നിത്യ യൗവനത്തിന്റെ ഗന്ധമാദനത്തില്‍

ഡോ.ദിവ്യ .എന്‍

 

ജീവിതഗന്ധങ്ങള്‍ എന്നും നിഗൂഢമായ മനുഷ്യ മനസ്സിന്റെ ഉള്ളറകളിലേക്കുള്ള താക്കോലാണ്. യൗവനത്തിനും കൗമാരത്തിനും മണങ്ങള്‍ അനവധിയാണ്. പണ്ടത്തെ കഥകളിലെ ഗന്ധര്‍വ്വ പ്രണയം പോലെ എല്ലാ പഴയ യൗവന കൗമാര മോഹങ്ങളിലും ഒരു സങ്കീര്‍ണ്ണ ഗന്ധം ഒളിച്ചിരുന്നു.

‘എന്ന് സ്വന്തം ജാനകിക്കുട്ടി’ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമായ ജാനകിക്കുട്ടി പാല പൂത്ത ഗന്ധം വീശുമ്പോള്‍ അവളുടെ കൂട്ടുകാരി കുഞ്ഞാത്തോലെന്ന യക്ഷിയെത്തും എന്ന് വിശ്വസിക്കുന്നു. പത്മരാജന്റെ ‘ഞാന്‍ ഗന്ധര്‍വ്വന്‍’ സിനിമയിലെ ഭാമയെന്ന യൗവ്വനയുക്തയായ നായികയുടെ ഗന്ധര്‍വ്വകാമുകന്റെ വരവില്‍ മുല്ലപ്പൂവിന്റെയുംപാലപ്പൂവിന്റെയും മാദകഗന്ധം വമിക്കുന്നു. കൗമാര യൗവനകാലങ്ങളിലെ സ്വപ്‌ന വീഥികളിലൊക്കെയും മോഹങ്ങളുടെ ഗന്ധങ്ങള്‍ പട്ടുമെത്ത വിരിച്ചിരുന്നു. ഗന്ധമെന്നും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും പര്യായം കൂടിയായിരുന്നു.

മിക്കപ്പോഴും അമ്മയുടെ വിയര്‍പ്പ് മണത്തില്‍ തുടങ്ങി അച്ഛന്റെ സോപ്പ് മണത്തിലൂടെ യാത്ര ചെയ്തു മുത്തശ്ശിയുടെ കുഴമ്പ് മണത്തിലെത്തിയാണ് വളര്‍ച്ചയുടെ ശൈശവ ബാല്യഘട്ടത്തില്‍ നമ്മള്‍ മണങ്ങളെ അറിഞ്ഞു തുടങ്ങിയത്.
മണം മനുഷ്യന് പലപ്പോഴും തിരിച്ചറിവന്റെ വഴിയായിരുന്നു. പരിഷ്‌കാര ലോകം അടിച്ചമര്‍ത്തിയ ജീവിതത്തിലെ നിശബ്ദത കാമനകളുടെ നിഷ്‌കളങ്കമായ ഇന്ദ്രിയാനുഭൂതി കൂടിയാണ് പലര്‍ക്കും കൗമാര യൗവ്വന കാലത്തിലെ മണങ്ങള്‍
ഇന്നത്തെ യുവതലമുറയിലെ ഗന്ധങ്ങള്‍ക്ക് വെവ്വേറെ രുചികളാണ്. അവരുടെ സ്വപ്‌നങ്ങള്‍ക്ക് പണ്ട് കാലത്ത് പാലപ്പൂവിന്റെയും തുളസിയുടെയും മാത്രമല്ല മോഡേണ്‍ ബോഡി പെര്‍ഫ്യൂമിന്റെയും സോപ്പുകളുടേയുംമണമുണ്ട് മിക്ക കൗമാരക്കാരും യൗവ്വനത്തതിലേക്ക് കാലൂന്നൂന്നവരും മണങ്ങള്‍ ആദ്യമായി ശ്രദ്ധിച്ചു തുടങ്ങുക പലപ്പോഴും വീട്ടില്‍ നിന്ന് ഹോസ്റ്റലിലേക്കും ജോലി സ്ഥലത്തെക്കുമുള്ള പറിച്ചു നടലിനു ശേഷമാണ്.

