#Me Too

 

പ്രമുഖ എഴുത്തുകാരിയും ആകാശവാണി തൂത്തുക്കുടി നിലയം ഡയറക്ടറുമായ കെ.ആര്‍. ഇന്ദിര തൊഴില്‍മേഖലയിലും പുറത്തും തനിക്ക് നേരിടേണ്ടിവന്നിട്ടുള്ള ചില ലൈംഗിക അതിക്രമ അനുഭവങ്ങള്‍ തുറന്നുപറയുന്നു

ഒടുവില്‍ അയാള്‍ വന്നു. മദ്യപിച്ചുമത്തനായിട്ട്. അയാള്‍ എന്റെ കൈകള്‍ കവര്‍ന്നെടുത്ത് തെരുതെരെ ഉമ്മവെച്ചു വന്നപാടെ. ‘നീങ്കള്‍ എനിക്ക് ദേവി മാതിരി’ എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു അതോടൊപ്പം. വല്ല വിധേനയും കൈകള്‍ ഊരിയെടുത്ത് അയാളെ പുറത്താക്കി വാതിലടച്ചു ഞാന്‍. ഓഫീസ് സമയം കഴിഞ്ഞാല്‍ ഓഫീസ് ബ്ലോക്കില്‍ ആരും തന്നെ ഉണ്ടാകില്ല. ഗസ്റ്റ് ആയതുകൊണ്ട് ഞാന്‍ മുറിയ്ക്കകത്തും സെക്യൂരിറ്റി ഗാര്‍ഡ് ആയതുകൊണ്ട് അയാള്‍ പുറത്തും. ദയവും സംഭ്രമവും നിമിത്തം വെറുങ്ങലിച്ചുപോയി ഞാന്‍. അയാള്‍ കൊണ്ടുവന്ന ഭക്ഷണം കഴിയ്ക്കാന്‍ എനിക്കു മനസ്സുവന്നില്ല. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ എന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. അയാള്‍!!’പതിനോറു മണിയ്ക്ക് ഡ്രിങ്കിങ് വാട്ടറുമായി വറട്ടുമാ?’ആ കുടകുകാരന്‍ പറപറാ ഒച്ചയില്‍ ചോദിച്ചു. ‘നോ’ എന്ന് അലറിക്കൊണ്ട് ഫോണ്‍ കട്ട് ചെയ്തു ഞാന്‍. ദേഷ്യവും ഭയവും അമ്പരപ്പും നിമിത്തം ആ രാത്രി എനിയ്ക്ക് കാളരാത്രിയായി. ഇത്രയും പ്രായമുള്ള ഇത്രയും സീനിയറായ, ഗസറ്റഡ് ഓഫീസറായ, ഇത്രയും ലോകപരിചയമുള്ള, ഇത്രയും ധൈര്യവതിയായ എന്നോട് ഏറ്റവും താഴെക്കിടയിലുള്ള ഒരു കീഴുദ്യോഗസ്ഥന്‍ ഈ വിധം പെരുമാറി എന്നത് എനിക്കുണ്ടാക്കിയ അമ്പരപ്പ് സീമാതീതമായിരുന്നു. പിറ്റേന്ന് വിഷയം നിയമനടപടികള്‍ക്കു വിധേയമായപ്പോള്‍ അയാള്‍ (വിശ്വനാഥന്‍ എന്നാണെന്നു തോന്നു അയാളുടെ പേര്) ആര്‍ത്തുകരഞ്ഞുകൊണ്ട് എല്ലാം നിഷേധിച്ചു. ജീവിതത്തിലൊരിക്കലും ഞാന്‍ അങ്ങനെ ആരോടും പെരുമാറിയിട്ടില്ല എന്ന് അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. സഭാതലം നിശ്ശബ്ദമായി. അവിശ്വാസത്തോടെ അത് എന്നെ നേരിട്ടു. ആ സെക്യൂരിറ്റി ഗാര്‍ഡിനെ അനുകരിച്ചുകൊണ്ട് പറപറാ ശബ്ദത്തില്‍ പറഞ്ഞു.’