18 കോടിയുടെ കൈക്കൂലിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിജെപി മുന്‍ മന്ത്രി ഒളിവില്‍

ബംഗളൂരു: 18 കോടിയുടെ കൈക്കൂലിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിജെപി മുന്‍ മന്ത്രി ജി. ജനാര്‍ദ്ദന്‍ റെഡ്ഡി ഒളിവില്‍. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടത്തിവരികയാണെന്ന് ബംഗളൂരു പൊലീസ് കമ്മീഷണര്‍ ടി. സുനീല്‍ കുമാര്‍ അറിയിച്ചു.

നിരവധി അഴിമതിക്കേസുകളാണ് ജനാര്‍ദ്ദന്‍ റെഡ്ഡിക്കെതിരെയുള്ളത്. കര്‍ണ്ണാടകയിലെ വ്യവസായിയും ശക്തമായ രാഷ്ട്രീയ സ്വാധീനവുമുള്ളയാളാണ് ജനാര്‍ദ്ദന്‍ റെഡ്ഡി.

ബിഎസ് യെദ്യൂരപ്പ സര്‍ക്കാരിന്റെ കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തട്ടിപ്പ് നടത്തിയ അംബിഡെന്റ് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമസ്ഥന് ജാമ്യം ലഭിക്കുന്നതിന് വേണ്ടി 18 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ജനാര്‍ദ്ദന്‍ റെഡ്ഡിക്കെതിരെയുള്ള കേസ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റെഡ്ഡിയുടെ സഹായിക്ക് പണം കൈമാറിയതായി പൊലീസ് കണ്ടെത്തിരുന്നു.

നിക്ഷേപകരുടെ പക്കല്‍ നിന്നും 600 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് അംബിഡെന്റ് ഗ്രൂപ്പ് കമ്പനിയുടമ സയീദ് അഹ്മദ് ഫരീദിനെതിരെ യുണ്ടായിരുന്ന കേസ്. തുടര്‍ന്ന് ബംഗളൂരുവിലെ ഒരു ഹോട്ടലില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ജനാര്‍ദന്‍ റെഡ്ഡി സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയതായി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സയീദ് പറഞ്ഞിരുന്നു. റെഡ്ഡിയുടെ അടുത്ത സഹായിയായ അലിഖാന്‍ എന്നയാള്‍ക്കാണ് സയീദ് 18 കോടി കൈമാറിയതെന്നും ശേഷം ഈ തുക രമേശ് കോത്താരി എന്ന സ്വര്‍ണ്ണ വ്യാപാരിക്ക് നല്‍കുകയും അയാളത് 57 കിലോ സ്വര്‍ണ്ണമായി അലിഖാനെ തിരികെ ഏല്‍പ്പിച്ചുവെന്നുമായിരുന്നും സയീദിന്റെ മൊഴിയില്‍ പറയുന്നു.

ജനാര്‍ദന്‍ റെഡ്ഡിയും അലിഖാനും ഒളിവിലാണെന്നും ബംഗളൂരു പോലീസ് പറഞ്ഞു. റെഡ്ഡി സഹോദരന്‍മാര്‍ക്ക് വ്യക്തമായ സ്വാധീനമുണ്ടായിരുന്ന ബെല്ലാരി ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

You must be logged in to post a comment Login