ഗൃഹാത്വരത്തിന്റെ നനുത്ത വിഷാദം കൊണ്ട് മൂടിയ കാലത്തിനു ശേഷമുള്ള അദ്ധ്യാപിക ജീവിതത്തില്‍ കേരളവര്‍മ്മ കോളേജിലെ വിമന്‍സ് ഹോസ്റ്റലില്‍ വളരെ ചുരുങ്ങിയ കാലം മാത്രമെ താമസിച്ചിട്ടുളളൂ എങ്കിലും ഹോസ്റ്റല്‍ വാസികളായ കുട്ടികള്‍ പാലപ്പൂവിന്റെ മണത്തിനെ കുറിച്ച് വാചാലമാകുന്നത് കേള്‍ക്കുമ്പോള്‍ പണ്ട് വായിച്ച ഐതിഹ്യമാലയിലെ യക്ഷിരൂപങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തുന്നു. തൃശൂരിനെന്നും ചരിത്രത്തിന്റെ മണമായിരുന്നു. ഓരോ സ്ഥലത്തിനും വേറിട്ട മനുഷ്യരെ പ്രത്യേക മണങ്ങളുമുണ്ടെന്ന് മനസിലായത് യാത്രകൡലാണ്.

യൗവ്വനത്തിനും കൗമാരത്തിനുമൊന്നും വിവിധ ഗന്ധാഭിരുചികള്‍ ഉണ്ടായിരുന്നു. ക്ഷുഭിത യൗവ്വനത്തിന് അന്നുമിന്നും പല ക്യാമ്പസ് കാന്റിനുകളിലെയും തട്ടുകടകളിലെയും മസാല ദേശയുടെ മണമായിരുന്നു. സാമ്പാര്‍, ദോശ മണത്തില്‍ കുടുങ്ങിയ ചര്‍ച്ചകള്‍ ഇന്നും പല കലാലയ സ്വപ്‌നങ്ങള്‍ക്കും ഹരം പകരുന്നു. കേരളയൂണിവേഴ്‌സിറ്റി പഠനകാലത്ത് പാളയം യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ കാന്റീന്‍ മണങ്ങള്‍ അവിടെയുള്ള മിക്ക വിദ്യാര്‍ത്ഥികളുടെ ചര്‍ച്ചകളെയും സംവാദങ്ങളെയും ഉത്തേജിപ്പിച്ചിരുന്നതായി ഓര്‍ക്കുന്നു,. യൗവ്വനകൗമാര കാലഘട്ടത്തില്‍് പലരുടെയും ആദ്യകാല പ്രണയത്തിനു നെസ് കഫേയുടെയും ബ്രൂ കാപ്പിയുടെയും രുചിഗന്ധമായിരുന്നു. ഇന്ത്യന്‍ കോഫി ഹൗസിലെ സായാഹ്ന മണങ്ങള്‍ പലപ്പോളും യൗവനകാലത്തില്‍ ഭക്ഷണത്തിന്റെ ഗന്ധം പോലെ തന്നെ ആവേശം പകരുന്ന ഒന്നാണ് ബോഡി സ്‌പ്രേയുടെയും അത്തറിന്റെയും മണം. ഉറൂബിന്റെയും എസ്. കെ. പൊറ്റക്കാടിന്റെയും കഥകളിലെ അത്തറു പൂശിയ സുന്ദരന്മാരും സുന്ദരികളും ഒരു തലമുറയുടെ യൗവ്വന മോഹങ്ങളെ ആകര്‍ഷിച്ചിരുന്നു. വാടകയ്ക്ക് കേരളത്തില്‍ അക്കരെ നിന്നെത്തുന്ന അത്തര്‍ പൂശിയ മണിമാരന് എണ്‍പതുകളുടെ ആദ്യ കാലഘട്ടത്തിലെ യുവസങ്കല്പങ്ങളില്‍ ഒന്നായിരുന്നു എന്ന് വായിച്ചിട്ടുണ്ട്.

യൗവ്വനം ഗന്ധങ്ങളുടെ അപകടകരമായ ഉന്മാത്താകാശം കൂടി തുറന്നുവയ്ക്കുന്നു. നിര്‍ഭാഗ്യവശാല്‍ സ്വപ്‌നങ്ങളുടെ അരാജകത്വത്തില്‍ പുത്തന്‍ ചിറകുകള്‍ തേടി പലരും മദ്യം സിഗരറ്റ് എന്നീ ലഹരി പദാര്‍ത്ഥങ്ങളുടെ ഗന്ധത്തിനു അടിമപ്പെടാറുണ്ട്. പലപ്പോഴും തിരിച്ചറിവിന്റെ പക്വതയാര്‍ന്ന അനുഭവ ഗന്ധമുള്ള മുതിര്‍ന്നവര്‍ക്ക് മാത്രമെ ഇവരെ രക്ഷപ്പെടുത്താനും സാധിക്കുകയുള്ളൂ.

എണ്‍പതുകളും തൊണ്ണുറുകളുടെ ആദ്യവും ലഹരിയുടെ ഗന്ധം വ്യാപകമായി സര്‍ഗാത്മകതയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്റെ ജോണ്‍ എന്ന കവിതയില്‍ പറഞ്ഞപോലെ കുപിത യൗവ്വനത്തിന്റെ ലോഹ ലൗകയിലെ ലഹരി മണങ്ങളില്‍ കയറി പലരും ആദ്യം തുഴഞ്ഞത് നിഷേധികളുടെ സര്‍ഗാത്മക ലോകത്തേക്ക് ആയിരുന്നു.

