90 ശതമാനം എംഎല്‍എമാരുടെ പിന്തുണയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അഖിലേഷ് ; മുലായവുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി ചിഹ്നമായ ‘സൈക്കിളി’നായി അഖിലേഷ് യാദവും മുലായം സിങ് യാദവും തമ്മിലുള്ള തര്‍ക്കം തുടരുന്നു. ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേഷ് യാദവും സംഘവും തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു. ഇരുപക്ഷവും വിട്ടു നല്‍കാന്‍ തയാറല്ലെന്നാണ് പുതിയ നീക്കങ്ങള്‍ കാണിക്കുന്നത്. യുപി മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനുമായ അഖിലേഷ് യാദവിനൊപ്പമാണ് ഭൂരിപക്ഷം എംഎല്‍എമാരുമെന്നാണ് അഖിലേഷ് ക്യാംപിന്റെ വാദം.

’90 ശതമാനം എംഎല്‍എമാരും അഖിലേഷ് യാദവിനെ പിന്തുണയ്ക്കുന്നുവെന്ന് ഞങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. അഖിലേഷ് നയിക്കുന്ന പാര്‍ട്ടിയെ യഥാര്‍ഥ എസ്പി ആയി കാണമെന്നും അഭ്യര്‍ഥിച്ചു’ അഖിലേഷിന്റെ അമ്മാവനും മുതിര്‍ന്ന എസ്പി നേതാവുമായ രാം ഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി അഖിലേഷിനു പിന്നില്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, അഖിലേഷ് യാദവും മുലായം സിങ്ങും തമ്മില്‍ ടെലിഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും മുലായം സിങ് ലക്‌നൗവിലേക്ക് തിരിക്കുകയും അഖിലേഷുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

You must be logged in to post a comment Login