BREAKING NEWSKERALA

കോവിഡ് മരണക്കണക്കില്‍ എണ്ണം കുറച്ച് കാണിക്കുന്നെന്ന് ആക്ഷേപം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണക്കണക്കില്‍ വന്‍ വൈരുധ്യം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. യഥാര്‍ഥ കോവിഡ് മരണത്തെക്കാള്‍ രണ്ടിരട്ടിയോളം കുറച്ചാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതെന്നാണ് ആക്ഷേപം. സംസ്ഥാന ആരോഗ്യവകുപ്പ് നിശ്ചയിച്ച വിദഗ്ധസമിതി സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോവിഡ് മരണങ്ങളില്‍നിന്നും പലതും ഒഴിവാക്കുന്നത് മൂലമാണ് കണക്കുകളില്‍ വൈരുധ്യം ഉണ്ടാകുന്നത്. മേയ് 26 വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 7882 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇത്തരം ഒഴിവാക്കലുകള്‍ ഭാവിയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായി പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ പലരും ഒഴിവാക്കപ്പെടും. അനാഥരായ കുട്ടികളെ സംരക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും പലരും പട്ടികയ്ക്ക് പുറത്താകാനുള്ള സാധ്യതയുമുണ്ട്.
ഗുരുതരമായ അസുഖങ്ങള്‍ ഉള്ള ഒരാള്‍ രോഗം മൂര്‍ച്ഛിച്ച് മരിക്കുമ്പോള്‍ കോവിഡ് പോസിറ്റീവ് ആണെങ്കില്‍പ്പോലും പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. രോഗിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റ് പോലും വിദഗ്ധ സമിതി പരിഗണിക്കാറില്ല. ഇതുമൂലം ജില്ലാ ആരോഗ്യവകുപ്പ് കോവിഡ് ബാധിച്ച മരണമെന്ന് പ്രഖ്യാപിച്ചവരില്‍ പലരും സംസ്ഥാന പട്ടികയില്‍ ഉണ്ടാകാറില്ല.
പാലക്കാട്, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ മരണക്കണക്കുകളില്‍ വന്‍ വ്യത്യാസമാണുള്ളത്. ജില്ലാ, സംസ്ഥാന ആരോഗ്യവകുപ്പുകളുടെ കണക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്തതില്‍ ഇക്കാര്യം വ്യക്തമാണ്. മേയ് 12ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 70 മരണങ്ങള്‍ നടന്നതായി പി.ജി. അധ്യാപകരുടെ സംഘടന വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കോവിഡ് ഇതര മരണങ്ങളടക്കം 40 മരണങ്ങള്‍ മാത്രമാണ് അധികൃതര്‍ അറിയിച്ചത്. ശ്മശാനങ്ങളില്‍ രേഖപ്പെടുത്തുന്ന കോവിഡ് മരണങ്ങളുടെ എണ്ണവും ഔദ്യോഗിക പട്ടികകളെക്കാള്‍ ഉയര്‍ന്നതുമാണ്.

Related Articles

Back to top button