BREAKING NEWSLATESTNATIONAL

ഗുജറാത്തില്‍ ഹിന്ദു സേന സ്ഥാപിച്ച ഗോഡ്‌സെ പ്രതിമ കോണ്‍ഗ്രസുകാര്‍ തകര്‍ത്തു

അഹമ്മദാബാദ്: ഗുജറാത്തില്‍ ഹിന്ദു സേന സ്ഥാപിച്ച നാഥൂറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ കോണ്‍ഗ്രസുകാര്‍ തകര്‍ത്തു. ജാംനഗര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ദിഗുഭ ജഡേജയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പ്രതിമ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ജാംനഗര്‍ സിറ്റി കോണ്‍ഗ്രസ് കമ്മിറ്റി ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
ഇന്ന് രാവിലെയോടെ സ്ഥലത്തെത്തിയ കോണ്‍ഗ്രസ് നേതാവും സംഘവും പ്രതിമ തകര്‍ത്തെറിയുകയായിരുന്നെന്നാണ് ഇംഗ്ലീഷ് വാര്‍ത്താ ചാനലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ഗോഡ്‌സെയുടെ പ്രതിമ ജാംനഗറില്‍ സ്ഥാപിക്കുമെന്ന് ഹിന്ദു സേന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതിമ വയ്ക്കാനുള്ള നീക്കത്തിന് പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ഹനുമാന്‍ ആശ്രമ പ്രദേശത്തേക്ക് സംഘടിച്ചെത്തിയ ഹിന്ദു സേനക്കാര്‍ പ്രതിമ സ്ഥാപിക്കുകയായിരുന്നു.
‘നാഥൂറാം ഗോഡ്‌സെ മരിക്കുന്നില്ല’ എന്ന മുദ്രാവാക്യത്തോടെയായിരുന്നു ഹിന്ദു സേന പ്രതിമ സ്ഥാപിച്ചത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെയോടെ പ്രദേശത്തെത്തിയ കോണ്‍ഗ്രസുകാര്‍ പ്രതിമ തകര്‍ത്തെറിയുകയും ചെയ്തു.
അതേസമയം ഗോഡ്‌സെയുടെ പ്രതിമ നിര്‍മ്മിക്കുമെന്ന് കഴിഞ്ഞദിവസം ഹിന്ദു മഹാസഭയും വ്യക്തമാക്കിയിരുന്നു. ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ ഗോഡ്‌സെയുടെ വധശിക്ഷ നടപ്പാക്കിയ ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജിയിലില്‍ നിന്നുള്ള മണ്ണ് ഉപയോഗിച്ച് ഗോഡ്‌സെ പ്രതിമ നിര്‍മ്മിക്കുമെന്നാണ് ഹിന്ദു മഹാസഭ പറയുന്നത്.
ഇതിനായുള്ള മണ്ണ് ശേഖരിച്ചെന്നും നിര്‍മ്മിക്കുന്ന പ്രതിമ ഗ്വാളിയോറിലെ ഹിന്ദു മഹാസഭ ഓഫീസില്‍ സ്ഥാപിക്കുമെന്നും സഭയുടെ ദേശീയ വൈസ് പ്രസിഡന്റ് ജയ്‌വീര്‍ മഹാരാജും പറഞ്ഞിരുന്നു.

Related Articles

Back to top button