96 ാം വയസ്സില്‍ നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങി കാര്‍ത്ത്യായനിയമ്മ

ഡല്‍ഹി: മലയാളത്തിന്റെ അഭിമാനമായി ചേപ്പാട് പടീറ്റതില്‍ കാര്‍ത്യായനിയമ്മ(98) രാഷ്ട്രപതിയില്‍ നിന്ന് നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങി. 96 ാം വയസ്സില്‍ സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷ വിജയിച്ചതോടെയാണ് കാര്‍ത്ത്യായനിയമ്മയെ രാജ്യം അറിയുന്നത്. ഇപ്പോള്‍ 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ലേണിങ്ങിന്റെ ഗുഡ്വില്‍ അംബാസഡറാണ് കാര്‍ത്ത്യായനിയമ്മ.

രാജ്യത്ത് സ്ത്രീകള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയാണ് നാരീശക്തി പുരസ്‌കാരം. സാക്ഷരതാമിഷന്റെ നാലാംക്ലാസ് തുല്യത പരീക്ഷ വിജയിച്ച കൊല്ലം പ്രാക്കുളത്തെ ഭഗീരഥിയമ്മയ്ക്കും പുരസ്‌കാരമുണ്ട്. എന്നാല്‍ ശാരീരിക ബുദ്ധിമുട്ട് മൂലം ഭഗീരഥിയമ്മയ്ക്ക് ചടങ്ങിലെത്താന്‍ സാധിച്ചില്ല.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വനിതകളേയും ചടങ്ങില്‍ ആദരിച്ചു.

കാര്‍ത്ത്യായനിയമ്മയടക്കമുള്ള പുരസ്‌കാര ജേതാക്കളെ പ്രധാനമന്ത്രി നേരിട്ട് അഭിനന്ദിച്ചു. പുരസ്‌കാരം നേടിയ കാര്‍ത്ത്യായനിയമ്മയെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രണമിച്ചു. രാഷ്ട്രപതിയില്‍ നിന്ന് കാര്‍ത്ത്യായനിയമ്മ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ എഴുന്നേറ്റ് നിന്നാണ് സദസ്സ് ആദരിച്ചത്.

You must be logged in to post a comment Login