BREAKINGKERALA
Trending

അങ്കംകുറിച്ച് പ്രിയങ്ക; കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തി പത്രിക സമര്‍പ്പിച്ചു

കല്‍പറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയനാട് കലക്ടര്‍ ഡി.ആര്‍. മേഘശ്രീക്കാണ് പത്രിക സമര്‍പ്പിച്ചത്. രാവിലെ റോഡ് ഷോ നടത്തി ജനങ്ങളെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് കലക്ടറേറ്റിലെത്തിയത്. അമ്മ സോണിയ ഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര, മകന്‍ റെയ്ഹാന്‍ വാധ്ര, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്കയെത്തിയത്. പത്രികാ സമര്‍പ്പണത്തിന് അഞ്ചുപേരില്‍ക്കൂടുതല്‍ പറ്റില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കടുപ്പിച്ചതോടെ റോബര്‍ട്ട് വാധ്രയും മകനും പുറത്തേക്കുപോയി. മൂന്നു സെറ്റ് പത്രികയാണ് സമര്‍പ്പിക്കുന്നത്. ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു.
രാവിലെ ആര്‍പ്പുവിളികളോടെയാണ് ആയിരങ്ങള്‍ പ്രിയങ്ക ഗാന്ധിയെ വയനാടിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്തത്. കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തടിച്ചുകൂടിയ ജനത്തിനിടയിലേക്ക് വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക വന്നിറങ്ങിയപ്പോള്‍ അമ്മ സോണിയ ഗാന്ധിയും സഹോദരന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസിലെ ഉന്നത നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഗാന്ധി കുടുംബത്തിലെ മൂന്നുപേരെയും ഒരുമിച്ചു കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലാത്തവര്‍ പോലും കെട്ടിടങ്ങള്‍ക്ക് മുകളിലും മറ്റും കയറി രാവിലെ മുതല്‍ കാത്തു നില്‍ക്കുകയായിരുന്നു. പൂക്കള്‍ വിതറിയാണ് നേതാക്കളെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത് ‘വയനാടിന്റെ പ്രിയങ്കരി’ എന്ന ബാനറുകളാണ് എല്ലായിടത്തും നിറഞ്ഞത്. നിറഞ്ഞ കരഘോഷത്തോടെയാണ് പ്രിയങ്കയുടെ വാക്കുകള്‍ വയനാട് കേട്ടത്.
‘അച്ഛന്‍ രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വേണ്ടി 35 വര്‍ഷത്തോളം പ്രചാരണം നടത്തി. ആദ്യമായാണ് എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. ഈ അവസരത്തിന് ഖര്‍ഗെയോടും കോണ്‍ഗ്രസിനോടും നന്ദി പറയുന്നു. ഞാന്‍ ചൂരല്‍മലയും മുണ്ടക്കെയും സന്ദര്‍ശിച്ചു. എല്ലാം നഷ്ടമായവരെ അവിടെ കണ്ടു. എല്ലാവരും പരസ്പരം പിന്തുണ നല്‍കി. വയനാട്ടുകാരുടെ ധൈര്യം ആഴത്തില്‍ സ്പര്‍ശിച്ചു. വയനാട് കുടുംബത്തിന്റെ ഭാഗമാകാന്‍ സാധിക്കുന്നത് ഭാഗ്യവും ആദരവുമാണ്. അധികാരം നല്‍കിയര്‍ അധികാരം വിദ്വേഷം പ്രചരിപ്പിക്കുന്നു.
