രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കില്‍; ഡോളറിന് 71.58 രൂപ; ഗള്‍ഫ് കറന്‍സികള്‍ പുതിയ ഉയരത്തില്‍

 

 

Indian Telegram Android App Indian Telegram IOS App

മുംബൈ: രൂപയുടെ വിനിമയ മൂല്യം 37 പൈസ കൂടി ഇടിഞ്ഞു. ഡോളറിന് 71.58 രൂപ എന്ന, എക്കാലത്തെയും ഏറ്റവും താഴ്ന്ന നിരക്കിലെത്തി. രൂപയുടെ മൂല്യം താഴുന്നതു തടയാന്‍ റിസര്‍വ് ബാങ്ക് ഇടപെട്ടില്ല. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില (എണ്ണ) ഉയരുന്നതും യുഎസില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനാല്‍ വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം ആഗോള നിക്ഷേപകര്‍ അവിടേയ്ക്കു മാറ്റുന്നതുമാണ് രൂപയടക്കമുള്ള കറന്‍സികള്‍ക്ക് തിരിച്ചടിയാകുന്നത്.

യുഎസും ചൈനയും കാനഡയുമൊക്കെ വ്യാപാര യുദ്ധത്തിലേക്കു നീങ്ങുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡോളറിന്റെ സ്വീകാര്യത കൂട്ടുന്നു. ഇന്ത്യയുടേതായ കാരണങ്ങളാലല്ല രൂപയുടെ ഇടിവെന്നതിനാല്‍ ഇടപെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.അര്‍ജന്റീന, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ഇന്തൊനീഷ്യ എന്നിവിടങ്ങളിലെ കറന്‍സികള്‍ക്കും മൂല്യം ഇടിയുകയാണ്. വ്യാപാരയുദ്ധം പടര്‍ന്നാല്‍ ഇത്തരം വികസ്വര രാജ്യങ്ങളിലെ വിപണികളെ ബാധിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍നിന്ന് ഇക്കൊല്ലം ഇതുവരെ 28 കോടി ഡോളര്‍ വിദേശ നിക്ഷേപം പിന്‍വലിക്കപ്പെട്ടു.

ഗള്‍ഫ് കറന്‍സികള്‍ പുതിയ ഉയരത്തില്‍

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് പുതിയ ഉയരങ്ങളിലായി. ഇന്നലെ യുഎഇ ദിര്‍ഹത്തിന് 19.44 രൂപയാണു ലഭിച്ചത്. എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്. സൗദി റിയാല്‍ 19.07, ഒമാന്‍ റിയാല്‍ 185.86, ബഹ്‌റൈന്‍ റിയാല്‍ 189.76, ഖത്തര്‍ റിയാല്‍ 19.43, കുവൈത്ത് ദിനാര്‍ 235.41 എന്നിങ്ങനെയാണ് മറ്റു ഗള്‍ഫ് കറന്‍സികളുടെ നിരക്ക്.

കഴിഞ്ഞ രണ്ടാഴ്ചയായി മിക്ക ദിവസവും റെക്കോര്‍ഡ് തിരുത്തിയാണു വിനിമയ നിരക്ക് ഉയരുന്നത്. മാസാദ്യമായതോടെ, നാട്ടിലേക്കു പണം അയയ്ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും മണി എക്‌സ്‌ചേഞ്ചുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നില്ല. ആറുമാസത്തിനുള്ളില്‍ വിനിമയ നിരക്കില്‍ രണ്ടു രൂപയോളമാണു വര്‍ധനയുണ്ടായത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും വലിയ വര്‍ധനയുണ്ടാകുന്നതും ആദ്യമായാണ്. ബാങ്കുകളില്‍ സൂക്ഷിച്ചിരുന്ന പണം, നിരക്ക് ഉയര്‍ന്ന സമയം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് അയയ്ക്കുന്നവരും ഉണ്ട്.

പലിശ ഉയര്‍ത്താന്‍ സാധ്യത

രൂപയുടെ വിനിമയ മൂല്യത്തില്‍ ഇടപെടില്ലെന്നാണ് സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നിലപാടെങ്കിലും ഇടിവു തുടര്‍ന്നാല്‍ പലിശ നിരക്ക് ഉയര്‍ത്തുന്നതുപോലെയുള്ള നടപടികളിലേക്കു നീങ്ങിയേക്കുമെന്നു വിവിധ ഏജന്‍സികള്‍. രൂപ വീഴുമ്പോള്‍ ഇറക്കുമതിസാധനങ്ങളുടെയെല്ലാം വില ഉയരുകയാണ്.

ഇന്ധനഇറക്കുമതിക്കായി വന്‍ തുക അധികം ചെലവിടേണ്ടിവരുന്നത് ഉദാഹരണം. രാജ്യം 81% എണ്ണയും ഇറക്കുമതിചെയ്യുകയാണ്. രാജ്യാന്തര എണ്ണവില ഏറ്റവും ഉയരെ നില്‍ക്കുന്ന കാലത്താണ് രൂപയുടെ മൂല്യത്തിലെ ഇടിവ് എന്നതു സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. ഇന്ധനവില ഉയരുമ്പോള്‍ സകലരംഗങ്ങളിലും വിലക്കയറ്റമുണ്ടാകും.

രൂപയുടെ വിനിമയ മൂല്യം ഇനിയും താഴുമെന്ന് എസ്ബിഐ ഗവേഷണ വിഭാഗം പറയുന്നു. റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ ഉയര്‍ത്തി രൂപയെ രക്ഷിക്കാന്‍ ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ മുതല്‍ ഇതുവരെ 6.2% ഇടിവാണ് രൂപയുടെ മൂല്യത്തില്‍.

പലിശ നിരക്ക് ഉയര്‍ത്തുന്ന രീതി ഇന്തൊനീഷ്യ പോലെ പല രാജ്യങ്ങളും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഉപകരിക്കുമെന്നല്ലാതെ ഇതുകൊണ്ടു കറന്‍സിക്കു നേരിട്ടു നേട്ടമില്ലെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് വിലയിരുത്തുന്നു. ഈയിടെ രണ്ടുതവണ റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ കൂട്ടിയിരുന്നു.

You must be logged in to post a comment Login