മോഹന്‍ലാലിന്റെ വര്‍ത്തമാനങ്ങള്‍

 

മോഹന്‍ലാല്‍ /ബി.ജോസുകുട്ടി

? ലാല്‍ ജോസുമായുള്ള ഒരു സിനിമ വളരെ നേരത്തെ പ്ലാന്‍ ചെയ്തതാണല്ലേ-
മുന്‍കൂട്ടി പ്ലാന്‍ ചെയ്തതെല്ലാം ശരിയാകണമെന്നില്ലല്ലോ ഓരോന്നിനും അതിന്റേതായ സമയുണ്ട്.

? പുതിയ കഥാപാത്രത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്
ഒരു കഥാപാത്രമല്ല. പല വേഷങ്ങളുണ്ട്. അധ്യാപകന്റെ പുരോഹതിന്റെ അങ്ങനെ പല രീതിയിലുണ്ട് വേഷപ്പകര്‍ച്ചകള്‍.അതെങ്ങനെ പറഞ്ഞാല്‍ ശരിയാവില്ല.കാണുന്നയാള്‍ക്ക് ഒരു റിസര്‍ട്ട് കിട്ടണമെങ്കില്‍ പൂര്‍ണമായും ആ സിനിമ കമ്മിറ്റ്ഡ് ആയി ആസ്വദിക്കണം.

? പ്രണവ് സിനിമയില്‍ വരികയാണല്ലോ
അതെ.ആ സിനിമയുടെ നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്. അയാളുടെ നിയോഗം അതാണെങ്കില്‍ അതങ്ങനെ തന്നെ വേണമല്ലോ. പിന്നെ, അവരുടെ ഭാവി അവര്‍ തീരുമാനിക്കട്ടെ. സിനിമയല്ലെങ്കില്‍ മറ്റൊന്ന്. വേറെ സ്‌പെയ്‌സ് ഉണ്ടല്ലോ. ഞാനൊക്കെ അഭിനയിക്കാന്‍ തുടങ്ങിയ കാലത്ത് തൊഴിലില്ലായ്മ രൂക്ഷമായിരുന്നു. ആദ്യത്തെ സിനിമ കൊണ്ട് രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ ജോലി തേടി വല്ല നാട്ടിലും പോകുമായിരുന്നു. (ചിരിക്കുന്നു.) ഇപ്പോള്‍ അങ്ങനത്തെ സാഹചര്യമൊന്നുമില്ല. സിനിമയില്ലെങ്കില്‍ വേറൊരു ചോയ്‌സ്. ധാരാളം ചെറുപ്പക്കാര്‍ ഇപ്പോള്‍ സിനിമയില്‍ വരുന്നു. പലരും അഭിനയം മാത്രമല്ല വരുമാനമായി കാണുന്നത്.

?മലയാള സിനിമ പ്രതിസന്ധിയിലാണല്ലോ
അങ്ങനൊരു പ്രതിസന്ധി ഉണ്ടെന്നു കരുതുന്നില്ല. വര്‍ഷാവര്‍ഷം പത്തുനൂറ്റമ്പത് സിനിമകളുണ്ടാകുന്നില്ലേ. അതൊരു വലിയ കാര്യം. പിന്നെ പ്രശ്‌നങ്ങളില്ലാത്ത മേഖലകളില്ലല്ലോ. അതൊക്കെയങ്ങനെ വരുംപോകും.

?ഓണത്തിനെന്താ പരിപാടി.
ഞാനിവിടൊക്കെത്തന്നെയുണ്ട്. പ്രണവിന്റെ സിനിമയുടെ ജോലികള്‍ ഓണസമയത്തൊക്കെയാണ് നടക്കുന്നത്. അതുകൊണ്ട് യാത്രാപരിപാടികളൊന്നുമില്ല, വീട്ടില്‍ തന്നെ ഓണം ആഘോഷിക്കാമെന്നു വിചാരിക്കുന്നു
? മറക്കാനാവാത്ത ഓണം ഓര്‍മ്മകള്‍ എന്തൊക്കെയാണ്
അതിപ്പോള്‍…. മറക്കേണ്ടതൊക്കെ മറന്നുകളയണം എത്ര മറക്കാന്‍ ശ്രമിച്ചാലും ചിലതൊക്കെ അങ്ങനെ നില്‍ക്കും. സിനിമയൊക്കെ സൗഭാഗ്യവുമായി വരുന്ന കാലത്തിനു മുമ്പ് തിരുവോണനാളില്‍ ഞാനും പ്രിയദര്‍ശനുമൊക്കെയായി പട്ടിണികിടന്നിട്ടുണ്ട് മദ്രാസ്സില്‍. മഞ്ഞില്‍ വിരിഞ്ഞ പൂവൊക്കെ ഉണ്ടാകുന്നതിനു മുമ്പാണ് അതൊക്കെ കേട്ടോ. (ചിരക്കുന്നു) അങ്ങനെയുള്ള ചില ഓര്‍മ്മകളൊക്കെ അങ്ങനെ കിടക്കും.

?ചില വ്യക്തികളെയും നമുക്കു മറക്കാനാവില്ലല്ലോ.
മോഹന്‍ലാല്‍ ഒരു കംപ്ലീറ്റായ ആക്ടറും മനുഷ്യനുമായിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ പല ലെജന്റസിന്റെ അധ്വാനവും ഊര്‍ജ്ജവുമുണ്ട്. അതു നമുക്ക് നിഷേധിക്കാനാവില്ല. അതെന്റെ അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും തുടങ്ങുന്നു. ആദ്യ സിനിമയുടെ നിര്‍മ്മാതാവായ നവോദയാ അപ്പച്ചന്‍ സര്‍, ജിജോ, ഫാസില്‍, സിബി മലയില്‍, പത്മരാജന്‍, എം.ടി സര്‍, ഭരതേട്ടന്‍, സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍,രഞ്ജിത് അങ്ങനെയങ്ങനെ അത് നീളുകയാണ്. മുമ്പ് നമ്മളെ അറിയാത്ത പലരും അങ്ങനെ തീരുമാനിക്കുകയാണ്, ഇയാളെ നമുക്ക് ശരിയാക്കിയെടുക്കാമെന്ന്.

