WEB MAGAZINEARTICLES

അക്കിത്തത്തെ ഓർക്കുമ്പോൾ

 

എം.തോമസ് മാത്യു

    അങ്ങനെ അക്കിത്തവും പോയി. ഒരു കാലഘട്ടം നമ്മുടെ മുമ്പിൽ എരിഞ്ഞടങ്ങുകയാണ്. അതോടെ നമ്മുടെ മൂല്യസങ്കല്പവും പരിണാമം പ്രാപിക്കുകയാണോ? എന്തായിരുന്നു അക്കിത്തം നമ്മുടെ മനസ്സിൽ ഉണർത്തി നിർത്തിയ മൂല്യബോധം? നന്നേ ചെറുപ്പത്തിൽ മുള നീട്ടി തുടങ്ങിയതാണ് അക്കിത്തത്തിൻ കവിത എന്നു പ്രസിദ്ധമാണ്. ഉണ്ണി നമ്പൂതിരിയായി കളിച്ചു നടന്ന കാലത്ത് ആരോ കാണിച്ചുകൂട്ടുന്ന തുമ്പില്ലായ്കയുടെ നേരെയുള്ള പ്രതിഷേധവുമായിട്ടാണ് അതിന്റെ പുറപ്പാട്. കവിത എഴുതണമെന്നു വെച്ചിട്ടൊന്നുമല്ല, ആരോ കാട്ടിയ വികൃതിത്തരം തന്റെ മൂല്യബോധത്തെ പ്രകോപിപ്പിച്ചിരിക്കുന്നു. അതങ്ങനെ വിടാൻ പറ്റില്ല; അതിന്റെ നേരെയുള്ള പ്രതിഷേധവും ധർമ്മരോഷവുമാണ് അമ്പലമതിലിൽ കരിക്കട്ടകൊണ്ട് കോറിയിട്ട വരികൾ. അക്കിത്തത്തിന്റെ കാവ്യജീവിതത്തിന്റെ കഥ വിസ്തരിക്കാൻ വേണ്ടി പറഞ്ഞതല്ല. കവിത്വത്തിന്റെ തിരനോട്ടം തന്നെ ഒരു ജീവിത സങ്കല്പത്തിന്റെ താളം തെറ്റുന്നത് കണ്ടുള്ള അസ്വാസ്ഥ്യമായിട്ടായിരുന്നു എന്നു നിരീക്ഷിക്കാൻ വേണ്ടിയാണ് ഇക്കാര്യം പറഞ്ഞത്. അക്കിത്തത്തിന്റെ കാവ്യജീവിതത്തിൽ എന്നും ഈ അസ്വാസ്ഥ്യത്തിന്റെ അടയാളം കാണാം.

    തുമ്പില്ലാതെ പ്രവർത്തിക്കുന്നവരുടെ നേരെയുള്ള ഈ കരിക്കട്ട പ്രയോഗം മുതൽ ഭാഗവത വിവർത്തനം വരെയുള്ള ആ ദീർഘ കാവ്യപഥമുണ്ടല്ലോ, അതിലെവിടെയും വെളിച്ചമായും പ്രാണനായും ആവിഷ്‌ക്കാരം കൊണ്ടത് ഈ മനസ്സാണ്.

    ആദ്ധ്യാത്മികതയിലൂന്നിയ മാനവവാദം എന്ന് വേണമെങ്കിൽ അതിന് പേര് കൊടുക്കാം. നന്നേ ചെറുപ്പം മുതൽ, എന്നുവെച്ചാൽ വേദമന്ത്രങ്ങൾ പഠിച്ചുചൊല്ലാൻ നാവു വഴങ്ങിത്തുടങ്ങുംമുമ്പ് മുതൽ ഋഗ്വേദം ചൊല്ലിപ്പടിക്കാൻ തുടങ്ങിയതാണ് അക്കിത്തം. വഴിക്കുവഴിയായി ശ്രുതി-സ്മൃതികൾ അദ്ദേഹത്തിന് കരതരാമലകമായി. ആചാരമൊപ്പിച്ച് ചൊല്ലാൻ മാത്രമല്ല അദ്ദേഹം പഠിച്ചത്. ആർഷമായ ഈ വാക്കുകളിൽ ബലിഷ്ഠമായ ഒരു ദർശനത്തിന്റെ വടിവു തെളിയുന്നത് അക്കിത്തം കണ്ടു.

    ആർഷ പൈതൃകത്തെച്ചൊല്ലി മേനി നടിക്കുന്നവർക്ക് ഈ ദർശനം അന്യമാണെന്നും അക്കിത്തം കണ്ടു. വേദം പഠിച്ച് യാഥാസ്ഥിതികനായി ഹൃദയം കുടുസാക്കാനല്ല, ഉത്പതിഷ്ണത്വം വരിച്ച് മനുഷ്യമഹത്വം ഉയർത്തിപ്പിടിക്കാനാണ് അദ്ദേഹം ഉദ്യമിച്ചത്. കവിയുടെ കണ്ണീരുറഞ്ഞ് വെണ്ണക്കല്ലുണ്ടാകുന്നതിനെപ്പറ്റി അദ്ദേഹം എഴുതി; ലോകത്തിന് അനുഗ്രഹമായിത്തീരേണ്ട വിശേഷാൽ കിട്ടിയ വരങ്ങൾ സ്വാർത്ഥത്തിന് ഉപയോഗപ്പെടുത്തുമ്പോൾ നഷ്ടപ്പെടുന്നതെങ്ങനെ എന്ന് അദ്ദേഹം വിവരിച്ചു. സ്‌തോഭപൂർണ്ണമായ സംഭവങ്ങളിൽ നിന്നല്ല അക്കിത്തത്തിന്റെ കവിത ജനിക്കുന്നതും അതിന്റെ ദർശനസാഫല്യത്തിൽ എത്തുന്നതും. മച്ചിൽ എന്തോ ശബ്ദം കേട്ട് എന്താണെന്ന് നോക്കാൻ ചെന്നതാണ്. കണ്ടതോ? പുഞ്ചിരി പുരട്ടിയ വായിൽ വെണ്ണയുമായി ഉണ്ണിക്കണ്ണൻ. ഇത് തന്റെ പേരക്കിടാവല്ലേ എന്ന് സംശയം (യഥാർത്ഥത്തിൽ പേരക്കിടാവ് തന്നെ) പക്ഷേ കവിയുടെ മുമ്പിൽ സാക്ഷാൽ ഉണ്ണികൃഷ്ണൻ തന്നെ. ഉടനെ വന്നൂ തത്വബോധം. ”വ്യത്യാസമെന്തുള്ളൂ ഹേ    ജീവാത്മാവും പരമാത്മാവും തമ്മിൽ?” ഇതാണ് അക്കിത്തം. എളിമയാർന്ന ജീവിത പശ്ചാത്തലത്തിൽ നിന്ന് ഒറ്റ കുതിപ്പാണ്, ഉപനിഷത് സാരമായ ആദ്ധ്യാത്മിക തത്വങ്ങളുടെ ഗരിമയിലേക്ക്! ആനപ്പുറത്തു കേറ്റാൻ നിർബന്ധിക്കുന്ന കുട്ടികളോട് ”എന്റെയെല്ലന്റെയല്ലീ കൊമ്പനനാകൾ, എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ” ഇത് വായിക്കുമ്പോൾ ശുഭം നമഃ എന്ന മന്ത്രം മന്ത്രസ്ഥായിയിൽ ഉള്ളിലുണരാതെ പോകുമോ?

    ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിയ്ക്കവേ, കുതിക്കയാണന്നാത്മാവിൽ ആയിരം സൗരമണ്ഡലം, ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായി ചെലവാക്കവേ ഹൃദയത്തിലുളവാകുന്നു നിത്യനിർമ്മല പൗർണ്ണമി, എന്നെഴുതിയ കവിയാണ് അദ്ദേഹം. ഈ ലളിത സത്യം ഗ്രഹിക്കാൻ മർത്യൻ എത്ര വഴി നടക്കണം, എത്ര നരകം താണ്ടണം എന്നും അക്കിത്തം അറിയിക്കുന്നു.

Related Articles

Back to top button