2040ഓടെ കാറുകളുടെ എണ്ണം ഇരട്ടിയാകും; ഇന്ധന ഉപയോഗം കുറയും

 

ന്യൂഡല്‍ഹി: 2040ഓടെ ലോകത്ത് കാറുകളുടെ എണ്ണം ഇരട്ടിയാകും. നിലവിലെ 110 കോടിയില്‍നിന്ന് 200 കോടി കാറുകളായാണ് വര്‍ധിക്കുക. ഇതേകാലയളവില്‍ വാണിജ്യവാഹനങ്ങളുടെ എണ്ണം 22.4 കോടിയില്‍നിന്ന് 46.3കോടിയായും വര്‍ധിക്കും.

ലോകത്ത് ഓരോ മിനുട്ടിലും 75 കാറുകളാണ് വില്‍ക്കുന്നത്. അതായത് ഒരു സെക്കന്റില്‍ 1.18 കാറുകള്‍ വിറ്റുപോകുന്നുവെന്നര്‍ഥം. നിലവില്‍ ഏഴുപേര്‍ക്ക് ഒരു കാറ് എന്നതുമാറി 2040ല്‍ അഞ്ചു പേര്‍ക്ക് ഒരു കാറ് എന്നാകും. ജനപ്പെരുപ്പം, സാമ്പത്തിക വളര്‍ച്ച, വരുമാന വര്‍ധന, നഗരവത്കരണം തുടങ്ങിയവയാണ് കാറുകളുടെ വില്‍പ്പനയെ സ്വാധീനിക്കുക.

വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുമെങ്കിലും ഇന്ധന ഉപയോഗത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകില്ല. 2030ഓടെ ഇന്ധന ഉപഭോഗം ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തും. പ്രതിദിനം 2.67 കോടി ബാരലായാണ് ഉയരുക. ഒപെകിന്റേതാണ് നിരീക്ഷണം. തുടര്‍ന്ന് അങ്ങോട്ട് ഇന്ധന ഉപയോഗത്തില്‍ നേരിയതോതില്‍ ഇടിവുണ്ടാകും. 2040 ഓടെ 2.64 കോടി ബാരലാകും പ്രതിദിന ഉപയോഗം. നിലവില്‍ പ്രതിദിന ഉപയോഗം 2.44 കോടി ബാരലാണ്.

കാറുകളുടെ വില്പനയില്‍ ഇന്ത്യയും ചൈനയുമാകും മുന്നില്‍. 15.7 കോടി കാറുകളും 30.6 കോടി യാത്രാവാഹനങ്ങളും ഈരാജ്യങ്ങളില്‍ വര്‍ധിക്കും. ഇന്ത്യയില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ എട്ട് ഇരട്ടി വര്‍ധനയാകും ഉണ്ടാകുക. 2016ലെ 2.3 കോടിയില്‍നിന്ന് 2040ഓടെ 17.9 കോടിയായി ഉയരും.

You must be logged in to post a comment Login