BREAKING NEWSKERALA

ഓണം ആഘോഷിക്കാന്‍ രഹസ്യമായി നാട്ടിലെത്തി, ഒളിച്ചിരുന്നു പോലീസ് പൊക്കിയത് 107 പിടികിട്ടാപ്പുള്ളികളെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് നടത്തിയ റെയ്ഡില്‍ 107 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായി. ഇവരില്‍ 13 പേര്‍ അപകടകാരികളാണെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ജില്ലവിട്ടിരുന്ന ഇവര്‍ ഓണത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് തിരിച്ചെത്തിയത് മനസിലാക്കിയായിരുന്നു പോലീസ് നീക്കം. കോടതിയില്‍ ഹാജരാക്കി ഇവരെ റിമാന്‍ഡ് ചെയ്യും.
തിരുവനന്തപുരത്ത് സമീപകാലത്ത് ഇത്രയധികം കുറ്റവാളികള്‍ ഒരിമിച്ച് പോലീസ് പിടിയിലാകുന്നത് ഇതാദ്യമാണ്. 107 പിടികിട്ടാപ്പുള്ളികളെയാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ നടന്ന റെയ്ഡില്‍ തിരുവനന്തപുരം റൂറല്‍ പോലീസ് പിടികൂടിയത്. ഇതില്‍ 94 പേര്‍ വിവിധ കോടതികളില്‍ നിന്ന് വാറന്റ് ഉണ്ടായിട്ടും ഹാജരാകാതെ മുങ്ങിനടന്നവരാണ്. 13 പേര്‍ ഗുണ്ടാ കേസുകളിലടക്കം ഉള്‍പ്പെട്ട് ഒളിവില്‍ പോയവരാണ്. ഇവര്‍ അപകടകാരികളാണെന്നാണ് പോലീസ് പറയുന്നത്.
വിവിധ കേസുകളില്‍ നിരവധി തവണ വാറന്റ് അയച്ചിട്ടും പലരും ഹാജരാകുന്നില്ലെന്ന് പോലീസിന് നേരത്തെ പരാതികള്‍ ലഭിച്ചിരുന്നു. ഇതോടെ ഒളിവില്‍ പോയവരെ കണ്ടെത്താല്‍ റെയ്ഡ് നടത്താന്‍ പോലീസ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ അഞ്ച് മുതല്‍ ഒന്‍പത് വരെയാണ് റൂറല്‍ എസ്പി ഡി.ശില്പയുടെ നേതൃത്വത്തില്‍ പ്രത്യേക ഓപ്പറേഷന്‍ നടത്തിയത്. വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, കാട്ടാക്കട അടക്കമുള്ള പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലുള്ള സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.
അഞ്ച് ഡിവൈഎസ്പിമാര്‍ റെയ്ഡിന് നേതൃത്വം നല്‍കി. ജില്ലവിട്ടിരുന്ന പ്രതികളില്‍പലരും ഓണത്തോട് അനുബന്ധിച്ചാണ് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചെത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറച്ച് ദിസങ്ങളായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്ന് ഇവരുടെ കേന്ദ്രങ്ങള്‍ കൃത്യമായി മനസിലാക്കി, 107 പേരേയും ഓരേ സമയം റെയ്ഡ് നടത്തിയാണ് പോലീസ് വലിയിലാക്കിയത്.

Related Articles

Back to top button