BREAKINGINTERNATIONAL

‘അച്ഛന്റെ ചിതാഭസ്മത്തില്‍ വളര്‍ത്തിയ കഞ്ചാവാണ് വലിക്കുന്നത്, അവസാനത്തെ ആഗ്രഹമായിരുന്നു’; വീഡിയോയുമായി യുവതി

മരിച്ചുപോയ മുന്‍തലമുറയില്‍ പെട്ടവര്‍ക്ക് പലതരത്തിലും ആദരവ് അര്‍പ്പിക്കുന്ന കാഴ്ച നാം കണ്ടിട്ടുണ്ടാവും. എന്നാല്‍, ഒരു അമേരിക്കന്‍ യൂട്യൂബര്‍ ചെയ്ത കാര്യമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. യൂട്യൂബറായ റോസന്ന പാന്‍സിനോ വളരെ അസാധാരണമായ രീതിയിലാണ് മരിച്ചുപോയ പിതാവിന് ആദരവ് അര്‍പ്പിക്കുന്നത്.
‘Rodiculous’ എന്ന തന്റെ പുതിയ പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡില്‍, 39 -കാരിയായ റോസന്ന അച്ഛന്റെ ചിതാഭസ്മം ഇട്ടിരുന്ന പാത്രത്തില്‍ വളര്‍ത്തിയ കഞ്ചാവ് വലിച്ചുകൊണ്ടാണ് പിതാവിനെ ആദരിക്കുന്നത്. ‘സ്‌മോക്കിംഗ് മൈ ഡെഡ് ഡാഡ്’ എന്നാണ് അവള്‍ എപ്പിസോഡിന് പേരിട്ടിരിക്കുന്നത്.
പോഡ്കാസ്റ്റില്‍, റോസന്ന പറയുന്നത്, അച്ഛന്‍ മരിക്കുന്നതിന് മുമ്പ് ഇങ്ങനെയൊരു ആഗ്രഹം തന്റെ അടുത്ത് വെളിപ്പെടുത്തിയിരുന്നു എന്നാണ്. തന്റെ ചിതാഭസ്മത്തില്‍ നിന്നും കഞ്ചാവ് വളര്‍ത്തണം എന്നായിരുന്നത്രെ അച്ഛന്റെ വിചിത്രമായ ആഗ്രഹം. അഞ്ച് വര്‍ഷം മുമ്പാണ് റോസന്നയുടെ അച്ഛന്‍ മരിക്കുന്നത്. റോസന്നയ്ക്ക് യൂട്യൂബില്‍ 14.6 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുണ്ട്. ‘പാപ്പാ പിസ്സ’ എന്നാണ് അവള്‍ തന്റെ അച്ഛനെ വിളിച്ചിരുന്നത്. ആറ് വര്‍ഷത്തോളം ലുക്കീമിയയുടെ പിടിയിലായിരുന്നു അദ്ദേഹം.
ഞായറാഴ്ചത്തെ എപ്പിസോഡില്‍, റോസന്നയുടെ സഹോദരി മോളിയും അമ്മ ജീനും റോസന്നയ്‌ക്കൊപ്പം ചേരുന്നത് കാണാം.
അച്ഛന്‍ മരിക്കുന്നതിന് മുമ്പ് അച്ഛന്റെ ചിതാഭസ്മത്തില്‍ വളര്‍ത്തിയ കഞ്ചാവ് തങ്ങള്‍ വലിക്കണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു. അച്ഛന്‍ അടിപൊളി ആയിരുന്നു, കുറച്ചൊരു വിപ്ലവകാരിയായിരുന്നു എന്നും റോസന്ന പറയുന്നുണ്ട്. അച്ഛന്റെ ആഗ്രഹം എങ്ങനെ പൂര്‍ത്തീകരിക്കും എന്ന് അറിയില്ലായിരുന്നു, മറ്റുള്ളവരെന്ത് പറയുമെന്ന് ചിന്തിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അച്ഛന്റെ ആഗ്രഹം പൂര്‍ത്തിയാക്കി എന്നാണ് അവള്‍ പറയുന്നത്.
അതിനായി, കാലിഫോര്‍ണിയയിലെ കഞ്ചാവ് വളര്‍ത്താന്‍ ലൈസന്‍സുള്ള ഒരാളെ സമീപിച്ചു. അച്ഛന്റെ ചിതാഭസ്മം മണ്ണുമായി കലര്‍ത്തി ആ പാത്രത്തില്‍ കഞ്ചാവ് വളര്‍ത്തി. അതാണ് താന്‍ വലിക്കുന്നത് എന്നും അവള്‍ പറയുന്നു.
നിരവധിപ്പേരാണ് റോസന്നയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ചിലരൊക്കെ അച്ഛന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചതിന് അവളെ അഭിനന്ദിച്ചെങ്കിലും ചിലരെല്ലാം വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button