BREAKING NEWSKERALALATEST

ഗുരുവായൂര്‍ക്ഷേത്രം പ്രധാനതന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു


ഗുരുവായൂര്‍: ഗുരുവായൂര്‍ക്ഷേത്രം പ്രധാനതന്ത്രി പുഴക്കര ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് (70) അന്തരിച്ചു. തൃശ്ശൂരില്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.2013 ഡിസംബര്‍ 26-ന് ചേന്നാസ് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ചേന്നാസ് മനയിലെ മുതിര്‍ന്ന അംഗമായ നാരായണന്‍ നമ്പൂതിരിപ്പാട് പ്രധാന തന്ത്രിയായി സ്ഥാനമേറ്റത്. 2014 ഫെബ്രുവരി 20-ന് ശ്രീലകത്തുകയറി ആദ്യപൂജ നിര്‍വഹിച്ചു. 2021 സെപ്റ്റംബര്‍ 30-ന് രാത്രി നടന്ന മേല്‍ശാന്തിമാറ്റച്ചടങ്ങിനാണ് അവസാനമായി അദ്ദേഹം ക്ഷേത്രത്തില്‍ എത്തിയത്. മേല്‍ശാന്തി തിരഞ്ഞെടുപ്പിന് സെപ്റ്റംബര്‍ 16-ന് അപേക്ഷകരുമായി കൂടിക്കാഴ്ച നടത്താനും എത്തിയിരുന്നു. സഹസ്രകലശച്ചടങ്ങുകളുടെ ആചാര്യവരണത്തിനും ഉത്സവത്തിന് സ്വര്‍ണക്കൊടിമരത്തില്‍ സപ്തവര്‍ണ കൊടിക്കൂറ ഉയര്‍ത്താനും നാരായണന്‍ നമ്പൂതിരിപ്പാട് പതിവായി എത്തുമായിരുന്നു. കോവിഡ്കാലത്തും ക്ഷേത്രത്തിലെ ചടങ്ങുകള്‍ മുടങ്ങാതെ നടത്താനും ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടം സംഭവിയ്ക്കാതിരിയ്ക്കാനും അദ്ദേഹം അതീവ ശ്രദ്ധപുലര്‍ത്തി.ദീര്‍ഘകാലം ഗുരുവായൂര്‍ക്ഷേത്രത്തില്‍ പ്രധാന തന്ത്രിയായിരുന്ന ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മൂത്തമകനാണ് നാരായണന്‍ നമ്പൂതിരിപ്പാട്. പ്രധാന തന്ത്രിയാകുന്നതിനുമുന്‍പ് നെടുങ്ങാടി ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. മലപ്പുറം വെളിയങ്കോട് പഞ്ചായത്തിലെ എരമംഗലത്താണ് പുരാതന തന്ത്രികുടുംബമായ പുഴക്കര ചേന്നാസ് മന.ചെങ്ങന്നൂര്‍ മിത്രമഠത്തിലെ സുചിത്രാ അന്തര്‍ജനമാണ് ഭാര്യ. ഗുരുവായൂര്‍ ക്ഷേത്രത്തിലെ താന്ത്രികച്ചടങ്ങുകള്‍ നിര്‍വഹിയ്ക്കുന്ന ശ്രീകാന്ത് നമ്പൂതിരിപ്പാട് ഏകമകനാണ്. മരുമകള്‍: പിറവം മ്യാല്‍പ്പള്ളി ഇല്ലത്ത് അഖിലാ അന്തര്‍ജനം. സഹോദരങ്ങള്‍: ഉമാദേവി അന്തര്‍ജനം (പട്ടത്ത്മന, തിരുവുള്ളക്കാവ്), രാധാ അന്തര്‍ജനം (ഏലംകുളം മന), രജനി അന്തര്‍ജനം (പകരാവൂര്‍ മന), കൃഷ്ണന്‍ നമ്പൂതിരിപ്പാട് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്ത്രിക ചടങ്ങുകള്‍ നിര്‍വഹിക്കുന്ന ഹരി നമ്പൂതിരിപ്പാട്, ഡോ. അരവിന്ദാക്ഷന്‍ നമ്പൂതിരിപ്പാട്.

Related Articles

Back to top button