BREAKING NEWSKERALALATEST

അങ്കമാലിയില്‍ മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു

കൊച്ചി: എറണാകുളം അങ്കമാലി നായത്തോട് മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നായത്തോട് സ്വദേശി മേരിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് മേരിക്ക് മകന്‍ കിരണിന്റെ കുത്തേറ്റത്. ഇവരുടെ വീട്ടില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്നാണ് മേരിയെ മകന്‍ കിരണ്‍ കുത്തി പരിക്കേല്‍പ്പിച്ചത്.
പ്രതിയായ കിരണിനെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ആലുവ സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നായത്തോട് പുതുശേരി പരേതനായ കുഞ്ഞുമോന്റെ ഭാര്യയായിരുന്നു 42 കാരിയായ മേരി. നായത്തോട് സൗത്തില്‍ ഐ എന്‍ ടി യു സി ചുമട്ട് തൊഴിലാളി യൂണിയന്‍ സെക്രട്ടറിയായിരുന്നു 27കാരനായ കിരണ്‍. അടിപിടി കേസുകളിലും മാല മോഷണ കേസിലും പ്രതിയാണ് ഇയാള്‍. മുന്‍പ് ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
കിരണിന്റെ ആക്രമണത്തില്‍ മേരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആദ്യം അങ്കമാലി എല്‍ എഫ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കിരണ്‍ തന്നെയാണ് മേരിയെ ആശുപത്രിയില്‍ എത്തിച്ചത്.
ആക്രമിക്കപ്പെട്ടതാണെന്ന് മനസിലാക്കി ആശുപത്രി ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തിയതോടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ കിരണ്‍ ശ്രമിച്ചെങ്കിലും പൊലീസ് സംഘം ഇയാളെ പിടികൂടി. മദ്യലഹരിയില്‍ ആരംഭിച്ച വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് വിവരം. അക്രമം നടക്കുമ്പോള്‍ ഇവര്‍ രണ്ട് പേര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker