BREAKING NEWSKERALA

അച്ഛന്റെ സഹോദരന് മറുപടി നല്‍കാന്‍ താനില്ല: ചികിത്സ നിഷേധിക്കുന്നെന്ന പരാതിയില്‍ ചാണ്ടി ഉമ്മന്‍

കോട്ടയം: അച്ഛന് ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തില്‍ അച്ഛന്റെ സഹോദരന്‍ അലക്‌സ് വി ചാണ്ടി നടത്തുന്ന പ്രസ്താവനകള്‍ക്ക് മറുപടി നല്‍കാന്‍ താനില്ലെന്ന് ചാണ്ടി ഉമ്മന്‍. ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്ക് ഉമ്മന്‍ ചാണ്ടി തന്നെ മറുപടി നല്‍കിക്കഴിഞ്ഞു. അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചികിത്സ നിഷേധിക്കുന്നെന്ന പരാതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ പറയുന്നത് ഇങ്ങനെ..

‘എന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളില്‍ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഏറെ ഖേദം ഉണ്ട്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് എന്റെ കുടുംബവും, പാര്‍ട്ടിയും, ചികിത്സയുമായി മുന്നോട്ട് പോകുന്നത്. എന്റെ രോഗവും ചികിത്സയും സംബന്ധിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ ബോധ്യമുണ്ട്.
അതുകൊണ്ട്, ഒരാള്‍ക്കെതിരെയും നടത്താന്‍ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോള്‍ നടക്കുന്ന ദുഷ്പ്രചരണം എനിക്കും കുടുംബാംഗങ്ങള്‍ക്കും വലിയ മാനസിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഞാനിപ്പോഴും കര്‍മ്മമണ്ഡലത്തില്‍ തന്നെ സജീവമായി ഉണ്ട്.
മരുന്ന് കഴിക്കുന്നതിന്റെ ക്ഷീണം എന്റെ ശരീരത്തെ അലട്ടുന്നുണ്ട്. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്.
ലോകത്തിലെ മികച്ച വൈദ്യശാസ്ത്രത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് എന്റെ ചികിത്സ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ഇതിന് പിന്നില്‍ അറിഞ്ഞോ, അറിയാതെയോ ഇടപെട്ടിട്ടുള്ളവര്‍ ഇനിയെങ്കിലും ഇത്തരം പ്രചരണങ്ങളില്‍ നിന്നും പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’
ഇന്നലെയാണ് ഉമ്മന്‍ ചാണ്ടിയുടെ സഹോദരന്‍ അലക്‌സ് വി ചാണ്ടി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്നാണ് പരാതിയില്‍ പറഞ്ഞത്. പരാതി നല്‍കിയ ശേഷം പിന്‍വലിപ്പിക്കാന്‍ പലരെ കൊണ്ടും തനിക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അലക്‌സ് വി ചാണ്ടി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നത്. ഇളയ മകള്‍ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker