LATESTNATIONAL

ഭീമ കൊറേഗാവ് കേസ്: ഹാനി ബാബുവിന് പിന്നാലെ മറ്റൊരു മലയാളി അധ്യാപകനും എന്‍ഐഎ നോട്ടീസ്

ഭീമ കൊറേഗാവ് കേസില്‍ ഹാനി ബാബുവിന് പിന്നാലെ ദില്ലി ഹിന്ദു കോളേജിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപകനും മലയാളിയുമായ പ്രൊഫ. പി കെ വിജയനും എന്‍ഐഎ നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. ലോധി റോഡിലെ എന്‍ഐഎ ആസ്ഥാനത്ത് നാളെ ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്.

നേരത്തെ ദില്ലി സര്‍വ്വകലാശാലയിലെ അധ്യാപകനും മലയാളിയുമായ ഹാനി ബാബുവിനെ സമാന കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രതിയായ റോണാ വിത്സനുമായി ഹാനി ബാബുവിനും ഭാര്യ ജെന്നി റൊവേനക്കുമുള്ള ബന്ധമാണ് അറസ്റ്റിന് കാരണമായതെന്നാണ് സൂചന. സുധ ഭരദ്വാജ്, ഷോമ സെന്‍, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൌത്, അരുണ്‍ ഫെരെയ്ര, സുധീര്‍ ധവാലെ, റോണ വില്‍സണ്‍, വെര്‍ണന്‍ ഗോണ്‍സാല്‍വ്‌സ്, വരവര റാവു, ആനന്ദ് തെല്‍തുംബ്ദെ, ഗൌതം നവലഖ എന്നിവരെ നേരത്ത തന്നെ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായിരുന്നു.

2018ല്‍ മഹാരാഷ്ട്രയില്‍ ശിവസേന – ബിജെപി സഖ്യ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്താണ് ഭീമ കൊറെഗാവ് സംഭവം അരങ്ങേറിയത്. 1818 ജനുവരി 1 ലെ ഭീമ കൊറെഗാവ് യുദ്ധത്തില്‍ പെഷവാ ബാജിറാവു രണ്ടാമന്റെ സവര്‍ണ സൈന്യത്തിന് മേല്‍ ദളിതുകള്‍ ഉള്‍പ്പെട്ട ബ്രിട്ടീഷ് സേന നേടിയ വിജയം എല്ലാ വര്‍ഷവും ആഘോഷിക്കാറുണ്ട്. എന്നാല്‍ 2018 ജനുവരി 1ന് നടന്ന വിജയാഘോഷം സംഘര്‍ഷത്തില്‍ കലാശിച്ചു.

പ്രഷോഭം അക്രമാസക്തമാവുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. ഒരു ദളിതന്‍ ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ കൊല്ലപ്പെടുകയും ചെയ്തു. അക്രമത്തിന് പിന്നില്‍ അര്‍ബന്‍ മാവോയിസ്റ്റുകള്‍ ആണെന്നാരോപിച്ച് വരവര റാവു,? അഭിഭാഷക സുധ ഭരദ്വാജ്,? ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെരേര,? വെര്‍ണന്‍ ഗോണ്‍സാല്‍വസ്,?ഗൗതം നവ്ലഖ തുടങ്ങിയവരെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് കേസ് എന്‍.ഐ.എയ്ക്ക് കൈമാറിയത്.

Related Articles

Back to top button