BREAKING NEWSKERALALATEST

തളിക്കുളം ബാറിലെ കൊലപാതകത്തിനു പിന്നില്‍ ജീവനക്കാരന്റെ ക്വട്ടേഷന്‍, ഏഴു പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: തൃശൂര്‍ തളിക്കുളം ബാറില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റിലായി. ബാര്‍ ജീവനക്കാരന്‍ വിളിച്ചു വരുത്തിയ ക്വട്ടേഷന്‍ സംഘം ആണിത്. കഞ്ചാവ് , ക്രിമിനല്‍ സംഘമാണ് പിടിയിലായത്. ബില്ലിലെ തിരിമറി ബാറുടമ കണ്ടു പിടച്ചതിന്റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണം. കൊല്ലപ്പെട്ട ബൈജു ബാറുടമയുടെ സഹായിയായിരുന്നു.
കാട്ടൂര്‍ സ്വദേശികളായ അജ്മല്‍ ( 23 ) , അതുല്‍ ,യാസിം, അമിത് ,ധനേഷ് , വിഷ്ണു , അമല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കണ്ടെടുത്തു. പ്രതികള്‍ ബാറില്‍ വന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കാറില്‍ ഏഴംഗ സംഘം വന്നതിന്റെ ഈ ദൃശ്യങ്ങള്‍ തെളിവായി. ഈ ദൃശ്യങ്ങള്‍ പിന്‍തുടര്‍ന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായവരില്‍ അമല്‍, വിഷ്ണു എന്നിവര്‍ ബാര്‍ ജീവനക്കാരാണ്. രണ്ടു പേരും ചേര്‍ന്ന് ഒന്നര ലക്ഷം രൂപ കവര്‍ന്നു. അത് ബാര്‍ മുതലാളി കൃഷ്ണരാജ് കണ്ടെത്തി. തുക തിരിച്ചടച്ചിട്ട് ജോലിക്കെത്തിയാല്‍ മതിയെന്ന് പറഞ്ഞു. തുടര്‍ന്നാണ് ഇവര്‍ കഞ്ചാവ് സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്.
പെരിഞ്ഞനം ചക്കരപ്പാടം സ്വദേശിയാണ് കൊല്ലപ്പെട്ട ബൈജു (40 ). ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. കൃഷ്ണരാജിനെ കൊച്ചിയിലും അനന്തുവിനെ തൃശൂരിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. പത്തു ദിവസം മുമ്പാണ് ബാര്‍ ഹോട്ടല്‍ തുടങ്ങിയത്. ബില്ലില്‍ കൃത്രിമം കാണിച്ചതിന് ചില ജീവനക്കാരെ ബാറുടമ ശാസിച്ചിരുന്നു. ഇതേച്ചൊല്ലി ജീവനക്കാരും ബാറുടമയും തമ്മില്‍ വഴക്കുണ്ടായി. പ്രശ്‌നത്തില്‍ ഇടപെടാന്‍ ബൈജുവിനെയും സുഹൃത്തിനേയും ബാറുടമ വരുത്തിയതായിരുന്നു.

Related Articles

Back to top button