170 കോടി പരസ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം നീക്കം ചെയ്തതായി ഗൂഗിള്‍; നിരോധിച്ചത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍

ന്യൂഡല്‍ഹി: 170 കോടി പരസ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം നീക്കം ചയ്തതായി ഗൂഗിള്‍. നിയമങ്ങള്‍ ലംഘിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത പരസ്യങ്ങളാണ് നീക്കം ചെയ്തത്. വര്‍ഷാവര്‍ഷം ഗൂഗിള്‍ പുറത്തിറക്കുന്ന ‘ബെറ്റര്‍ ആഡ്‌സ് റിപ്പോര്‍ട്ടി’ലാണ് 2016ല്‍ നിരോധിച്ച പരസ്യങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അമ്പരപ്പിക്കുന്ന ഓഫറുകള്‍ പ്രഖ്യാപിച്ച് നിയമവിരുദ്ധമായ ഉല്‍പന്നങ്ങള്‍ പ്രചരിപ്പിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്ത കമ്പനികളുടെ പരസ്യങ്ങളാണ് ഗൂഗിള്‍ നിരോധിച്ചത്. ഇത്തരം 680 ലക്ഷം പരസ്യങ്ങളാണ് ഗൂഗിള്‍ വിലക്കിയത്. നിയമവിരുദ്ധമായ ചൂതാട്ടങ്ങള്‍ നടത്തിയ 170 ലക്ഷം പരസ്യങ്ങളും വിലക്കിയവയില്‍പെടും. പൊണ്ണത്തടി കുറക്കാമെന്ന് പരസ്യം നല്‍കി തട്ടിപ്പുനടത്തിയ 47,000 സൈറ്റുകള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ നടപടിയെടുത്തു. അനാവശ്യമായ സോഫ്‌റ്റ്വെയറുകള്‍ പ്രചരിപ്പിച്ച 15,000 സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാക്കി.

”ലോകമെങ്ങുമുള്ള ജനങ്ങള്‍ക്കും ബിസിനസുകാര്‍ക്കും പ്രയോജനപ്പെടുന്നതാണ് ഗൂളിലെ പരസ്യങ്ങള്‍. കൃത്യവും നിലവാരവുമുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കുക എന്നതാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. പക്ഷേ, മോശം പരസ്യങ്ങള്‍ ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്ക് വിനയായിത്തീരും. അത്തരം കമ്പനികളുടെ പരസ്യങ്ങളാണ് വിലക്കിയത്”, ഗൂഗിളിന്റെ പരസ്യവിഭാഗം ഡയറക്ടര്‍ സ്‌കോട്ട് സ്‌പെന്‍സര്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു. തട്ടിപ്പ് പരസ്യങ്ങള്‍ അപകടകാരിയായ വൈറസുകളെയും കമ്പ്യൂട്ടറുകളിലേക്ക് കടത്തിവിടുന്നതായി അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login