പഴയ പുസ്തക മണങ്ങളും യുവതലമുറയിലെ പലര്‍ക്കും എന്നും പ്രിയപ്പെട്ടതാണ്.സെക്കന്റ് ഹാന്‍ഡ് പുസ്തക കടയിലും പഴയ ലൈബ്രറി ഷെല്‍ഫിലെ മണങ്ങളിലും നമ്മളറിയാതെ നമ്മള്‍ ശ്വസിച്ചിരുന്നത് നമ്മുടെ ബാല്യവും യൗവ്വനവും തന്നെയായിരുന്നു.

പല യുവസ്വപ്‌നങ്ങളിലും ചില ഗന്ധങ്ങള്‍ സ്‌നേഹിക്കപ്പെട്ടത് പോലെ തന്നെ മറ്റു ചില ഗന്ധങ്ങള്‍ വെറുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.യൗവ്വനവും കൗമാരവും ഗന്ധങ്ങളെ സ്വീകരിക്കാന്‍ മാത്രമല്ല തിരസ്‌ക്കരിക്കാനും നമ്മള്‍ അറിയാതെ നമ്മളെ ശീലിപ്പിക്കുന്നു. പലരും ആശുപത്രിയുടെയും മരുന്നിന്റെയും മണങ്ങളെ വെറുത്ത് തുടങ്ങുന്നത് കൗമാരകാലത്താണ്. മരുന്നിന്റെ മണം വീണു കിടന്ന ഇടനാഴികള്‍ക്കെന്നും യൗവ്വന മോഹങ്ങളിലെ നിരാശയുടെ നിറം ആയിരുന്നു.

ഗന്ധങ്ങളിലെ സ്ത്രീ പുരുഷ വിവേചനം തിരിച്ചറിയാന്‍ നമ്മളാരംഭിക്കുന്നത് യൗവ്വനത്തിലും കൗമാരത്തിലുമാണ്. ആര്‍ത്തവ മണത്തെ വെറുക്കാന്‍ പഠിക്കുന്ന ഒരു സമൂഹത്തിലെ പുത്തന്‍ തിരിച്ചറിവുകളുടെ കാലഘട്ടത്തിലേക്ക് നമ്മള്‍ വലിച്ചെറിയപ്പെടുന്നതു ആ ജീവിത കാലഘട്ടത്തിലാണ്. ഒരു സ്ത്രീയുടെ ആത്മാവിന് ഗന്ധം എന്നുമവളുടെ ശരീരത്തിന്റേതു കൂടിയാണ് എന്ന് ഓരോ പെണ്ണും അറിഞ്ഞു തുടങ്ങിയത് അവളുടെ കൗമാരത്തിലാണ്.

സമൂഹവും സാഹിത്യവും പലപ്പോഴും പൗരുഷത്തെ സിഗരറ്റിന്റെയും മദ്യത്തിന്റെയും ഗന്ധവുമായിട്ടാണ് ബന്ധപ്പെടുത്തിയിട്ടുള്ളത്. വ്യവസ്ഥാ നിഷേധത്തിന്റെ ഭാഗമായി പുരുഷ ഗന്ധത്തെ സ്വീകരിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന യുവതികള്‍ പല എഴുത്തുകാരികളുടെ സാഹിത്യ സൃഷ്ടികളിലും ഉണ്ട്. മാധവിക്കുട്ടിയുടെ പല കഥകളിലും സിഗരറ്റിന്റെ പുരുഷ ഗന്ധത്തിനെ വെറുക്കുകയും സ്‌നേഹിക്കുകയും ചെയ്ത യുവതികളുണ്ട്. പൗരുഷത്തിനു സിഗരിന്റെയും മദ്യത്തിന്റെയും ഗന്ധമാണെന്ന് തെറ്റിദ്ധരിച്ചു വഴി തെറ്റിയ യുവാക്കളുടെ ലഹരി ഗന്ധത്തിനെതിരെ പ്രതികരിച്ച യുവതികളെ കഥകളില്‍ മാത്രമല്ല ജീവിതത്തിലും കണ്ടിട്ടുണ്ട്.

ഓരോ ജീവിത കാലത്തിനും ഓരോ മണമാണ്. നമ്മള്‍ ഇന്നും ഓര്‍ക്കുന്ന പല മണങ്ങളും പറയാതെ പോയ പ്രണയവും അറിയാതെ പോയ സ്‌നേഹവും എഴുതാതെ പോയ ഓര്‍മ്മക്കുറിപ്പുമായ് ;ഗന്ധങ്ങള്‍ക്ക് മരണമില്ല അവര്‍ നിത്യയൗവ്വനയുക്തരാണ്.

You must be logged in to post a comment Login