വാങ്കഡെ കാത്തിരിക്കുന്നു , സച്ചിന്റെ അവസാന മത്സരത്തിനായി…

സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റിന് നാളെ വാങ്കഡെയില്‍ തുടക്കമാകും. ക്രിക്കറ്റ് ഇതിഹാസത്തിന്റെ അവസാന ടെസ്റ്റിനായി ഗംഭീര ഒരുക്കങ്ങളാണ് മുംബയ് ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്. സച്ചിന്റെ ചിത്രമുള്ള ടിക്കറ്റാണ് മത്സരത്തിനായി അച്ചടിച്ചിരിക്കുന്നത്. ടിക്കറ്റിന്റെ മറുവശത്ത് സച്ചിന്റെ കരിയറിന്റെ രേഖാചിത്രം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 22 ജോര്‍ഴ്‌സികള്‍ കളത്തിലിറങ്ങും, പക്ഷേ എല്ലാ കണ്ണുകളും ഉറ്റു നോക്കുന്നത് സച്ചിന്‍ എന്ന മഹാ വിസ്മയത്തെ കാണുവാനായി മാത്രമായിരിക്കും കാത്തിരിക്കുക. സച്ചിന് വേണ്ടി മാത്രം ആര്‍പ്പുവിളിക്കാനാണ് വാങ്കഡെയില്‍ ഓരോ ആരാധകനും എത്തുന്നത്.

 

 

സച്ചിന്റെ അവസാന മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ ബ്രയാന്‍ലാറ ഉള്‍പ്പെടെയുള്ള മുന്‍കാല ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും സംബന്ധിക്കുന്ന വലിയ ചടങ്ങായിരിക്കും വാങ്കഡയില്‍ നടക്കുന്നത്. ആദ്യമായി സച്ചിന്റെ അമ്മയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും ബാറ്റിംഗ് ഇതിഹാസത്തിന്റെ കളി കാണാനായി സ്‌റ്റേഡിയത്തിലെത്തുമെന്നുള്ളതും സച്ചിനോടുള്ള ആദരവിനെ വ്യക്തമാക്കുന്നു. സച്ചിന്റെ അമ്മ രജനിക്ക് ഗാലറിയില്‍ വീല്‍ ചെയറില്‍ സഞ്ചരിക്കാന്‍ ഉള്ള സൗകര്യങ്ങളും അധികൃതര്‍ ചെയ്തിട്ടുണ്ട്.

സച്ചിന്റെ വിടവാങ്ങല്‍ മത്സരമായതിനാല്‍ വെറുമൊരു ടെസ്റ്റ് എന്നുള്ളതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള രണ്ടാം മത്സരം.എന്നാല്‍ ക്രിക്കറ്റ് ദൈവത്തിന്റെ ഫോം ആശങ്ക ജനിപ്പിക്കുന്നു. എങ്കിലും പ്രതീക്ഷയോടെയാണ് കായിക പ്രേമികള്‍ ഈ മത്സരത്തെ നോക്കി കാണുന്നത്. കൊല്‍ക്കത്തയില്‍ 10 റണ്‍സിന് സച്ചിന്‍ പുറത്തായതും ക്രിക്കറ്റ് ആരാധകര്‍ക്ക് ആശങ്ക ജനിപ്പിക്കുന്നു. എന്നാല്‍, കൊല്‍ക്കത്തയില്‍ നേടിയ ഇന്നിംഗ്‌സ് ജയം ടീമിന്റെ ആത്മവിശ്വാസം ഏറെ വര്‍ധിപ്പിച്ചിട്ടുണ്ട്.

24 വര്‍ഷം ഇന്ത്യന്‍ ടീമിന്റെ ഭാഗധേയം നിര്‍ണ്ണയിച്ച പ്രതിഭക്ക് മികച്ചൊരു വിജയത്തിലൂടെ ആദരമൊരുക്കാനാകും ഇന്ത്യന്‍ ടീം മത്സരത്തിനിറങ്ങുക. വ്യാഴാഴ്ച തുടങ്ങുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരത്തിന്റെ ടിക്കറ്റ് വിതരണം, വെബ്‌സൈറ്റിന്റെ തകരാറുമൂലം തടസ്സപ്പെട്ടിരുന്നു. ഒരേ സമയം നിരവധിപേര്‍ സൈറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതോടെ സൈറ്റ് ഡൗണാവുകയായിരുന്നു.മത്സരം നടക്കുന്ന വാങ്കഡേ സ്‌റ്റേഡിയത്തില്‍ 30,000 ഏറെ ഇരിപ്പിടങ്ങള്‍ ഉണ്ടെങ്കിലും 5000 ടിക്കറ്റുകള്‍ മാത്രമാണ് ഓണ്‍ലൈനിലൂടെ സാധാരണക്കാര്‍ക്ക് നല്‍കിയത്.

വെസ്റ്റിന്‍ഡീസ് ടീം വാങ്കഡെയില്‍ പ്രാക്ടീസ് നടത്തിയിരുന്നു. സ്വന്തം തട്ടകത്തില്‍ അവസാന മത്സരത്തില്‍ സച്ചിന്‍ ഉഗ്രരൂപം പ്രാപിക്കണമെന്ന പ്രാര്‍ത്ഥനയിലാണ് വാംങ്കഡയിലെത്തുന്ന ഓരോ ആരാധകനും. ബാറ്റുകൊണ്ടും് പരാജയപ്പെട്ടെങ്കിലും പന്തുകൊണ്ട് കാണികളെ ത്രസിപ്പിച്ചു ഈഡനില്‍ ക്രിക്കറ്റ് ദൈവം.വാങ്കഡെയിലും സച്ചിനെ ധോണി പന്തേല്‍പ്പിക്കാനാണ് സാധ്യത.
വി.ഐ.പികള്‍ കൂടുതലായി എത്തിത്തുടങ്ങിയതോടെ നഗരത്തില്‍ എല്ലാ ഭാഗവും പൊലീസ് നിരീക്ഷണത്തിലാണ്.മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുംബയ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ശരത്പവാര്‍ അറിയിച്ചു. ടെസ്റ്റിന് ടോസിടാനുള്ള നാണയം പ്രത്യേകതയുള്ളതായിരിക്കുമെന്നും പവാര്‍ പറഞ്ഞു.

You must be logged in to post a comment Login