‘2014ൽ ഇതേ ദിവസം ഞങ്ങൾ ബുംറയെ വാങ്ങാൻ തീരുമാനിച്ചു; ബാക്കി ചരിത്രം’: വൈറലായി മുംബൈ ഇന്ത്യൻസിന്റെ പോസ്റ്റ്

ജസ്പ്രീത് ബുംറ എന്ന ഗുജറാത്തുകാരൻ പേസർ ലോക ക്രിക്കറ്റിൻ്റെ നെറുകയിലേക്ക് നടന്നുകയറിയത് വളരെ പെട്ടെന്നായിരുന്നു. 2013ൽ മുംബൈ ഇന്ത്യൻസിലൂടെ ഐപിഎൽ അരങ്ങേറ്റം കുറിച്ച ബുംറ 2016ൽ ഇന്ത്യൻ ദേശീയ ടീമിൽ ഇടം പിടിച്ചു. ആ വർഷം തന്നെ ഏകദിന ടീമിലും അരങ്ങേറിയ ബുംറ ഇന്ന് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ്. 2020ലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ഏറെക്കാലത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ബുംറക്ക് ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമായത്.

ഐപിഎൽ ടീം മുംബൈ ഇന്ത്യൻസ് പ്രൊഡക്ട് ആയിരുന്നു ബുംറ. 2013ലാണ് മുംബൈ ബുംറക്ക് ആദ്യമായി അവസരം നൽകുന്നത്. ആദ്യ മത്സരത്തിൽ തന്നെ 3 വിക്കറ്റിട്ടെങ്കിലും 19കാരനായ ബുംറ രണ്ട് മത്സരങ്ങൾ മാത്രമാണ് ആ സീസണിൽ കളിച്ചത്. ശേഷം വളരെ മികച്ച ഒരു ആഭ്യന്തര സീസൺ. 2014 ഐപിഎൽ ലേലത്തിൽ മുംബൈ ഇന്ത്യൻസ് വീണ്ടും ബുംറയെ ടീമിലെത്തിച്ചു. 1.2 കോടി രൂപക്കാണ് മുംബൈ വീണ്ടും ബുംറയെ ലേലത്തിൽ എടുത്തത്. പലരും ഈ തീരുമാനത്തിൽ സംശയം പ്രകടിപ്പിച്ചു. വില അധികമായെന്നും ഇത് നല്ല തീരുമാനം ആയില്ലെന്നും പലരും കുറ്റപ്പെടുത്തി. 2014 ലേലത്തിൽ ബുംറയെ വാങ്ങിയെന്നറിയിച്ചു കൊണ്ടുള്ള ട്വീറ്റും അതിനോടനുബന്ധിച്ചു നടന്ന ചർച്ചയും മുംബൈ ഇന്ത്യൻസ് ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. മേല്പറഞ്ഞ ട്വീറ്റുകളൊക്കെ കൂട്ടിച്ചേർത്താണ് മുംബൈ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. പോസ്റ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

മാർച്ച് 29നാണ് ഐപിഎൽ ആരംഭിക്കുക. മെയ് 24ന് മുംബൈയിൽ വെച്ച് ഫൈനൽ മത്സരം നടക്കും. നാലു മണിക്കും എട്ടു മണിക്കുമാണ് മത്സരങ്ങൾ നടക്കുക. 8 മണിക്കുള്ള മത്സരം 7.30ന് ആക്കണമെന്ന സ്റ്റാർ സ്പോർട്സിൻ്റെ ആവശ്യം ബിസിസിഐ തള്ളി. രണ്ട് മത്സരങ്ങൾ ആകെ അഞ്ചു ദിവസങ്ങളിൽ മാത്രമാണ് ഉണ്ടാവുക.

You must be logged in to post a comment Login