ന്യൂഡല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്ക് ക്ഷതമേറ്റാലും രാജ്യത്തിന് മാത്രമാണ് നഷ്ടമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ നന്മയ്ക്കായി കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നം അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം,കര്‍ഷകരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ ഒരാള്‍ മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശിയാണ് മരിച്ചത്. പൊലീസ് വെടിവെയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് കര്‍ഷകര്‍ ആരംഭിച്ചു. മൃതദേഹവുമായി കര്‍ഷകര്‍ പ്രതിഷേധം നടത്തുകയാണ്. ട്രാക്ടര്‍ മറിഞ്ഞാണ് കര്ഷകന് മരിച്ചത് എന്നാണ് പൊലീസ് വാദം.
ഡല്‍ഹി നഗരത്തിന്റെ പ്രധാന ഭാഗങ്ങള്‍ കീഴടക്കിയ പ്രക്ഷോഭകര്‍ രാജ്കോട്ട്, ചെങ്കോട്ട എന്നിവിടങ്ങള്‍ വളഞ്ഞു. ചെങ്കോട്ടയ്ക്ക് മുകളില്‍ കര്‍ഷക സംഘടനകളുടെ കൊടികള്‍ സ്ഥാപിച്ചു.
വ്യാപക സംഘര്‍ഷമാണ് ഡല്‍ഹി വീഥികളില്‍ പൊലീസും കര്‍ഷകരും തമ്മില്‍ നടന്നത്. അനുമതി നല്കിയ വഴികളില്‍ നിന്ന് വ്യത്യസ്തമായി മാര്‍ച്ച് നടത്തിയത് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. സിംഘുവില്‍ നിന്ന് പുറപ്പെട്ട് ഗാസിപ്പൂര്‍ വഴിവന്ന സംഘമാണ് ആദ്യം ഡല്‍ഹിയില്‍ പ്രവേശിച്ചത്. ഇവരെ പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറിച്ചിട്ട് മുന്നോട്ടുനീങ്ങിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി, കണ്ണീര് വാതകവും പ്രയോഗിച്ചു.
ഐടിഒയിലെത്തിയ ട്രാക്ടറുകറുകളുടെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. ഇതില്‍ രോക്ഷം പൂണ്ട കര്‍ഷകര്‍ റോഡിന് കുറുകെയിട്ടിരുന്ന ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളും കണ്ടെയ്നറും മറിച്ചിട്ടു. ഇതിന് പിന്നാലെയാണ് ഇവര്‍ ചെങ്കോട്ടയിലേക്ക് എത്തിയത്.