About us

ഡോ. കെ.സി ചാക്കോ- ജീവിതരേഖ 

Dr. K C Chacko

  കേരളത്തിലെ ആദ്ധ്യാത്മിക കേന്ദ്രങ്ങളിലൊന്നായ പരുമലയിലെ  പുരാതന കാര്‍ഷിക കുടുംബമായ കടവില്‍ കുടുംബത്തിലാണ് ഡോ. കെ.സി ചാക്കോയുടെ ജനനം.  നിരണം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന്  പ്രാഥമിക വിദ്യാഭ്യാസവും ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ നിന്ന് ബിരുദവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് വൈദ്യശാസ്ത്രബിരുദവും നേടി. ഇപ്പോള്‍ ഫിസിഷ്യനായി ഖത്തറിലെ ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിക്കുന്നു.( www. hmc. org.) സ്വദേശത്തും വിദേശത്തും പലവിധ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലും പ്രവര്‍ത്തിക്കുന്നു.

 • ഇന്ത്യന്‍ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഫണ്ട്( www. icdfqatar. org ) സ്ഥാപകാംഗം
 • ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (www. iccqatar.com) സ്ഥാപകാംഗം
 •  ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ (www. idealschool.edu. qatar)സ്ഥാപക എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പര്‍
 • ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് ആര്‍ട്ട്‌സ് സൊസൈറ്റി (INCAS)ഉപദേശക സമിതി അംഗം
 •  ഇന്ത്യന്‍ ഡോക്ടേഴ്‌സ്  ക്ലബ് (www.imaqatar. org )ഉപദേശക സമിതി അംഗം
 • ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (www.friendsofthiruvalla.com)മുഖ്യരക്ഷാധികാരി
 • ചെയര്‍മാന്‍ – കടവില്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ്
 • മാനേജിംഗ് ട്രസ്റ്റി – കടവില്‍ ഫൗണ്ടേഷന്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്നു.  അദ്ദേഹത്തിന്റെ  സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി പത്‌നി ഡോ.ചിന്നമ്മ ചാക്കോ ഒപ്പമുണ്ട്.

കുടുംബം

ഭാര്യ. ഡോ.ചിന്നമ്മ ചാക്കോ.  സീമന്ത പുത്രിയും ഭര്‍ത്താവും ഡോക്ടറന്മാരായി പിതാവിനോടൊപ്പം ഖത്തറില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ സേവനം അനുഷ്ഠിക്കുന്നു. ഇളയ പുത്രിയും  ഭര്‍ത്താവും കാനഡയില്‍ ഡോക്ടറന്മാരായി സേവനം അനുഷ്ഠിക്കുന്നു. ഏകമകനും ഭാര്യയും രണ്ടു പുത്രിമാരും ഭര്‍ത്താക്കന്മാരും USA യില്‍ ഡോക്ടര്‍മാരായി ജോലി ചെയ്യുന്നു. 12 കൊച്ചുമക്കളും ഇദ്ദേഹത്തിനുണ്ട്.

മാനേജിംഗ് ഡയറക്ടര്‍ &ചീഫ് എഡിറ്റര്‍  – കേരളഭൂഷണം

മാധ്യമരംഗത്ത് സമ്പന്നമായ ചരിത്രമുള്ള കേരളഭൂഷണം ദിനപത്രം 2008 മുതല്‍ ഡോ. കെ.സി ചാക്കോയുടെ ഉടമസ്ഥതയില്‍ തിരുവല്ലയില്‍ നിന്ന് പുനഃ പ്രസിദ്ധീകരിച്ചു തുടങ്ങി. കെട്ടിലും മട്ടിലും പുതുമയും പാരമ്പര്യത്തിന്റെ മഹിമയും മലയാളക്കരയുടെ തനിമയും പ്രശോഭിപ്പിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും കേരളഭൂഷണം ഇന്ന് സജീവമാണ്. ‘മനുഷ്യ ശരീരത്തിലെ രോഗങ്ങളെ ചികിത്സിച്ച് ഭേദമാക്കുക എന്ന സേവന ദൗത്യം ഡോക്ടര്‍ എന്ന നിലയില്‍ നിര്‍വ്വഹിക്കുന്നതിനോടൊപ്പം, സമൂഹത്തിലെ  മാറ്റപ്പെടേണ്ട രോഗാവസ്ഥകളായ ദാരിദ്ര്യം, അസമത്വം, വിവേചനം, അനീതി, അവികസിതാവസ്ഥ എന്നിവയ്‌ക്കെതിരായ പ്രവര്‍ത്തനവും’ തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം കരുതുന്നു. അതിനുള്ള ശ്രമങ്ങളാണ് ഡോ. കെ.സി ചാക്കോയ്ക്ക് മാധ്യമ പ്രവര്‍ത്തനം.2017 ല്‍ Keralabhooshanam youtube channael ആരംഭിച്ചുകൊണ്ട് വിഷ്വല്‍ മീഡിയയിലേക്കും പ്രവേശിച്ചു.

