BREAKING NEWSKERALALATEST

സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്; മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ കല്ലെറിഞ്ഞ കേസില്‍ മൂന്ന് എ.ബി.വി.പി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്. ഇവരെ തമ്പാനൂര്‍ പോലീസ് ചോദ്യം ചെയ്യുകയാണ്. ശനിയാഴ്ച തന്നെ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റിന് ശ്രമിച്ചിരുന്നുവെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം മൂലം സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ഞായറാഴ്ച പുലര്‍ച്ചെ ഇവരെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മേട്ടുക്കടയിലെ ഓഫീസിനു നേരേ കല്ലേറുണ്ടായത്.
ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിനു കേടുപറ്റിയിരുന്നു. സുരക്ഷയ്ക്കുണ്ടായിരുന്ന പോലീസുകാര്‍ അക്രമികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതേസമയം, തലേന്ന് വഞ്ചിയൂരില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് എ.ബി.വി.പി. പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. ശനിയാഴ്ച വൈകീട്ടോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
വഞ്ചിയൂരിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആറ്റുകാല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള എ.ബി.വി.പി.ക്കാര്‍ അക്രമം നടത്തിയെന്നാണ് പോലീസ് പറഞ്ഞിരുന്നു. ഇവരെ തേടി വൈകീട്ടുതന്നെ പോലീസ് സംഘം ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍, ചികിത്സയിലുള്ളവര്‍ എങ്ങനെ പ്രതികളാവുമെന്നായിരുന്നു ബി.ജെ.പിക്കാരുടെ ചോദ്യം. അക്രമത്തിന്റെ തെളിവായി സി.സി.ടി.വി. ദൃശ്യങ്ങളുണ്ടെന്നും എ.ബി.വി.പി. പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നുമായിരുന്നു പോലീസിന്റെ മറുപടി.
സി.പി.എം. ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അവരെ അറസ്റ്റുചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാത്രി വൈകിയും പോലീസ് ആശുപത്രിയിലും പരിസരത്തും താവളമുറപ്പിച്ചിരുന്നു.
ആക്രമണം നടത്താന്‍ ബൈക്കിലെത്തിയവര്‍ ഹെല്‍മെറ്റോ മുഖാവരണമോ ധരിച്ചിരുന്നില്ല. ഇതാണ് പ്രതികളെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. മൂന്ന് ബൈക്കുകളിലെത്തിയ ആറുപേരാണ് ആക്രമണം നടത്തിയതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അക്രമം നടക്കുമ്പോള്‍ സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ഓഫീസ് ജീവനക്കാരനും ഡ്രൈവറും ഓഫീസിലുണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ, ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ജില്ലാ സെക്രട്ടറി ആരോപിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍, എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തുടങ്ങിയ നേതാക്കളും മന്ത്രിമാരും ഓഫീസ് സന്ദര്‍ശിച്ചു. ആക്രമണം സി.പി.എമ്മിന്റെതന്നെ തിരക്കഥയാണെന്നും പാര്‍ട്ടിക്കെതിരേ ഉയരുന്ന ആരോപണങ്ങളില്‍നിന്നു ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു.
വലിയശാല ഭാഗത്തുനിന്നാണ് അക്രമിസംഘം എത്തിയതെന്ന് പോലീസ് പറയുന്നു. മൂന്നാമത്തെ ബൈക്കിന്റെ പിന്നിലിരുന്നയാളാണ് കരിങ്കല്ല് വലിച്ചെറിഞ്ഞത്.
എല്‍.ഡി.എഫിന്റെ വികസനജാഥയ്ക്കിടെ വഞ്ചിയൂരില്‍ വെള്ളിയാഴ്ച സി.പി.എം.-എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. എ.ബി.വി.പി. സംസ്ഥാന കമ്മിറ്റി ഓഫീസും ആക്രമിച്ചു. ഇതിന്റെ തുടര്‍ച്ചയായിരുന്നു കല്ലേറെന്നാണ് പോലീസ് നിഗമനം.

Related Articles

Back to top button