പേരൂര്‍ക്കട ദത്തുവിവാദത്തില്‍ പി എസ് ജയചന്ദ്രനെതിരായ പാര്‍ട്ടി നടപടിയില്‍ സന്തോഷമുണ്ടെന്ന് പരാതിക്കാരിയും മകളുമായ അനുപമ. പക്ഷേ ഏരിയ കമ്മിറ്റിയോ ജില്ലാ കമ്മിറ്റിയോ വിഷയം അന്വേഷിക്കുന്നതില്‍ വിശ്വാസമില്ലെന്നും സംസ്ഥാനതലത്തില്‍ ഒരു വനിതാ നേതാവിനെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണമാണ് വേണ്ടതെന്നും അനുപമ ട്വന്റിഫോറിനോട് പറഞ്ഞു.
പി എസ് ജയചന്ദ്രനെ സിപിഐഎം ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും പുറത്താക്കുന്ന നടപടിയാണ് പാര്‍ട്ടി സ്വീകരിച്ചത്. കേശവദാസപുരം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ഒരു മണിക്കൂറോളം നീണ്ട യോഗത്തില്‍ നിലവിലുള്ള സ്ഥാനങ്ങളില്‍ നിന്ന് ആരോപണ വിധേയനായ ജയചന്ദ്രനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പി എസ് ജയചന്ദ്രനും യോഗത്തില്‍ പങ്കെടുത്തു. ഏരിയ തലത്തില്‍ അന്വേഷണ കമ്മിഷന് രൂപീകരിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാനാണ് സിപിഐഎം പേരൂര്‍ക്കട എല്‍സിയുടെ തീരുമാനം. വൈകിട്ട് മൂന്നുമണിക്ക് പേരൂര്‍ക്കട ഏരിയ കമ്മിറ്റി യോഗം ചേരും. ഈ യോഗത്തില്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ വേണോ എന്ന കാര്യവും ലോക്കല്‍ കമ്മിറ്റിയെടുത്ത തീരുമാനം അംഗീകരിക്കുകയും ചെയ്യും. എല്‍സിയില്‍ നിന്ന് പുറത്താക്കിയ ജയചന്ദ്രനെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.