monsoon driveറ്റിന്‍സ് ജെയിംസ്
ചെറുതോണി: മഴയില്‍ കുളിച്ചു നില്‍ക്കുന്ന ഇടുക്കിയുടെ മാസ്മര സൗന്ദര്യം ആസ്വദിക്കാന്‍ ആട്ടോ മൊബീലിയ മോട്ടോര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഇടുക്കിയിലെത്തി. മഴയും, മഞ്ഞും, കാറ്റും ചേര്‍ന്ന ഇടുക്കിയുടെ വശ്യസൗന്ദര്യം നുകരാനും  പ്രകൃതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുവാനുമായാണ് എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നൂറോളം പ്രവര്‍ത്തകര്‍ ഇടുക്കിയിലെത്തിയത്.
2012 ല്‍ എറണാകുളത്ത് സ്ഥാപിതമായ എ എം എസ് ക്ലബില്‍ ഇന്ന് അഞ്ഞൂറോളം അംഗങ്ങളുണ്ട്. കഴിഞ്ഞ നാലു വര്‍ഷമായി പരിസ്ഥിതി സന്ദേശയാത്ര പ്രചരിപ്പിച്ച് എല്ലാ മഴക്കാലത്തും ക്ലബ് അംഗങ്ങള്‍ യാത്ര നടത്താറുണ്ട്. മണ്‍സൂണ്‍ ഡ്രൈവ് എന്ന പേരില്‍ നടത്തുന്ന യാത്രകള്‍ കാറുകളിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അമ്പതോളം കാറുകളിലാണ് സംഘം ഇടുക്കിയിലെത്തിയത്. ആതിരപ്പിള്ളി, വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ പര്യടനം നടത്തിയത്. ഇക്കുറി ഇടുക്കി കമാന അണക്കെട്ട്, കാല്‍വരിമൗണ്ട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രം കുയിലിമല, ഉള്‍പ്പടെ ജില്ലാ ആസ്ഥാന മേഖലയിലാണ് സംഘം പര്യടനം നടത്തിയത്. ഇടുക്കിയിലെത്തിയ സംഘം ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായി ചികിത്സ തേടുന്ന സ്വപ്ന സന്തോഷിന്റെ ചികിത്സാ ഫണ്ടിലേയ്ക്ക് സംഭാവന നല്‍കി. തങ്ങള്‍ സന്ദര്‍ശിക്കുന്ന മേഖലയിലുള്ള ദുരിതമനുഭവിക്കുന്ന ചിലരെയെങ്കിലും സഹായിക്കുക എന്ന ജീവകാരുണ്യ പ്രവര്‍ത്തനവും യാത്രയുടെ ഭാഗമാകുന്നുണ്ടെന്ന് എ എം എസ് പ്രസിഡന്റ് ബോണി മാത്യു പറഞ്ഞു.

ഫോട്ടോ: ഇടുക്കിയിലേക്ക് മണ്‍സൂണ്‍ ഡ്രൈവ് നടത്തിയ സംഘാംഗങ്ങള്‍ ഇടുക്കി കമാന അണക്കെട്ടിന്റെ താഴ്‌വാരത്ത് ഫോട്ടോയ്ക്കായി അണിനിരന്നപ്പോള്‍

You must be logged in to post a comment Login