666 രൂപ മുടക്കൂ, മള്‍ട്ടിസ്റ്റാര്‍ ഹോട്ടല്‍ റൂം റെഡി !

ബെയ്ജിംഗ്: 666 രൂപയ്ക്ക് ഒരു മള്‍ട്ടിസ്റ്റാര്‍ ഹോട്ടല്‍ റൂം റെഡി !. ഇങ്ങ് ഇന്ത്യയിലൊന്നുമല്ല, അങ്ങ് ചൈനയില്‍. ടിവി, എസി, പുക നിയന്ത്രിക്കാനുള്ള യന്ത്രം, കമ്പ്യൂട്ടര്‍ ടേബിള്‍, കണ്ണാടി എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുമുണ്ട് ഈ ഹോട്ടല്‍ റൂമില്‍. എന്തിന് വൈ ഫൈ സൗകര്യംവരെ ഇവിടെ ലഭിക്കും. അകത്തെ ശബ്ദങ്ങള്‍ പുറത്തുപോലും കേള്‍ക്കില്ല. അത്രയ്ക്കാണ് ഇതിന്റെ നിര്‍മാണം. ഒരു കുഴപ്പമേയുള്ളൂ. വലിപ്പം കുറച്ചുകുറവാണ്. ഒരാള്‍ക്ക് താമസിക്കാന്‍ വലിപ്പത്തില്‍ 51 ഇഞ്ച് വീതിയും 79 ഇഞ്ച് നീളവും മാത്രമാണ് ഈ മുറികള്‍ക്കുള്ളത്. ശരിക്കും ഒരു പെട്ടിക്കടയുടെ വലിപ്പം. ചെറുപ്പക്കാരെയും കുറഞ്ഞചെലവില്‍ താമസിക്കാന്‍ സ്ഥലം നോക്കുന്നവരെയും ലക്ഷ്യമിട്ടാണ് ഇത്തരം മുറികള്‍ പുറത്തിറക്കിയിരിക്കുന്നത്. ഒരു രാത്രിക്കാണ് ഈ 666 രൂപ(10.59 ഡോളര്‍) വില.
ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ ഷാങ്ഹായ് നഗരത്തിലാണ് ആദ്യമായി ഇത്തരം ക്യാപ്‌സൂള്‍ ഹോട്ടലുകള്‍ പുറത്തിറക്കിയിരിക്കുന്നത്. വര്‍ധിച്ചുവരുന്ന ആവശ്യക്കാരെ കണക്കിലെടുത്ത് ഇത്തരത്തില്‍ ക്യാപ്‌സൂള്‍ ഹോട്ടല്‍ മുറികള്‍ തുറന്നുകൊടുക്കാനുള്ള തയാറെടുപ്പിലാണ് ചൈനയിലെ മറ്റു ഹോട്ടലുകള്‍. മുറികള്‍ക്കകം വ്യത്യസ്ത രീതിയിലാണ് ഫര്‍ണിഷ് ചെയ്തിരിക്കുന്നത്. ആകാശത്തിന്റെവരെ ചിത്രങ്ങളാണ് ഇതിന്റെ മേല്‍ക്കൂരയില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അകത്തുകയറിയാല്‍ ആകാശം കാണുമെന്നര്‍ത്ഥം.
ജപ്പാനില്‍ നിര്‍മിച്ചിരിക്കുന്ന സ്ലീപ്പ് പോഡ് ഹോട്ടലുകള്‍ക്കുള്ള ജനപ്രീതിയാണ് ഇത്തരത്തിലുള്ള ഹോട്ടല്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ തങ്ങള്‍ക്ക് പ്രേരണയായതെന്ന് ‘സ്‌പേസ് ക്യാപ്‌സൂള്‍ ഹോട്ടല്‍’ എന്ന ഹോട്ടലിന്റെ മാനേജര്‍ സു മെയ്ജംഗ് പറയുന്നു. ഇത്തരം നിരവധി ഹോട്ടലുകളാണ് ചൈനയില്‍ പുതുതായി തുടങ്ങാന്‍ പദ്ധതിയിടുന്നത്.

You must be logged in to post a comment Login