പതിനോറു മണിയ്ക്ക് ഡ്രിങ്കിങ്ങ് വാട്ടറുമായി വരട്ടുമാ’ എന്നാണ് ഇയാള്‍ ഫോണില്‍ എന്നോട് ചോദിച്ചത്.സഭയ്ക്ക് ബോദ്ധ്യപ്പെട്ടു. തീപ്പാറുന്ന കണ്ണുകള്‍ പ്രതിയ്ക്കുനേരെ തിരിഞ്ഞു. അയാള്‍ ആര്‍ത്തുകരഞ്ഞു കൊണ്ട് തുടരെത്തുടരെ  മാപ്പപേക്ഷിച്ചു. വെള്ളത്തിലായിരുന്നതുകൊണ്ട് അറിയാതെ ചെയ്തുപോയതാണ് എന്ന് ‘അവത’ പറഞ്ഞു. സഭ ശാന്തമായി.’ഒലൃല മളലേൃ ഹമറശല െംശഹഹ ിീ േയല മരരീാാീറമലേറ ശി ഴൗലേെ ൃീീാ!സഭ തീരുമാനിച്ചു.നഷ്ടം സ്ത്രീക്കു തന്നെ.അല്‍പ്പനാളുകള്‍ക്കുള്ളില്‍ തിരിച്ചു കേരളത്തിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടാനുള്ള ഹൈക്കോടതി ഉത്തരവ് കൈപ്പറ്റി ഇരിയ്ക്കുന്ന എനിക്ക് അവിടെ നീതിനിര്‍വ്വഹണം നടത്താന്‍ താത്പര്യമില്ല എന്നു വ്യക്തമാക്കിക്കൊണ്ട് ഞാന്‍ മുറിവിട്ടിറങ്ങി.ഈ വിധമുള്ള നൂറുനൂറനുഭവങ്ങള്‍ നിറഞ്ഞതാണ് ഓരോ സ്ത്രീയുടെയും ജീവിതം.  ഓരോ ഗ്രന്ഥം രചിയ്ക്കാനുള്ള അനുഭവങ്ങള്‍ ഓരോ സ്ത്രീക്കും ഉണ്ട്. പുസ്തകത്തിന് ‘അവന്‍’ എന്നു പേരിടാം. അദ്ധ്യായങ്ങള്‍ക്ക് വിശ്വനാഥന്‍, രാജശേഖരന്‍, ഐസക്ക് , മുബാറക്ക് പാഷ  എന്നൊക്കെയും പേരിടാം. പേരറിയാത്ത നൂറുകണക്കിനാണുങ്ങളെക്കുറിച്ചുപന്യസിയ്ക്കുമ്പോഴെന്തു ചെയ്യും? എങ്ങനെ പേരിടും?സിനിമാ തീയേറ്ററില്‍ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്ന് സ്വയംഭോഗം ചെയ്യുന്നവനെ, ബസ്സില്‍ സീറ്റിനോട് ചേര്‍ന്നു നിന്നുകൊണ്ട് ലിംഗം കക്ഷത്തിലേയ്ക്കു തള്ളിക്കയറ്റുന്നവനെ, തിക്കിത്തിരക്കിത്തൂങ്ങിപ്പിടിച്ചു നിന്നു യാത്ര ചെയ്യുമ്പോള്‍ പിന്നില്‍ നിന്നു ‘ജാക്കി’ വെയ്ക്കുന്നവനെ, എതിരെ നടന്നുവരവെ നിമിഷാര്‍ദ്ധം കൊണ്ട് കൈനീട്ടി ഒരു ഞെക്കുഞെക്കി കടന്നുകളയുന്നവനെ ഒക്കെപ്പറ്റി എഴുതുമ്പോള്‍ എന്തു പേരിടാം ആ എഴുത്തിന്? ഇത്തരത്തിലെല്ലാമുള്ള നൂറായിരം അനുഭവങ്ങളില്‍ അഞ്ചോ ആറോ എണ്ണം സ്ത്രീ പുറത്തു പറയുമ്പോഴുള്ള കോലാഹലമാണ് ഇക്കാണുന്നത്! പ്രൈവറ്റ് കമ്പനികളിലും പത്രസ്ഥാപനങ്ങളിലും സര്‍ക്കാരോഫീസുകളിലും നടന്നുവരുന്ന ചൂഷണങ്ങള്‍ പുറത്തുപറയുമ്പോള്‍ ആണുങ്ങള്‍ പറയുന്നു: ‘ഈ പെണ്ണുങ്ങള്‍ അത്ര സാധുക്കളൊന്നുമല്ല. കിട്ടാനുള്ളതൊക്കെ കൈപ്പറ്റിയ ശേഷമുള്ള കുറ്റപ്പെടുത്തലുകളാണ് മീ റ്റൂ’. പുരുഷന്മാര്‍ പറയട്ടെ. അനര്‍ഹമായ പരിഗണന ആവശ്യപ്പെട്ടുകൊണ്ട് തന്നെ സമീപിച്ച സ്ത്രീയോട് അതിനു പ്രതിഫലമായി താന്‍ ചോദിച്ചുവാങ്ങിയതോ ആ സ്ത്രീ അറിഞ്ഞു തന്നതോ ആയിരുന്നു ആ ലൈംഗികസുഖം എന്ന് ഒരുവനും പറയാനൊക്കില്ല. സ്ത്രീ ബലം പ്രയോഗിച്ച് തന്നില്‍ നിന്ന് ലൈംഗികസുഖം പിടിച്ചെടുക്കുകയായിരുന്നു എന്ന്. ‘അവള്‍ എന്നെ ശല്യം ചെയ്യുന്നു, എന്തൊരു മാരണം’ എന്ന് കത്തി ജ്വലിച്ച ഒരേയൊരു പുരുഷനെയേ ഞാന്‍ കണ്ടിട്ടുള്ളു. എന്നാല്‍ പുരുഷന്മാരുടെ ലൈംഗികാക്രമങ്ങളെപ്പറ്റി വിലപിക്കുകയും ജ്വലിക്കുകയും ചാമ്പലാക്കുകയും ചെയ്യുന്ന ഒരായിരം സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. സ്ത്രീകള്‍ രസിക്കുകയും പിന്നീട് പരസ്യപ്പെടുത്തുകയും ചെയ്യുന്നുവത്രെ! പുരുഷന്മാര്‍ക്കുമാകാം പരസ്യപ്പെടുത്തല്‍, അവരതു ചെയ്യട്ടെ.ഇപ്പോഴേ വസ്തുത വിളംബരം ചെയ്തില്ലെങ്കില്‍ നാളെ ‘അയാള്‍’ എന്നെ പ്രതിസ്ഥാനത്തു നിര്‍ത്തി പ്രചാരണം നടത്തിയേക്കും എന്ന് ഞാന്‍ പഠിച്ചത് ഘാസിയാബാദിലെ ഒരു ബര്‍സാത്തിയില്‍വെച്ചാണ്. ഓഫീസേഴ്‌സ് ബേസിക് ട്രെയിനിങ്ങിനായി ഡെല്‍ഹിയില്‍ താമസിച്ചിരുന്ന എന്നെ, ഭര്‍ത്താവിന്റെ ചെറിയച്ഛന്‍ വന്ന് വിരുന്നു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സല്‍ക്കാരത്തിനു കുറവൊന്നുമുണ്ടായില്ല. ഒറ്റമുറിയിലെ രണ്ടുകട്ടിലുകളില്‍ ഒന്ന് എനിയ്ക്കുതന്ന് ചെറിയമ്മ മകനോടൊപ്പം നിലത്ത് പായ് വിരിച്ചു കിടന്നു. ക്യാന്‍സര്‍ രോഗിയായ ചെറിയച്ഛന്‍ മറ്റേ കട്ടിലിലും. പാതിരാവിലെപ്പോഴോ അസാധാരണ ശബ്ദം കേട്ട്  ഞാന്‍ ഉണര്‍ന്നു. കണ്ടു ഞാന്‍ അയാളെ, എന്റെ കട്ടിലില്‍ മുട്ടുകുത്തി നില്‍ക്കുന്നതായിട്ട്. എന്റെ ചുരിദാറിന്റെ വള്ളിക്കെട്ട് വലിച്ചഴിക്കാനുള്ള ശ്രമത്തിലായിരുന്നു അയാള്‍. ക്യാന്‍സര്‍ ചികിത്സയ്ക്കു വേണ്ടി അയാളുടെ തൊണ്ടയിലുണ്ടാക്കിയ ദ്വാരത്തിലൂടെ ശ്വാസവും ഉച്ഛ്വാസവും ചൂളം വിളിച്ചുകൊണ്ട് പാഞ്ഞുനടന്നു വെപ്രാളത്തോടെ. ആ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ഞാന്‍ ചാടിയെഴുന്നേറ്റ് അയാളെ ഉന്തിത്തള്ളിത്താഴെയിട്ടു. അയാളില്‍ നിന്ന് രക്ഷപ്പെടാന്‍വേണ്ടി ചെറിയമ്മയെ കെട്ടിപ്പിടിച്ചുകിടന്ന് നേരം വെളുപ്പിച്ചു. തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച് സംസാരശേഷി നഷ്ടപ്പെട്ട അയാള്‍ പിറ്റേന്നു രാവിലെ എന്റെ മുന്നില്‍ എഴുതിക്കാണിച്ചു. ‘ചെറിയമ്മയോട് പറയരുത്’പെട്ടെന്നു തിരിച്ചുപോകേണ്ടതുണ്ട് എന്ന് പറഞ്ഞ് രാവിലെത്തന്നെ ഞാന്‍ പുറപ്പെട്ടു. തിരിച്ചെത്തിയ ശേഷം അയാളുടെ ഭാര്യയ്ക്കും എന്റെ ഭര്‍ത്താവിനും ഞാന്‍ കത്തെഴുതി.’സ്വന്തം ഭാര്യയേയും മകന്റെ ഭാര്യയെയും തമ്മില്‍ തിരിച്ചറിയാത്ത ശപ്പനാണ് അയാള്‍’ എന്ന്. അങ്ങനെ ഞാന്‍ എഴുതിയില്ലെങ്കില്‍ ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ ചെറിയച്ഛനെയും തമ്മില്‍ തിരിച്ചറിയാത്തവളാണ് ഞാന്‍ എന്ന് അയാള്‍ പ്രചരിപ്പിക്കുമായിരുന്നു. കത്തുകിട്ടിയപ്പോള്‍ ഭര്‍ത്താവ് മറുപടിയെഴുതി.’വീട്ടിലാരോടും പറയരുത്.’ആരുമാരുമറിയാതെ, ഒന്നുമൊന്നും ചെയ്യാതെ തേഞ്ഞുമാഞ്ഞു പോകണം എന്നാണ് ഇത്തരം സംഭവങ്ങളിലെ പൊതുതാത്പര്യം. എല്ലാം നിന്റെ കുഴപ്പമാണ് എന്ന് പെണ്ണിനോടൊരാക്രോശവും ആകാം..ഭര്‍ത്താവില്‍ നിന്ന് പലവട്ടം ഞാനത് കേട്ടതാണ്. അയാളെ ഉപേക്ഷിച്ചതുകൊണ്ട് അധികകാലം അത് വേണ്ടിവന്നില്ല എന്നത് വലിയ ആശ്വാസം.പുരുഷന്റെ കാമാസക്തിയാണ് ഇവിടെയെല്ലാം അടിസ്ഥാനപ്രശ്‌നം. അതിനുള്ള പ്രതിവിധി കണ്ടെത്തുന്നത് ഭാവിയില്‍ പുരുഷവര്‍ഗ്ഗത്തിന് അത്യാവശ്യമായി ഭവിയ്ക്കും. സ്തീകള്‍ പഴയ സ്ത്രീകളല്ല. അവര്‍ പുരുഷന്മാരുടെ ജീവിതം തകര്‍ത്തുകളഞ്ഞേക്കും. ആയ കാലത്ത് ചെയ്തുകൂട്ടുന്നതിനൊക്കെ ചാവുംകാലത്തെ നരകമാണ് ഫലം. മറക്കാതിരിയ്ക്കുക. ഒരുപറ്റം സ്ത്രീകള്‍ സൂക്ഷ്മദൃഷ്ടികളോടെ ഓരോ പുരുഷന്റെയും ചുറ്റിലുമുണ്ട്.

കെ.ആര്‍. ഇന്ദിരയുടെ കൃതികള്‍1. ഇല്ലം നിറ (കഥകള്‍)2. കലാപത്തിന്റെ കയ്യൊപ്പ് (നോവല്‍)3. സ്‌ത്രൈണ കാമസൂത്രം 4. റേഡിയോ നാടകം – അരങ്ങും അണിയറയും5. മലയാളി ലൈംഗികത6. ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിലെ ഭൗതികത

You must be logged in to post a comment Login