ശ്രീലങ്കന്‍ സ്‌ഫോടനം: ഉത്തരാവാദിത്വം ഐഎസ് ഏറ്റെടുത്തു

കൊളംബോ: ലോകത്തെ നടുക്കിയ ശ്രീലങ്കയിലെ സ്‌ഫോടനപരമ്പരയുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ഈസ്റ്റര്‍ ദിനത്തില്‍ വിവിധ പളളികളിലും ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടനപരമ്പരയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 321 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 500 പേര്‍ക്ക് പരിക്കേറ്റു.

ന്യൂസിലന്‍ഡില്‍ മുസ്ലീം പളളികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരനടപടിയാണ് ശ്രീലങ്കയില്‍ സംഭവിച്ചതെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പ്രാദേശിക തലത്തിലെ രണ്ട് ഇസ്ലാമിക് ഗ്രൂപ്പുകളാണ് ഈ ആക്രമണത്തിന് പിന്നിലെന്നും ശ്രീലങ്കന്‍ അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടോ എന്നത് അടക്കമുളള വിഷയങ്ങള്‍ പരിശോധിച്ചുവരുന്നതായും ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചിരുന്നു.അതേസമയം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാന്‍ കൊളംബോയില്‍ എത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി.

ശ്രീലങ്കയില്‍ നടന്നത് ചാവേറാക്രമണമാണ് എന്ന് ശ്രീലങ്കന്‍ സുരക്ഷാവിഭാഗം കണ്ടെത്തിയിരുന്നു. ഏഴു ചാവേറുകളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. ഇത് ന്യൂസിലന്‍ഡില്‍ മുസ്ലിം പളളികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരനടപടിയാണെന്ന് മന്ത്രി റുവാന്‍ വിജേവര്‍ധന പാര്‍ലമെന്റില്‍ പറഞ്ഞു. എന്നാല്‍ ന്യൂസിലന്‍ഡില്‍ 50 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിന് ശ്രീലങ്കയിലെ സംഭവുമായുളള ബന്ധത്തെ കുറിച്ച് കൂടുതല്‍ വിവരിക്കാന്‍ മന്ത്രി തയ്യാറായില്ല. ശ്രീലങ്കയിലെ ഇസ്ലാമിക് ഗ്രൂപ്പായ നാഷണല്‍ തൗഹീദ് ജമാത്ത് അടക്കമുളള രണ്ട് തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളാണ് ഈ ആക്രമണത്തിന് പിന്നിലെന്നും വിജേവര്‍ധന ആരോപിച്ചിരുന്നു.

You must be logged in to post a comment Login