ത്രിപുരയിൽ മുസ്ലിം വിഭാഗങ്ങൾക്കെതിരെ നടന്ന വർഗീയാക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി രാഹുൽ ഗാന്ധി. അന്ധതയും ബധിരതയും നടിച്ച് ഈ സർക്കാരിന് എത്രകാലം തുടരാനാകുമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
‘ത്രിപുരയിൽ മുസ്ലിം സഹോദരൻമാർ ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയമാകുകയാണ്. ഹിന്ദുവിന്റെ പേരിൽ അക്രമങ്ങളും വെറുപ്പും വ്യാപിപ്പിക്കുന്നവർ ഹിന്ദുവല്ല, വഞ്ചകരാണ്’ -രാഹുൽ ട്വീറ്റ് ചെയ്തു.
ത്രിപുരയിൽ മുസ്ലിം വിഭാഗങ്ങൾക്കെതിരെ ഒരാഴ്ചയായി അതിക്രമങ്ങൾ ശക്തമാണ്. അക്രമികൾക്ക് പൊലീസിന്റെയും ഭരണകൂടത്തിന്റെയും പൂർണ സഹകരണമുണ്ടെന്ന് വിമർശനനം ഉയരുന്നുണ്ട്. ഈ മാസം ആദ്യം ദുർഗാപൂജ ആഘോഷങ്ങൾക്കിടെ ബംഗ്ലാദേശിൽ ഹിന്ദു വിരുദ്ധ അക്രമങ്ങൾക്കുള്ള പ്രതികാരമായാണ് ത്രിപുരയിൽ ആക്രമണങ്ങൾക്ക് തുടക്കം കുറിച്ചത്. മാരകായുധങ്ങളുമായി കടുത്ത മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വി.എച്ച്.പിയുടെ നേതൃത്വത്തിൽ പരസ്യമായി വിദ്വേഷ റാലികൾ നടന്നത്.