25 പന്തില്‍ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇംഗ്ലീഷ് താരം

ലണ്ടന്‍: ക്രിക്കറ്റ് വീഡിയോ ഗെയിമിന് സമാനമായി ഒരു കളിക്കാരന്‍ മൈതാനത്ത് പ്രകടനം നടത്തിയാല്‍ എങ്ങിനെയിരിക്കും. അതിന് സമാനമായി ഒരു ഇന്നിങ്‌സ് കാഴ്ചവെച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ യുവതാരം വില്‍ ജാക്‌സ്. മുന്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 കളിക്കാരന്‍ ടി10 ക്രിക്കറ്റില്‍ 25 പന്തില്‍ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയും ചെയ്തു.

ദുബായില്‍ സറെയും ലങ്കാഷെയറും തമ്മലുള്ള മത്സരത്തിനിടെയായിരുന്നു വില്‍ ജാക്ക്‌സിന്റെ മനോഹരമായ ഇന്നിങ്‌സ്. ലങ്കാ ഷെയറിന്റെ സ്റ്റീഫന്‍ പാരിയുടെ ഒരോവറില്‍ ആറ് സിക്‌സറുകളും താരം നേടുകയുണ്ടായി. ഇതോടെ 62 റണ്‍സില്‍ നിന്നും 98ലേക്ക് കുതിച്ച താരം അടുത്ത ഓവറില്‍ സെഞ്ച്വറിയും തികച്ചു. 22 പന്തില്‍ സെഞ്ച്വറിയടിക്കാന്‍ താരത്തിന് കഴിയുമായിരുന്നു. എന്നാല്‍, 98ല്‍ നില്‍ക്കെ രണ്ട് ഡോട്ട് പന്തുകള്‍ എത്തിയതോടെയാണ് സെഞ്ച്വറി നീണ്ടുപോയത്.

ഒന്‍പതാമത്തെ ഓവറില്‍ 30 പന്തില്‍ 105 റണ്‍സെടുത്ത താരം പുറത്തായി. 10 ഓവറില്‍ ടീമിന് 176 റണ്‍സ് സമ്മാനിക്കുന്നതില്‍ ജാക്ക് നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. മറുപടി ബാറ്റിങ്ങില്‍ ലങ്കാഷെയര്‍ മൂന്ന് ഓവറില്‍ 48 റണ്‍സെടുത്തെങ്കിലും തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ ലക്ഷ്യം എത്തിപ്പിടിക്കാനായില്ല. 9.3 ഓവറില്‍ 81 റണ്‍സിന് ടീം പുറത്തായപ്പോള്‍ എതിരാളികള്‍ 95 റണ്‍സിന്റെ ജയം ആഘോഷിച്ചു.

എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് ആണ് ടി10 ലീഗ് നടത്തുന്നത്. 2018ല്‍ നടന്ന രണ്ടാം സീസണില്‍ ലീഗിനെ ഐസിസി അംഗീകരിച്ചിട്ടുണ്ട്. ക്രിക്കറ്റിന് ആഗോള പ്രശസ്തിയും പ്രചാരവും നേടിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് ഐസിസിയുടെ നടപടി. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ക്രിക്കറ്റ് താരങ്ങള്‍ ദുബായിലെ ലീഗില്‍ കളിക്കാനെത്തുന്നുണ്ട്.

You must be logged in to post a comment Login