2017 കവസാക്കി നിഞ്ച 1000 ഇന്ത്യയില്‍ എത്തി; വില 9.98 ലക്ഷം രൂപ

2017 കവസാക്കി നിഞ്ച 1000 ഇന്ത്യയില്‍ എത്തി. 9.98 ലക്ഷം രൂപ ആരംഭവിലയിലാണ് സ്‌പോര്‍ട്‌സ് ടൂറര്‍, കവസാക്കി നിഞ്ച 1000 ഷോറൂമുകളില്‍ വരവറിയിക്കുക. 1043 സിസി ഇന്‍ലൈന്‍, ഫോര്‍ സിലിണ്ടര്‍ എന്‍ജിനിലാണ് കവസാക്കി നിഞ്ച 1000 ഒരുങ്ങിയിരിക്കുന്നത്. 140 ബിഎച്ച്പി കരുത്തും 111 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എന്‍ജിനില്‍ ബന്ധപ്പെട്ടിരിക്കുന്നത് 6 സ്പീഡ് ഗിയര്‍ബോക്‌സാണ്. ബിഎസ് 1V നിര്‍ദ്ദേശങ്ങള്‍ പാലിച്ചെത്തുന്ന എന്‍ജിനില്‍ പുതുക്കിയ ഇസിയു ഘടനയാണ് കവസാക്കി ഒരുക്കിയിരിക്കുന്നത്. വൈബ്രേഷന്‍ കുറയ്ക്കുന്നതിനായി ക്രാങ്ക്ഷിഫ്റ്റില്‍ സെക്കന്‍ഡറി ബാലന്‍സറും പുതിയ മോഡലില്‍ ഇടംപിടിക്കുന്നു.

ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് മാനേജ്‌മെന്റ് സിസ്റ്റം, വീലി കണ്‍ട്രോള്‍, എബിഎസ് എന്നിവ ഉള്‍പ്പെടുന്ന 6 ആക്‌സിസ് ബോഷ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റും നിഞ്ച 1000 മോഡലില്‍ ഇടംപിടിക്കുന്നു. പുതിയ ലിറ്റര്‍ നിഞ്ചയില്‍ മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകളാണുള്ളത്. പുതുക്കിയ ലിങ്കേജ് റേഷ്യോയുടെ അടിസ്ഥാനത്തില്‍ 5 എംഎം കുറഞ്ഞ് 815 എംഎം സീറ്റ് ഹൈറ്റാണ് നിഞ്ച 1000 കൈവരിച്ചിരിക്കുന്നത്. ഡിസൈന്‍ മുഖത്ത് അഗ്രസീവ് ഡ്യൂവല്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ശ്രദ്ധേയമാണ്.

മൂന്ന് പൊസിഷനില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ബബിള്‍ വിന്‍ഡ്‌സ്‌ക്രീനാണ് കവസാക്കി നിഞ്ച 1000 ല്‍ ഉള്ളത്. ഇന്‍സ്ട്രമെന്റല്‍ പാനലിന് കീഴിലുള്ള റിലീസ് ബട്ടണ്‍ മുഖേന വിന്‍ഡ് സ്‌ക്രീന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയും. വലുപ്പമേറിയ അനലോഗ് ടാക്കോമീറ്ററും, ഗിയര്‍ പോസിഷന്‍ ഇന്‍ഡിക്കേറ്ററോട് കൂടിയുള്ള മള്‍ട്ടിഫംങ്ഷന്‍ എല്‍സിഡി സ്‌ക്രീനും പുതിയ ഇന്‍സ്ട്രമെന്റ് പാനലിന്റെ ഭാഗമാകുന്നു. സുസൂക്കി GSXS1000F, ബിഎംഡബ്ല്യു R1200RS മോഡലുകളോടാണ് വിപണിയില്‍ കവസാക്കി നിഞ്ച 1000 മത്സരിക്കുക.

You must be logged in to post a comment Login