ഇന്ത്യന്‍ ടി.വിയിലേക്ക് യുട്യൂബ് വരുന്നു

വീഡിയോ പങ്കിടല്‍ സൈറ്റായ യുട്യൂബിനെ ഇന്ത്യയിലെ ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ ആരംഭിച്ചു. ഡി.ടി.എച്ച് സംവിധാനം വഴി യുട്യൂബിനെ ടി.വിയുമായി യോജിപ്പിക്കുകയെന്ന വിപ്ലവകരമായ ശ്രമമാണ് ഗൂഗിള്‍ നടത്തുന്നത്. എക്കണോമിക്‌സ് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ മാസത്തില്‍ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ യുട്യൂബ് കാണാനുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ ഏര്‍പ്പെടുത്തുമെന്ന് ഗൂഗിള്‍ ബ്ലാഗിലൂടെ അറിയിച്ചിരുന്നു. നവംബര്‍ അവസാനത്തോടെ യുട്യൂബിനായുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ വരുമെന്നാണ് ഗൂഗിളിന്റെ വാഗ്ദാനം.

ഗൂഗിളിലെ പല്‍റ്റ്‌ഫോം പാട്ണര്‍ഷിപ്പിന്റെ ആഗോള ഡയറക്ടറായ ഫ്രാന്‍സിസ്‌കോ വെരേലയെ ഉദ്ധരിച്ചാണ് എക്കണോമിക്‌സ് ടൈസം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ യുട്യൂബിന്റെ പ്രചാരം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ഗൂഗിളിന്റെ പുതിയ നീക്കം. യുട്യൂബ് സന്ദര്‍ശിക്കുന്നവരില്‍ 5.5ശതമാനവും(5.50കോടി) ഇന്ത്യയില്‍ നിന്നാണെന്നും ഫ്രാന്‍സിസ്‌കോ വെരേല വെളിപ്പെടുത്തുന്നു. 2012 ല്‍ 5000 കോടി ഡോളര്‍ (3.1 ലക്ഷം കോടി രൂപ) ആയിരുന്നു യൂട്യൂബില്‍ നിന്നുള്ള വരുമാനം. 2005ല്‍ ആരംഭിച്ച യുട്യൂബിനെ 2006 ഒക്ടോബറില്‍ 1.65 ബില്യണ്‍ ഡോളറിനാണ് ഗൂഗിള്‍ ഏറ്റെടുത്തത്. ഗൂഗിളിന്റെ വരുമാനം കഴിഞ്ഞ വര്‍ഷം 50 മില്യണ്‍ കടന്നതില്‍ യുട്യൂബിന്റെ പങ്ക് വലുതാണ്. ഡി.ടി.എച്ചിലും വരുന്നതോടെ മൊബൈലിലും കമ്പ്യൂട്ടറിലും ടിവിയിലും കാണാവുന്ന സംവിധാനമായി യുട്യൂബ് മാറുകയാണ്.

You must be logged in to post a comment Login