2019 ലോകകപ്പില്‍ നിന്നും പാകിസ്താന്‍ പുറത്തായേക്കും ?ഐസിസിയുടെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാമത്


2019 ഏകദിന ലോകകപ്പില്‍ പാകിസ്താന് യോഗ്യത നേടാനുള്ള പാകിസ്താന്റെ സാധ്യതകള്‍ ഇല്ലാതാകുന്നു. ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങിലെ ടീമിന്റെ സ്ഥാനമാണ് പാകിസ്താന് ഭീഷണിയാകുന്നത്. 89 പോയിന്റുമായി റാങ്കിങ്ങ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പാകിസ്താന്‍. തൊട്ടുമുന്നില്‍ ബംഗ്ലാദേശും പിന്നില്‍ വിന്‍ഡീസും. ആതിഥേയരായ ഇംഗ്ലണ്ടും റാങ്കിങ്ങില്‍ ആദ്യ ഏഴ് സ്ഥാനത്ത് നില്‍ക്കുന്ന ടീമുകളും ലോകകപ്പിന് നേരിട്ട് യോഗ്യത നേടും.

അടുത്ത സെപ്തംബര്‍ 30ലെ റാങ്കിങ്ങ് ആയിരിക്കും ഇതിന് മാനദണ്ഡമാക്കുക. 2019 മെയ് 30 മുതല്‍ ജൂലൈ 15 വരെയാണ് ഏകദിന ലോകകപ്പ്. ബംഗ്ലാദേശിനെതിരെ ആണ് പാകിസ്താന്റെ അടുത്ത ഏകദിന പരമ്പര. ഫെബ്രുവരിയില്‍ യുഎഇയിലാണ് മത്സരങ്ങള്‍. രണ്ട് ടെസ്റ്റുകളിലും മൂന്ന് ഏകദിനങ്ങളിലും ഒരു ട്വന്റി 20 മത്സരത്തിലും ഇരുടീമുകളും ഏറ്റുമുട്ടും. ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് പിന്നാലെ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ വീന്‍ഡീസിനെതിരെ പരമ്പരയിലും പാകിസ്താന്‍ കളിക്കും. വിന്‍ഡീസ് പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളിലും മൂന്ന് ഏകദിനങ്ങളിലും രണ്ട് ട്വന്റി 20 മത്സരങ്ങളിലും പാക് ടീം കളത്തിലിറങ്ങും.

ജൂണ്‍ ഒന്ന് മുതല്‍ 18 വരെ ബ്രിട്ടണിലാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ്. മേല്‍പരമ്പരകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത് റാങ്കിങ്ങില്‍ കുതിപ്പുണ്ടാക്കിയാല്‍ മാത്രമേ പാകിസ്താന് നേരിട്ട് യോഗ്യത നേടാന്‍ കഴിയൂ. ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ മൂന്നാമതാണ് ഇന്ത്യ. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

You must be logged in to post a comment Login