30 മിനുറ്റില്‍ അര്‍ബുദം തിരിച്ചറിയാം; പുതിയ സാങ്കേതിക വിദ്യയുമായി ഗവേഷകര്‍

doctors

കൊച്ചി: അമൃത സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ നാനോ മെഡിസിനിലെ ഗവേഷകരായ ശാന്തികുമാര്‍ വി നായര്‍, മന്‍സൂര്‍ കോയക്കുട്ടി എന്നിവര്‍ ഭക്ഷ്യവിഷബാധ കണ്ടെത്താനായി ലേസര്‍ ഉപയോഗിച്ചിരുന്നു. രാമന്‍ സ്‌പെകട്രോസ്‌കോപ്പി അടിസ്ഥാനമാക്കിയുള്ള ഉപകരണത്തില്‍ നിന്നും വന്ന സിഗ്‌നലുകള്‍ വ്യത്യസ്ഥമായാണ് കണ്ടത്. ഇത് മനുഷ്യശരീരത്തിലെ അര്‍ബുദകോശങ്ങള്‍ (Cancer Cells) പോലെയുള്ള അസാധാരണ കോശങ്ങളെ കണ്ടെത്താന്‍ ഉപയോഗിച്ചു കൂടേ എന്നാണ് മലയാളി ഗവേഷകര്‍ ചിന്തിച്ചത്.

ഇപ്പോള്‍ ഇതാ, ആ ചിന്തയുടെ ഫലം അര്‍ബുദം തിരിച്ചറിയാനുള്ള പുതിയ സാങ്കേതിക വിദ്യയായി രൂപപ്പെട്ടിരിക്കുകയാണ്. ആശുപത്രി സന്ദര്‍ശനം പോലുമില്ലാതെ വെറും 30 മിനുറ്റില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് അര്‍ബുദം തിരിച്ചറിയാം. അര്‍ബുദം നേരത്തെ തിരിച്ചറിയാനും അതുവഴി ചികിത്സ നേരത്തേ തുടങ്ങാനും കഴിയും. നാനോ സബ്‌സ്ട്രാറ്റ് (Nano Subtsrate) അടിസ്ഥാനമാക്കിയുള്ള ലേസര്‍ ഉപയോഗിച്ചാണ് ഈ സാങ്കേതിക വിദ്യ മുഖേനെ അര്‍ബുദകോശങ്ങളെ കണ്ടെത്തുന്നത്.

കോശങ്ങളുടെ സ്വഭാവം ലേസര്‍ ഉപയോഗിച്ച് കണ്ടെത്താന്‍ കഴിയുമെന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന സിഗ്‌നലുകള്‍ ദുര്‍ബലമാണെന്നതാണ് ഇതിലെ പോരായ്മ. നാനോ സബ്‌സ്ട്രാറ്റ് ഉപയോഗിക്കുമ്പോള്‍ ഈ പ്രശ്‌നം പരിഹരിക്കാമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

സിഗ്‌നലുകളെ നാനോ സബ്‌സ്ട്രാറ്റ് ശക്തിപ്പെടുത്തുന്നതുകൊണ്ടാണ് (Amplify) ഇവയുടെ അപഗ്രഥനം എളുപ്പമാക്കുന്നത് എന്ന് ശാന്തികുമാര്‍ വി നായര്‍ പറഞ്ഞു. സാധാരണ കോശങ്ങള്‍, അര്‍ബുദം വരാന്‍ സാധ്യതയുള്ള കോശങ്ങള്‍, അര്‍ബുദം ബാധിച്ച കോശങ്ങള്‍ എന്നിങ്ങനെ എല്ലാതരം കോശങ്ങള്‍ക്കും വെവ്വേറെ രാമന്‍ സ്‌പെക്ട്രമാണ് ലേസര്‍ പുറത്ത് വിടുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഈ ഉപകരണം രൂപകല്‍പ്പന ചെയ്യാന്‍ 60 ലക്ഷം രൂപയാണ് ചെലവായത്. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുമ്പോള്‍ 10 ലക്ഷം രൂപ മാത്രമേ ചിലവാകൂ. അര്‍ബുദ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കുന്ന കണ്ടെത്തലായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

You must be logged in to post a comment Login