നമ്മള്‍ സത്യത്തിനും അഹിംസയ്ക്കും നീതിക്കും വേണ്ടി പോരാടുകയാണ്. നിങ്ങളുടെ പിന്തുന്ന ഇല്ലാതെ എന്റെ സഹോദരനു രാജ്യം മുഴുവനും നടക്കാന്‍ സാധിക്കില്ല. ലോകം മുഴുവന്‍ എന്റെ സഹോദരനെതിരെ തിരിഞ്ഞപ്പോള്‍ നിങ്ങള്‍ ഒപ്പം നിന്നു. ഞങ്ങളുടെ കുടുംബം എല്ലാ കാലവും കടപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഞങ്ങളുടെ കുടുംബം തന്നെയാണ്. വന്യജീവി സംഘര്‍ഷം രാത്രിയാത്ര നിരോധനം തുടങ്ങി വയനാട് നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നു. നമുക്ക് അവയെല്ലാം ഒരുമിച്ചുനിന്നു പരിഹരിക്കണം. എല്ലാവരുടെയും വീട്ടില്‍ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
ഈ രാഷ്ട്രീയത്തിനെല്ലാം അപ്പുറം ഞാന്‍ രണ്ട് കുട്ടികളുടെ അമ്മയാണ്. എന്റെ കുടുംബത്തിനു പ്രശ്‌നം വന്നപ്പോഴെല്ലാം ഞാന്‍ അവരോടൊപ്പം നിന്നു. നിങ്ങളും എന്റെ കുടുംബമാണ്. നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും സന്തോഷങ്ങളിലും ഞാന്‍ നിങ്ങളോടൊപ്പമിക്കും നിങ്ങള്‍ക്ക് ഒരിക്കലും ബുദ്ധിമുട്ടാകില്ല. എന്നെ സ്ഥാനാര്‍ഥിയാക്കിയതിന് ഹൃദയത്തില്‍നിന്നു നന്ദി പറയുന്നു.” പ്രിയങ്ക ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു.
പിന്നാലെ സംസാരിച്ച രാഹുല്‍ വയനാടുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും പ്രിയങ്കയെക്കുറിച്ചും പറഞ്ഞു. ”വയനാട്ടിലെ ജനങ്ങളുമായുണ്ടായ എന്റെ ബന്ധം എന്തായിരുന്നവെന്നു നിങ്ങള്‍ക്ക് അറിയാം. വയനാട് എനിക്കുവേണ്ടി ചെയ്തത് എന്താണെന്നു വാക്കുകളില്‍ പറയാന്‍ സാധിക്കില്ല. മനസ്സില്‍ അത്ര വലിയ ആഴത്തിലുള്ള വികാരമാണ്. ഇന്ത്യയില്‍ ഒരു മണ്ഡലത്തില്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റില്‍ ഉള്ളത് വയനാട് മണ്ഡലത്തിലായിരിക്കും. ഒരാള്‍ ഔദ്യോഗിക എംപിയും മറ്റൊരാള്‍ അനൗദ്യോഗിക എംപിയുമായിരിക്കും. പ്രിയങ്കയോടു കുട്ടിക്കാലത്തു ചോദിക്കുമായിരുന്നു കൂട്ടുകാരെ സംരക്ഷിക്കാന്‍ വേണ്ടി ഇത്രയും ചെയ്യേണ്ടതുണ്ടോ എന്ന്. എനിക്കതു ചെയ്യേണ്ടതുണ്ട്, സുഹൃത്തുക്കള്‍ നന്ദി പറഞ്ഞില്ലെങ്കിലും പ്രശ്‌നമല്ല എന്നായിരുന്നു മറുപടി. അങ്ങനെയുള്ള പ്രിയങ്ക കുടുംബത്തിനു വേണ്ടി എന്തുമാത്രം ചെയ്യും. അച്ഛന്‍ മരിച്ചപ്പോള്‍ എല്ലാം നഷ്ടമായപ്പോള്‍ അമ്മയെ നോക്കിയതെല്ലാം പ്രിയങ്കയാണ്. കയ്യിലെ രാഖി പോല ഞാന്‍ പ്രിയങ്കയെ സംരക്ഷിക്കുന്നു. നിങ്ങളും അതുപോലെ എന്റെ സഹോദരിയെ സംരക്ഷിക്കണം” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമയ എല്ലാവരെയും ഓര്‍മിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ”വയനാട്ടിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് പ്രിയങ്ക സ്ഥാനാര്‍ഥിയായത്. പ്രിയങ്ക വളരെ കരുത്തുറ്റ സ്ത്രീയാണ്. അവര്‍ പാര്‍ലമെന്റില്‍ വയനാട്ടുകാരുടെ കരുത്തുറ്റ ശബ്ദമായി മാറും. പ്രിയങ്ക ഗാന്ധിയെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കുക എന്നത് വയനാട്ടുകാരുടെ ഉത്തരവാദിത്തമാണ്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ജയം കോണ്‍ഗ്രസിനോടു വയനാട്ടുകാര്‍ക്കുള്ള അചഞ്ചല വിശ്വാസത്തിന്റെ പ്രതീകമാണ്. പ്രിയങ്ക കരുത്തറ്റ പോരാളിയാണ്” ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button