22ാം വയസില്‍ നിറയെ അവസരങ്ങള്‍ ഉള്ളപ്പോള്‍ അഭിനയം നിര്‍ത്തേണ്ടി വന്നതില്‍ കുറ്റബോധം ഉണ്ട്: സിനിമയില്‍ രണ്ടാം വരവിന് ഒരുങ്ങുന്ന ലിസി പറയുന്നു

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് നടി ലിസി. പ്രിയദര്‍ശനുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്. യാത്രയും യോഗയുമായി ജീവിതം മുന്നോട്ടു നയിച്ച ലിസിക്ക് വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. മകള്‍ കല്ല്യാണി സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിടെയാണ് ലിസി രണ്ടാം വരവിന് ഒരുങ്ങുന്ന വിവരവും പുറത്തുവരുന്നത്.

പ്രിയദര്‍ശനെ വിവാഹം കഴിച്ചു സിനിമയില്‍ നിന്നു പിന്മാറിയ ലിസിയുടെ രണ്ടാം വരവു തെലുങ്കിലാണ്. കൃഷ്ണ ചൈതന്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പവന്‍ കല്ല്യാണും ത്രിവിക്രം ശ്രീനിവാസും സുധാകര്‍ റെഡ്ഡിയും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിഥിനും മേഘയുമാണ് പ്രധാന താരങ്ങള്‍.

ചിത്രത്തില്‍ താന്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നു ലിസി പറയുന്നു. 1994 ല്‍ സോമനാഥ് സംവിധാനം ചെയ്ത ചാണക്യസൂത്രത്തിലാണു ലിസി അവസാനമായി വേഷമിട്ടത്. 22ാം വയസില്‍ നിറയെ അവസരങ്ങള്‍ ഉള്ളപ്പോള്‍ അഭിനയം നിര്‍ത്തേണ്ടി വന്നതില്‍ കുറ്റബോധം ഉണ്ട് എന്നു ലിസി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇന്നും കുറ്റബോധം തോന്നുന്ന തീരുമാനമാണത്. തീര്‍ച്ചയായും നഷ്ട്ടപ്പെട്ട ആ കാലവും ആ വേഷവും ഇനി തിരിച്ചു കിട്ടില്ല. രണ്ടാം ഇന്നിങ്‌സില്‍ കൂടുതല്‍ മെച്ചമാകുമെന്നാണു പ്രതീക്ഷ എന്നു ലിസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

You must be logged in to post a comment Login