അടിസ്ഥാന ലക്ഷ്യങ്ങള്‍

 • മദ്ധ്യ തിരുവിതാം കൂറിന്റെ സമഗ്ര വികസനം
 • പ്രവാസി മലയാളികളുടെ ദുഃഖങ്ങളും സ്വപ്‌നങ്ങളും
 • പ്രവാസി സംഘടനകളുടെ ഏകോപനം
 • ദളിത്- ന്യൂനപക്ഷ അവകാശ സംരക്ഷണം;
 • ശബ്ദമില്ലാത്തവരുടെ ശബ്ദം
 • ക്രൈസ്തവ സഭകളുടെ കാലിക ദര്‍ശനം- നവ എക്യുമെനിസം
 • വികസനോന്മുഖ ആനുകാലിക രാഷ്ട്രീയ ഇടപെടലുകള്‍
 • വാര്‍ത്തയ്ക്ക് പിന്നിലെ വാര്‍ത്തകള്‍
 • പ്രാദേശിക പ്രാധാന്യമുള്ള വാര്‍ത്തകള്‍ വിശകലങ്ങള്‍
 • കാര്‍ഷിക -വ്യവസായ – പരമ്പരാഗത മേഖലയ്ക്കുള്ള ഊന്നല്‍.

കേരളഭൂഷണം ദിനപത്രം ചരിത്രം- വര്‍ത്തമാനം

കേരളത്തിന്റെ രാഷ്ട്രീയ -സാമൂഹ്യ- സാംസ്‌കാരിക -ആത്മീയ രംഗത്ത് നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ ദിനപത്രമാണ് കേരളഭൂഷണം. നിരണം കുറിച്ചിയേത്ത് കെ.കെ. കുരുവിളയാണ് പത്രത്തിന്റെ സ്ഥാപകന്‍. മദ്ധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ രംഗത്തെ സംശുദ്ധമാക്കുകയും ക്രൈസ്തവസഭകളുടെ  വിദ്യാഭ്യാസ,ആത്മീയ, സാംസ്‌കാരിക രംഗങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരളഭൂഷണം 1944ല്‍ കോട്ടയത്ത് ആരംഭിച്ചത്.നിരണം സ്വദേശിയാണെങ്കിലും കെ.കെ കുരുവിളയുടെ  പ്രവര്‍ത്തന മേഖല കോട്ടയമായിരുന്നു. മാര്‍ത്തോമ്മാ വൈദിക സെമിനാരിയുടെ ആദ്യ പ്രിന്‍സിപ്പലായും കോട്ടയം എം.റ്റി. സെമിനാരി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു. തിരുവിതാംകൂര്‍ പ്രജാസഭയില്‍ അംഗവുമായിരുന്നു അദ്ദേഹം. കേരളഭൂഷണം പത്രത്തിന്റെ ആദ്യത്തെ ചീഫ് എഡിറ്ററും കെ.കെ. കുരുവിളയായിരുന്നു.  1944ല്‍ കേരളഭൂഷണം അദ്ദേഹം കോട്ടയത്തെ പ്രമുഖ വ്യവസായിയും, പ്ലാന്ററുമായ അഞ്ചേരില്‍ എ.വി. ജോര്‍ജ്ജിനു കൈമാറി. എ.വി. ജോര്‍ജ്ജ് സാരഥ്യം ഏറ്റെടുത്തതോടെ പത്രത്തിന്റെ പ്രചാരം വര്‍ദ്ധിച്ചു. കോട്ടയം ജില്ലയില്‍ മാത്രമല്ല മദ്ധ്യതിരുവിതാകൂറിലെ തന്നെ പ്രധാന ഭാഷാ ദിനപത്രമായി കേരളഭൂഷണം വളരെ വേഗം ഉയര്‍ന്നു. മദ്ധ്യതിരുവിതാംകൂറിലെ ആദ്യത്തെ സായാഹ്നപത്രവും കേരള ഭൂഷണം ആണ്. 1959 ഓഗസ്റ്റ് 15ന് എ.വി. ജോര്‍ജ്ജ് നിര്യാതനായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രന്‍ വര്‍ക്കി ജോര്‍ജ്ജ് പത്രത്തിന്റെ ചുമതല ഏറ്റെടുത്തു. അക്കാലത്തെ ഗവണ്‍മെന്റിന്റെ നല്ല കാര്യങ്ങളെ പ്രകീര്‍ത്തിക്കുകയും പോരായ്മകളെ തുറന്നു കാട്ടുകയും ചെയ്ത പത്രത്തിന്റെ മുഖ പ്രസംഗവും രാഷ്ട്രീയ അവലോകനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് കുടിയേറ്റക്കാരുടെ ദുരിതങ്ങള്‍, ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ കേരളഭൂഷണം വലിയ പങ്ക് വഹിച്ചിരുന്നു. 