293 അംഗങ്ങളുടെ പിന്തുണ, 82 പേർ എതിർത്തു; പൗരത്വ ഭേദഗതി ബില്ലിന്റെ പുനരവതരണത്തിന് ലോക്‌സഭയുടെ അനുമതി

നാടകീയ രംഗങ്ങൾക്ക് ഒടുവിൽ പൗരത്വ ഭേഭഗതി ബില്ലിന്റെ പുനരവതരണത്തിന് ലോക്‌സഭയുടെ അനുമതി. ആഭ്യന്തരമന്ത്രി അമിത് ഷാ മേശപ്പുറത്ത് വച്ച ബില്ലിന്റെ അവതരണം സംബന്ധിച്ചാണ് വാദ പ്രതിവാദങ്ങൾ ഉയർന്നത്. തർക്കം രൂക്ഷമായ സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ നിരാകരണ പ്രമേയം തള്ളിയ ലോക്‌സഭ ബില്ലിൽ ചർച്ചയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ബില്ല് മുസ്ലീം വിരുദ്ധമല്ലെന്ന് ബിൽ അവതരിപ്പിച്ച് അമിത് ഷാ വ്യക്തമാക്കി.

താൻ അവതരിപ്പിയ്ക്കുന്ന ബില്ലിൽ മുസ്ലീം വിരുദ്ധതയുണ്ടെന്ന മുൻ വിധി വേണ്ടെന്ന് നിർദേശിച്ചാണ് അമിത് ഷാ പൗരത്വ ഭേഭഗതി ബില്ലിനെ പരിചയപ്പെടുത്തിയത്. നിർദിഷ്ട ബില്ല് 3.75 ജനങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു.

രൂക്ഷമായ വിമർശനവും പ്രതിഷേധവുമാണ് പ്രതിപക്ഷനിര ഉയർത്തിയത്. ബില്ല് മുസ്ലീം വിരുദ്ധമാണെന്നും ഭരണഘടനയുടെ 14 അടക്കമുള്ള അനുചേദങ്ങളുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് അവതരണം ഉപേക്ഷിയ്ക്കണം എന്ന് നിർദേശിയ്ക്കുന്ന നിരാകര പ്രമേയവും അവർ അവതരിപ്പിച്ചു.

പൗരത്വ ഭേഭഗതി ഇന്ത്യയെ ഇസ്രായേലാക്കുമെന്നും അമിത് ഷാ ഹിറ്റ്‌ലർ ആണെന്നുമുള്ള ഒവൈസിയുടെ പരാമർശം ബിജെപി അംഗങ്ങളെ കുപിതരാക്കി. അവരുടെ ശക്തമായ പ്രതിഷേധം സഭാനടപടികളെ ബഹളമയമാക്കി. തുടർന്ന് നിരാകരണ പ്രമേയം വോട്ടിനിട്ട് തള്ളി. 293 ന് എതിരെ 82 വോട്ടുകൾക്കാണ് ബിൽ ചർച്ചയ്ക്ക് എടുക്കാൻ തീരുമാനിച്ചത്.

You must be logged in to post a comment Login