16 വയസിനുള്ളില്‍ 43,000 തവണ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഇന്ന് മനുഷ്യാവകാശ പ്രവര്‍ത്തക; പോരാട്ടം മനുഷ്യക്കടത്തിനെതിരെ

karla-jacinto
പന്ത്രണ്ടാം വയസില്‍ ജീവിതം എന്താണെന്നു പോലും തിരിച്ചറിയാത്ത ആ കാലത്താണ് കാര്‍ല ജാകിന്റ്റോ എന്ന പെണ്‍കുട്ടിക്ക് ലൈംഗിക തൊഴിലാളിയാകേണ്ടിവന്നത്. കളിപ്പാട്ടങ്ങളും പാഠപുസ്തകങ്ങളുമായി നടക്കേണ്ട പ്രായത്തില്‍ അവള്‍ മാറിമാറി പീഡനങ്ങള്‍ക്കിരയായി. പണവും പാരിതോഷികങ്ങളും നല്‍കി മനുഷ്യക്കടത്തിന്റെ ഒരു ഏജന്റ് അവളെ കുടുംബത്തില്‍ നിന്നും അടര്‍ത്തി മാറ്റുകയായിരുന്നു.

മെക്‌സിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഗ്വാഡലജാരയിലേക്കാണ് അവളെ ആദ്യം കൊണ്ടുപോയത്. അന്നുമുതല്‍ വേശ്യാവൃത്തിക്കു പ്രേരിപ്പിച്ചു. പതിനാറു വയസിനുള്ളില്‍ 43,000 തവണയാണ് അവള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. ഒരു ദിവസം ഏതാണ്ട് മുപ്പതു പുരുഷന്മാര്‍ക്കൊപ്പമെങ്കിലും കിടക്കേണ്ടി വന്നിട്ടുണ്ട്, തന്നെ പീഡിപ്പിച്ചതു സാധാരണക്കാര്‍! മാത്രമല്ല പൊലീസ് യൂണിഫോമിലുള്ളവരും ജഡ്ജിമാരും പാസ്റ്റര്‍മാരും പുരോഹിതരുമൊക്കെ ആ കൂട്ടത്തിലുണ്ടായിരുന്നുവെന്ന് കാര്‍ല പറയുന്നു. 2008ല്‍ ഭാഗ്യമെന്നോണം മനുഷ്യക്കടത്തു വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാര്‍ല രക്ഷിക്കപ്പെട്ടു.

ഇന്ന് ഇരുപത്തിനാലു വയസുണ്ട് കാര്‍ലയ്ക്ക്. തുടര്‍ച്ചയായി നേരിട്ട പീഡനങ്ങള്‍ പക്ഷേ അവളെ തളര്‍ത്തിയില്ല. ഇന്ന് അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണ് കാര്‍ല. ലൈംഗിക പീഡനങ്ങള്‍ക്കിരയായവരെ കണ്ടെത്തി അവര്‍ക്കു വേണ്ട കൗണ്‍സിലിങും ഉപദേശങ്ങളുമൊക്കെ നല്‍കി ലോകം മുഴുവനും സഞ്ചരിക്കുകയാണ് കാര്‍ല ഇപ്പോള്‍. വിഷയം സംബന്ധിച്ച ഗൗരവ ചര്‍ച്ചയ്ക്കായി വത്തിക്കാനിലെ പോപ് ഫ്രാന്‍സിസിനെ പോലും കാര്‍ല സന്ദര്‍ശിച്ചു. മെക്‌സിക്കോയില്‍ ഓരോ വര്‍ഷവും ഏതാണ്ട് ഇരുപതിനായിരത്തില്‍പ്പരം സ്ത്രീകള്‍ ഇരകളാകുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. മെക്‌സിക്കോയില്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന മനുഷ്യക്കടത്തിനെ സംബന്ധിച്ചു ബോധവല്‍ക്കരണം നടത്തുകയാണ് തന്റെ പ്രധാനലക്ഷ്യമെന്നു കാര്‍ല പറയുന്നു.

You must be logged in to post a comment Login