? പുതുതലമുറ നടന്മാര്‍ക്ക് അങ്ങനൊരു പിന്തുണ ഇല്ലാതായിട്ടുണ്ട്.
ഏയ് അങ്ങനില്ല. അവര്‍ക്കും പലയാളുകളുടെയും കൈത്താങ്ങ് ഉണ്ടാകും അതവര്‍ ഓര്‍ത്തിരിക്കണം. കരിയറില്‍ സഹായിച്ചവരോടുള്ള കടപ്പാട് നമ്മളെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കി തീര്‍ക്കും.

? നായിക നടിമാര്‍ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് അഭിനയ ജീവിതത്തില്‍
അതൊക്കെ ചേര്‍ത്തുവെയ്‌ക്കേണ്ട കാര്യങ്ങളാണ്.അവരില്‍ നിന്നും ധാരാളം പഠിച്ചെടുത്തിട്ടുണ്ട്. ശോഭനയും പൂര്‍ണ്ണിമാ ജയറാമും രേവതിയും സീമയും മീനയും അങ്ങനെ പലരും. എല്ലാവരും അസാമാന്യ റേഞ്ച് പ്രകടിപ്പിച്ചവരാണ്. നമുക്ക് ഇന്‍സ്പിരേഷനാണ് അതെല്ലാം.

? എയ്റ്റീസിലൊക്കെ കൂടെ അഭിനയിച്ചവരുടെ കൂട്ടായ്മയൊക്കെ രൂപീകരിച്ചുണ്ടല്ലോ.
ങാ അതിപ്പോഴും തുടരുന്നുണ്ട്. ചില സോഷ്യല്‍ ആക്ടിവിക്ടിസൊക്കെ കമ്മിറ്റ്‌ചെയ്യുന്നുണ്ട്.

?അമ്മ സംഘടയുടെ പ്രവര്‍ത്തനങ്ങള്‍
ഓരേ മനസ്സോടെ ഐക്യത്തോടെയാണ് ഞങ്ങള്‍ മൂന്നോട്ടു പോകുന്നത്. ഒരു ജനാധിപത്യ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകാന്‍ എല്ലാവരും പിന്തുണയ്ക്കുന്നുണ്ട്.അവശരായ ആര്‍ട്ടിസ്റ്റുകള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നുണ്ട്.

? അഭിനയത്തിന്റെ ഇടവേളകൡ എന്തു ചെയ്യും
ഇടവേളകള്‍ വളരെ പ്രാധാന്യമുള്ളതാണ്. നമ്മെ റീചാര്‍ജ് ചെയ്യിക്കുന്ന കാര്യങ്ങള്‍ വേണം. അതിന്റെ ഇടം പ്രധാനമായും കുടുംബമാണ്. അവിടെ സ്വാതന്ത്ര്യത്തോടെ പെരുമാറുക, വായിക്കുക, എഴുതുക, ആക്ടിവിസ്റ്റാകുക, പിന്നെ നല്ലൊരു പാട്ടുകേള്‍ക്കുക, യാത്ര പോകുക അങ്ങനെ എന്തുമാകാം. സിനിമയെ നമുക്കു മാറ്റിവയ്ക്കാം, അവിടെയൊക്കെ നമുക്കു നമ്മളെ വീണ്ടെടുക്കാം. എന്റെ ഇമേജോ മാനറിസങ്ങളോ നമ്മളെ ഡിസറ്റര്‍ബ് ചെയ്യില്ല.ഇടവേളയില്‍ ഒരു സാധാരണക്കാരന്‍ മാത്രം.

?പുതിയ പ്രൊജക്ട് ഒടിയനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ.
അതിന്റെ വര്‍ക്‌സ് തുടങ്ങിയിട്ടുണ്ട്. ശ്രീകുമാര്‍ ആണ് സംവിധായകന്‍.

?സോഷ്യല്‍ മീഡിയാകളില്‍ സജീവമാണല്ലോ
ഒരു സാമൂഹ്യജീവി എന്ന നിലയില്‍ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളില്‍ അഭിപ്രായമുണ്ടാകണമല്ലോ? അങ്ങനെ തോന്നുന്നത് കുറിക്കും. അതിന് ആരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാറില്ല. ആരെയും മുറിപ്പെടുത്താനുമില്ല, അതിനു നമുക്കവകാശമില്ല.

? ചില സംവിധായകരുമായുള്ള സിനിമകള്‍ ഫാന്‍സുകാര്‍ മാത്രമല്ല സിനിമാ പ്രേക്ഷകരും പ്രതീക്ഷിക്കുന്നുണ്ട്.
അതൊക്കെ നടക്കുമ്പോള്‍ നടക്കട്ടെ എന്നാണെന്റെ അഭിപ്രായം. മോഹന്‍ലാല്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന ഒരു കാര്യവും ഈ ലോകത്തിലില്ല.

?സിനിമ സംവിധാനം ചെയ്യുമോ
ഈ ലോകത്തിലുള്ള സകല സംവിധായകരും ഇനി സംവിധാനം ചെയ്യാനില്ല എന്നു തീരുമാനിച്ച് മാറി നില്‍ക്കട്ടെ. അപ്പോള്‍ തീരുമാനിക്കാം…
(ചിരിക്കുന്നു.)

 

 

You must be logged in to post a comment Login