29 പന്തിൽ 83 നോട്ടൗട്ട്; റെക്കോർഡ് റൺ ചേസിൽ വെടിക്കെട്ട് ബാറ്റിംഗുമായി ഓയിൻ മോർഗൻ: വീഡിയോ

ഇംഗ്ലണ്ടില്‍ നടക്കുന്ന ടി-20 ബ്ലാസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ വെടിക്കെട്ട് ബാറ്റിംഗുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. സോമര്‍സെറ്റിനെതിരായ മത്സരത്തിൽ മിഡിൽസെക്സിനു വേണ്ടിയായിരുന്നു മോർഗൻ്റെ വിസ്ഫോടനാത്മക ബാറ്റിംഗ്. മോര്‍ഗന്റെ ഉജ്ജ്വല ഇന്നിങ്‌സിന്റെ കരുത്തില്‍ മിഡില്‍സെക്‌സ് അനായാസം ജയിച്ചു കയറുകയും ചെയ്തു. റെക്കോര്‍ഡ് റണ്‍ ചേസ് നടത്തിയാണ് മിഡില്‍സെക്‌സ് കളി സ്വന്തമാക്കിയത്. ഡേവിഡ് മലൻ, എബി ഡിവില്ല്യേഴ്സ് എന്നിവരുടെ ഇന്നിംഗ്സുകളും വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു.

അഞ്ചാമനായി ക്രീസിലെത്തിയ മോർഗൻ വെറും 29 പന്തില്‍ അഞ്ചു ബൗണ്ടറികളും എട്ടു കൂറ്റന്‍ സിക്‌സറുമടക്കം പുറത്താവാതെ 83 റണ്‍സാണ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ഡേവിഡ് മലന്‍ 41 (14 പന്ത്, 6 ബൗണ്ടറി, 2 സിക്‌സര്‍), എബി ഡിവില്ല്യേഴ്‌സ് 32 (16 പന്ത്, 3 ബൗണ്ടറി, 2 സിക്‌സര്‍), പോള്‍ സ്‌റ്റെര്‍ലിങ് 25 (10 പന്ത്, 4 ബൗണ്ടറി, 1 സിക്‌സര്‍) എന്നിവരും മോർഗന് മികച്ച പിന്തുണ നല്‍കി.

ആദ്യം ബാറ്റ് ചെയ്ത സോമര്‍സെറ്റ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 226 റണ്‍സാണ് അടിച്ചെടുത്തത്. നായകന്‍ ടോം ആബെലിന്റെ (101) തകര്‍പ്പന്‍ സെഞ്ച്വറിയാണ് സോമര്‍സെറ്റിനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. 47 പന്തിലാണ് 13 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം താരം 101 റണ്‍സെടുത്തത്.

മറുപടിയില്‍ മോര്‍ഗന്റെ ബാറ്റിംഗിൻ്റെ ചുവടുപിടിച്ച് 17 ഓവറില്‍ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി മിഡില്‍സെക്‌സ് ജയത്തിലേക്കു കുതിച്ചെത്തി. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് റണ്‍ചേസ് കൂടിയാണിത്. 2014ല്‍ എസെക്‌സിനെതിരേ സസെക്‌സ് 226 റണ്‍സ് ചേസ് ചെയ്‌തെടുത്തതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്.

You must be logged in to post a comment Login