22 പേർക്കെതിരെയാണ് താൻ കളിച്ചിരുന്നത്; പാക് ടീമിലെ ഒത്തുകളിയെപ്പറ്റി വെളിപ്പെടുത്തലുമായി അക്തർ

പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ഒത്തുകളിയെപ്പറ്റി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാക്ക് പേസർ ഷൊഐബ് അക്തർ. 22 (21) പേർക്കെതിരെയായിരുന്നു താൻ കളിച്ചിരുന്നതെന്നാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. മുഹമ്മദ് ആമിറും മുഹമ്മദ് ആസിഫും സ്വയം തങ്ങളെ വിൽക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘റിവൈൻഡ് വിത്ത് സമീന പീർസാദ’ എന്ന ചാറ്റ് ഷോയിലായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.

“ഒരിക്കലും എനിക്ക് പാകിസ്താനെ വഞ്ചിക്കാന്‍ കഴിയില്ല. മാച്ച് ഫിക്സിംഗ് നടത്താനാവില്ല. ഞാൻ ഒത്തുകളിക്കാരാൽ ചുറ്റപ്പെട്ടിരുന്നു. ഞാൻ 22 (21) പേർക്കെതിരെയാണ് കളിച്ചിരുന്നത്. എതിർ ടീമിലെ 11 പേർക്കെതിരെയും സ്വന്തം ടീമിലെ 10 പേർക്കെതിരെയും. ആരൊക്കെയാണ് ഒത്തുകളിക്കാരെന്ന് ആർക്കാണ് അറിയുക. ഒത്തുകളി ഒരുപാടുണ്ടായിരുന്നു. ഏതൊക്കെ മാച്ചിൽ, എങ്ങനെയൊക്കെയാണ് അവർ ഒത്തു കളിച്ചതെന്ന് ആസിഫ് എന്നോട് പറഞ്ഞിട്ടുണ്ട്.”- അക്തർ പറഞ്ഞു.

“ഞാൻ ആമിറിനും ആസിഫിനും കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചതാണ്. ഇതേപ്പറ്റി കേട്ടപ്പോൾ, ആകെ അസ്വസ്ഥനായ ഞാൻ മതിലിൽ ഇടിച്ചു. പാകിസ്താൻ്റെ മികച്ച രണ്ട് ബൗളർമാർ, അവർ കുറച്ച് പണത്തിനു വേണ്ടി സ്വയം വിറ്റു.”- അക്തർ കൂട്ടിച്ചേർത്തു.

You must be logged in to post a comment Login