്. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു രൂപയ്ക്ക് നാല് ഊണ് എന്ന കണക്കില്‍ നിന്നും മൂന്ന് ഊണ്, രണ്ട് ഊണ്, ഒരൂണ് അങ്ങനെ 2014 ആയപ്പോഴേക്കും അഞ്ചു രൂപയ്ക്ക് ഒരൂണ് എന്ന കണക്കിലെത്തി. ഇപ്പോഴാണ് ഊണ് ഒന്നിനു 10 രൂപ ആയത്.

ചോറും സാമ്പാറും രസവും തോരവും കൂട്ടുകറിയും പച്ചമോരുമാണ് ഊണിന്റെ വിഭവങ്ങള്‍, കൂടെ വെണ്ണ ചേര്‍ത്ത പാലും. സുന്ദരയുടെ മകന്‍ രാഘവേന്ദ്ര സരലയയാണ് സരലയ ഹോട്ടലിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരന്‍.

ഒരു ദിവസം ചുരുങ്ങിയത് 200 പേരെങ്കിലും ഊണിനു മാത്രമായി ഈ കടയില്‍ എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ സാധനങ്ങളുടെ ഇന്നത്തെ കമ്പോള വിലയില്‍ ഈ തുകയ്ക്ക് ഊണു കൊടുക്കുന്നതില്‍ നഷ്ടമൊന്നുമില്ല. മാത്രമല്ല, ഊണ് ഒഴിച്ച് ബാക്കി വിഭവങ്ങള്‍ക്കെല്ലാം മറ്റു കടകള്‍ ഈടാക്കുന്ന തുക തന്നെയാണ് ഇവിടെയും ഈടാക്കുന്നത്.

മാത്രമല്ല, പൊതിഞ്ഞു കൊണ്ടുപോകുന്ന ഊണിന് 40 രൂപയാണ്. പിന്നെ കാറ്റരിങ് സര്‍വീസില്‍ നിന്നും അത്യാവശ്യം നല്ല വരുമാനം ലഭിക്കുന്നുണ്ട്. അതൊക്കെ തന്നെ ധാരാളം. ഇന്നും ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ വിഷമിക്കുന്നവര്‍ നമുക്കു ചുറ്റും ഏറെയുണ്ട്. അവര്‍ക്കായി ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഇത്രമാത്രമാണ്, സുന്ദര പറയുന്നു.

You must be logged in to post a comment Login