1969ല്‍ കേരളഭൂഷണം കോട്ടയത്തെ കേരളധ്വനി പത്രത്തിന്റെ ഉടമ കല്ലറയ്ക്കല്‍ ഡോ.ജോര്‍ജ്ജ് തോമസിന് കൈമാറി. കേരളധ്വനി സായാഹ്ന പത്രമായി മാറ്റിക്കൊണ്ട് കേരളഭൂഷണം പ്രഭാതപത്രമായി നിലനിര്‍ത്തി.  കേരളത്തിലെ ഭാഷാ ദിന പത്രങ്ങളില്‍ ആദ്യമായി വാരാന്ത്യത്തില്‍  പ്രത്യേക പതിപ്പ് പ്രസിദ്ധീകരണം ആരംഭിച്ചത് കേരളഭൂഷണത്തിലാണ്. പത്രത്തിന്റെ വാരാന്ത്യം ഏറെ സവിശേഷതകള്‍ ഉണ്ടായിരുന്നതിനാല്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ദിനപത്രം ആദ്യമായി സ്വന്തം വാഹനങ്ങളില്‍ വിതരണക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതടക്കമുള്ള മാധ്യമരംഗത്തെ പ്രൊഫഷണലിസത്തില്‍ കേരളഭൂഷണം ഒരുചുവട് മുന്നിലായിരുന്നു. സാഹിത്യ-സാംസ്‌കാരിക-ചിന്താമണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളായിരുന്നു കേരളഭൂഷണത്തിന്റെ പത്രാധിപസ്ഥാനത്ത് വിളങ്ങിയിരുന്നത്. സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, പവനന്‍ എന്നിവരൊക്കെ കേരളഭൂഷണത്തിന്റെ പത്രാധിപന്‍മാരായിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഡോ. ജോര്‍ജ്ജ് തോമസിന് എണ്‍പതുകളുടെ മധ്യത്തില്‍ പത്രത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. തുടര്‍ന്ന്  കോഴഞ്ചേരി കലമണ്ണില്‍ കെ.ജെ. ഏബ്രഹാം പത്രം ഏറ്റെടുത്ത്  1989ല്‍ തിരുവല്ലയില്‍ നിന്നു പുനരാരംഭിച്ചുവെങ്കിലും ഒരു വര്‍ഷത്തിനു ശേഷം സാങ്കേതിക കാരണങ്ങളാല്‍ പ്രഭാത ദിനപത്രം നിര്‍ത്തിവെച്ച് പത്തനംതിട്ട കേന്ദ്രമാക്കി സായാഹ്ന ദിനപത്രമാക്കി മാറ്റി. 2006ലാണ് തിരുവല്ല പരുമല സ്വദേശിയും ഖത്തറിലെ പ്രമുഖ ഡോക്ടറുമായ കടവില്‍ ഡോ. കെ.സി. ചാക്കോ കേരളഭൂഷണം ഏറ്റെടുക്കുന്നത്. 2008 ഏപ്രില്‍ 14ന് വിഷുദിനത്തില്‍ തിരുവല്ലയില്‍ നിന്ന് സായാഹ്ന ദിനപത്രമായി പുനഃപ്രകാശനം ചെയ്ത  കേരളഭൂഷണം 2009 ഏപ്രില്‍ 14 മുതല്‍ പ്രഭാത ദിനപത്രമാക്കി മാറ്റി.തുടക്കത്തില്‍ മധ്യകേരളത്തില്‍ മാത്രമായി  പ്രചാരണം തുടങ്ങിയ പത്രം ഇപ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും സജീവസാന്നിദ്ധ്യമുറപ്പിച്ചു. ജാതി-മത-കക്ഷിരാഷ്ട്രീയ പക്ഷപാതിത്വമില്ലാതെ, സാമൂഹിക തിന്മകള്‍ക്കും അസമത്വങ്ങള്‍ക്കുംനീതിനിഷേധങ്ങള്‍ക്കുമെതിരെ നിര്‍ഭയമായ നിലപാടുകളില്‍ നിന്നുകൊണ്ട് തിരുത്തല്‍ ശക്തിയായി ഇടപെടുകയെന്നുള്ളതാണ് മുഖ്യപത്രാധിപ സ്ഥാനം വഹിച്ചുകൊണ്ട് ഡോ. കെ.സി ചാക്കോ കേരളഭൂഷണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

You must be logged in to post a comment Login