കണ്ണൂര്‍: പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ച രീതിയോട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യക്ക് അതൃപ്തി. പാര്‍ട്ടി സമീപനത്തോടുള്ള ഇഷ്ടക്കേട് പരസ്യമായി പറയുന്നില്ലെങ്കിലും നടപടി ഏകപക്ഷീയമായെന്നാണ് പരാതി. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം തന്നോട് വിശദീകരണം തേടാമായിരുന്നുവെന്ന രീതിയില്‍ ദിവ്യ ചില സി.പി.എം. നേതാക്കളോട് സംസാരിച്ചിട്ടുണ്ട്. തനിക്കെതിരെ കൈക്കൊണ്ട നടപടി ഏകപക്ഷീയവും സംഘടനാ തത്ത്വങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി കണ്‍ട്രോള്‍ കമ്മിഷന് പരാതി നല്‍കാനൊരുങ്ങുകയാണ് ദിവ്യ. കേന്ദ്ര നേതൃത്വത്തെയും സമീപിക്കും. സംഘടനാ നടപടിക്ക് അസാധാരണ രീതിയാണ് സ്വീകരിച്ചതെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ചില നേതാക്കളും പങ്കുവെക്കുന്നുണ്ട്. സംഭവത്തില്‍ പി.പി.ദിവ്യയുടെ വിശദീകരണം കേള്‍ക്കാതെ, അവര്‍ ജയിലില്‍ കഴിയുന്ന സമയത്ത് നടപടി സ്വീകരിച്ചത് പാര്‍ട്ടിരീതിക്ക് നിരക്കാത്തതാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ദിവ്യക്കെതിരായ നടപടി സി.പി.എം. നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ ചൂടേറിയ ചര്‍ച്ചയാണിപ്പോള്‍.
പ്രശ്‌നത്തില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പൊതുവികാരത്തിന് വിരുദ്ധമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ശക്തമായി ഇടപെട്ടാണ് ദിവ്യക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതെന്നാണ് അറിയുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം. ജില്ലാ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചചെയ്തപ്പോള്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉള്‍പ്പെടെയുള്ള മിക്ക അംഗങ്ങളും ദിവ്യക്ക് ജാമ്യം കിട്ടി പുറത്തിറങ്ങി അവരുടെ അഭിപ്രായം കേട്ട് നടപടി സ്വീകരിച്ചാല്‍ മതിയെന്ന അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. ദിവ്യക്കെതിരെ രണ്ടുപേരാണ് കടുത്ത വിമര്‍ശനം ഉയര്‍ത്തിയതും നടപടിയാവശ്യപ്പെട്ടതും. സംസ്ഥാന സെക്രട്ടറി കര്‍ശന നിലപാട് സ്വീകരിക്കാന്‍ സന്ദേശം നല്‍കിയതോടെ ജില്ലാ കമ്മിറ്റി അതിനനുസരിച്ച് നീങ്ങി. ജില്ലാ കമ്മിറ്റിയില്‍നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കിയെന്ന ഔദ്യോഗിക കുറിപ്പ് പരസ്യപ്പെടുത്തുകയും ചെയ്തു.
ശനിയാഴ്ച ചില ദൃശ്യമാധ്യമങ്ങളില്‍ ദിവ്യയുടെ അഭിപ്രായമെന്ന നിലയില്‍ വാര്‍ത്ത വന്നതോടെ വിശദീകരണവുമായി സാമൂഹിക മാധ്യമത്തില്‍ അവര്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ദിവ്യയുടെ എഫ്.ബി. പോസ്റ്റില്‍ പറയുന്നത്
എന്റെ പ്രതികരണമെന്ന നിലയില്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല. അത്തരമൊരു പ്രതികരണം ഞാന്‍ നടത്തിയിട്ടുമില്ല. മാധ്യമങ്ങളോട് പറയാനുള്ളത് ഇന്നലെ (വെള്ളിയാഴ്ച) തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടിയംഗമെന്ന നിലയില്‍ എനിക്ക് പറയാനുള്ളത് പാര്‍ട്ടിവേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചുവന്ന രീതി. അത് തുടരും. എന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി ഞാന്‍ അംഗീകരിക്കുന്നു. വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യര്‍ഥിക്കുന്നു.