100 മീറ്റർ 11 സെക്കൻഡിൽ ; ആളെ കണ്ടെത്തി പരിശീലനത്തിനയച്ച് കായിക മന്ത്രി

100 മീറ്റർ ദൂരം 11 സെക്കൻഡിൽ പൂർത്തീകരിച്ചയാളെ കണ്ടെത്തി പരിശീലനത്തിനയച്ച് കായിക മന്ത്രി കിരൺ റിജിജു. മധ്യപ്രദേശുകാരനായ രാമേശ്വര്‍ സിങ് എന്ന 24കാരനെയാണ് മന്ത്രി ഭോപ്പായ് സായിയിൽ പരിശീലനത്തിനയച്ചത്. രാമേശ്വർ ബൂട്ടില്ലാതെ ഗ്രാമത്തിലെ ഏതോ റോഡിലൂടെ ഓടുന്ന വീഡിയോ പ്രചരിച്ചതോടെയാണ് മന്ത്രി ഇടപെട്ടത്.

ബിജെപി നേതാവായ ശിവരാജ് സിങ് ചൗഹാനാണ് ഇയാളെ കേന്ദ്ര കായിക മന്ത്രിയുടെ ശ്രദ്ധയിലേക്ക് എത്തിച്ചത്. ട്വിറ്ററിലൂടെ ചൗഹാന്‍ ഈ ഓട്ടക്കാരന്റെ വീഡിയോ ട്വീറ്റ് ചെയ്തു. ഒപ്പം റിജിജുവിനെ ടാഗ് ചെയ്ത ചൗഹാൻ ഇയാളെ പിന്തുണയ്ക്കണമെന്നും കഴിവ് മെച്ചപ്പെടുത്തണമെന്നും അഭ്യർത്ഥിച്ചു. ഇന്ത്യയിൽ കഴിവുള്ള ഒരുപാട് ആളുകളുണ്ടെന്നും കണ്ടെത്തി അവസരവും പിന്തുണയും നൽകിയാൽ അവർ ചരിത്രം രചിക്കുമെന്നും അദ്ദേഹം കുറിച്ചു.

പിന്നാലെ കിരണ്‍ റിജിജുവിന്റെ ട്വീറ്റെത്തി. ആരെങ്കിലും ഈ ഓട്ടക്കാരനെ എന്റെ അടുത്തെത്തിക്കു. ഞാന്‍ ഇയാള്‍ക്ക് പരിശീലനത്തിനുള്ള സൗകര്യമൊരുക്കാം എന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തന്നെ ആളെ തിരിച്ചറിഞ്ഞു. നേരത്തെ പറഞ്ഞതു പോലെ തന്നെ ആൾക്ക് മന്ത്രി പരിശീലന സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. സായ് ട്വീറ്റിലൂടെത്തന്നെ ഇക്കാര്യം അറിയിച്ചു. സായ് ഭോപ്പാലിലായിരിക്കും യുവാവിന് ഇനി പരിശീലനം. ഉടൻ തന്നെ അദ്ദേഹം സായിയിൽ ചേരുമെന്ന് അവർ അറിയിച്ചു.

അതേ സമയം, ടിടി നഗർ സ്റ്റേഡിയത്തിൽ നടന്ന ട്രയൽ റണ്ണിൽ അദ്ദേഹത്തിന് നല്ല പ്രകടനം നടത്താൻ സാധിച്ചില്ല. നിരവധി ആളുകളും സായ് പരിശീലകരും സന്നിഹിതരായിരുന്നതിനാൽ പകപ്പോടെയാണ് രാമേശ്വർ ഓടിയത്. ഒപ്പം പരിചിതമല്ലാത്ത റണ്ണിംഗ് ഷൂസുകളും സ്റ്റാർട്ടിംഗുമൊക്കെ അദ്ദേഹത്തിനു തടസ്സമായി. കൃത്യമായ പരിശീലനം നൽകിയാൽ രാമേശ്വർ മികച്ച ഒരു ഓട്ടക്കാരനാകുമെന്നാണ് മന്ത്രി ട്വീറ്റ് ചെയ്തത്.

You must be logged in to post a comment Login