2 കോടി ചിലവില്‍ നിര്‍മ്മിച്ച തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത് 30 കോടി

നവാഗതനായ ഗിരീഷ് എഡി അണിയിച്ചൊരുക്കിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ 30 കോടി രൂപയ്ക്ക് മുകളില്‍ ഗ്രോസ് കളക്ഷനിലേക്ക് എത്തിക്കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ട്രേഡ് അനലിസ്റ്റുകളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 1.75 കോടി മുതല്‍മുടക്കിലാണ് സിനിമ അണിയിച്ചൊരുക്കിയിരുന്നത്. യുഎഇ-ജിസിസി ബോക്സോഫീസുകളില്‍ നിന്നായി 10 ദിവസം കൊണ്ട് 11.27കോടി രൂപയാണ് സിനിമ നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രണ്ടു കോടിയോളം രൂപയ്ക്ക് നേരത്തെ എഷ്യാനെറ്റ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയിരുന്നു. സിനിമയുടെ ടോട്ടല്‍ ബിസിനസില്‍ നിന്നും നിര്‍മ്മാതാക്കള്‍ ഇതിനകം 20 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട് എന്നും കണക്കാക്കപ്പെടുന്നു. ആദ്യ ദിനങ്ങളില്‍ ലഭിച്ച മികച്ച സ്വീകാര്യതയും പ്രേക്ഷക പ്രതികരണങ്ങളുമെല്ലാം സിനിമയെ ഏറെ സഹായിച്ചിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച വരവേല്‍പ്പാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്.

മഴക്കെടുതിയില്‍ കേരളം വിറങ്ങലിച്ചപ്പോഴും പുറത്ത് മികച്ച പ്രകടനം തുടര്‍ന്ന ചിത്രം 25 ദിവസങ്ങള്‍ കൊണ്ടാണ് 30 കോടിയിലെത്തിയത്. ഇക്കൊല്ലം തീയറ്ററുകളില്‍ നിന്നും ഏറെ നേട്ടമുണ്ടാക്കിയ ചിത്രങ്ങളില്‍ നാലാമതാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ലൂസിഫര്‍, മധുരരാജ, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ സിനിമകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഉള്ളത്.

You must be logged in to post a comment Login